ശിവശങ്കറിന് ജാമ്യം നൽകരുതെന്ന് കസ്റ്റംസ്; സ്വപ്നയും സരിതും വീണ്ടും കസ്റ്റഡിയിൽ
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം നൽകരുതെന്ന് കസ്റ്റംസ്. കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ കൃത്യമായി മറുപടി നൽകാതെ അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. ശിവശങ്കറിന് സ്വർണക്കടത്തിലും അതുമായി ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളിലുമുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് ബോധിപ്പിച്ചു.
തനിക്ക് രണ്ടിലേറെ ഫോണുള്ള കാര്യം ശിവശങ്കർ പലതവണ നിഷേധിച്ചു. എന്നാൽ, ഇദ്ദേഹത്തിെൻറ രണ്ട് ഫോണുകൾ കൂടി ഭാര്യ കൈമാറിയിട്ടുണ്ട്. പ്രധാന പ്രതികളുമായുള്ള ബന്ധത്തിെൻറ അടിസ്ഥാനത്തിൽ ശിവശങ്കർ പലതവണ വിദേശ യാത്ര നടത്തുകയും വിദേശത്തുള്ള പലരുമായും ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമാണ്.
ഉന്നത സ്ഥാനം വഹിച്ചയാളെന്ന നിലയിൽ കുറ്റകൃത്യത്തിലുള്ള പങ്ക് പൂർണമായി അന്വേഷിച്ച ശേഷമാണ്പ്രതിചേർത്തതെന്നും ഇക്കാര്യത്തിൽ ഒരുവിധ തിടുക്കവും കാണിച്ചിട്ടില്ലെന്നും എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ (സാമ്പത്തിക കുറ്റകൃത്യങ്ങൾ) കോടതിയിൽ കസ്റ്റംസ് പറഞ്ഞു. തെളിവുകൾ കിട്ടിയശേഷം നേരത്തേതന്നെ ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതാണ്. എന്നാൽ, അന്ന് അസുഖം അഭിനയിച്ച് ഭാര്യ ഡോക്ടറായ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ജാമ്യത്തിൽ വിട്ടാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. അന്വേഷണം നിർണായക ഘട്ടത്തിലാണ്.
ഉന്നത സ്വാധീന ശക്തിയുള്ള ശിവശങ്കറിന് ഇൗ ഘട്ടത്തിൽ ജാമ്യം നൽകിയാൽ തുടരന്വേഷണത്തിന് തടസ്സമായേക്കാമെന്നും കസ്റ്റംസ് ബോധിപ്പിച്ചു. കസ്റ്റംസിെൻറ കസ്റ്റഡിയിലാണ് ശിവശങ്കർ. കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം കോടതി വിശദ വാദം കേട്ട് ഹരജിയിൽ വിധി പറയും.
അതിനിടെ, സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിെൻറയും സരിത്തിെൻറയും രഹസ്യ മൊഴി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) വ്യാഴാഴ്ചയും രേഖപ്പെടുത്തി. ഇരുവരെയും ഈമാസം എട്ട് വരെ വീണ്ടും കസ്റ്റംസിെൻറ കസ്റ്റഡിയിൽ വിട്ടു. ശിവശങ്കറിനൊപ്പം ഇരുവരെയും ചോദ്യം ചെയ്യാൻ അവസരം ലഭിച്ചില്ലെന്ന് കാട്ടി കസ്റ്റംസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.