യാത്രക്കാരൻ മറന്നുവെച്ച മാല മോഷ്ടിച്ചു; കരിപ്പൂരിൽ കസ്റ്റംസ് ഹവിൽദാർ പിടിയിൽ
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനക്ക് ശേഷം മറന്നുവെച്ച മാല മോഷ്ടിച്ച സംഭവത്തിൽ കസ്റ്റംസ് ഹവിൽദാർ പിടിയിൽ. കരിപ്പൂരിൽ ഒരുവർഷമായി ജോലിചെയ്യുന്ന ആലുവ പാനായിക്കുളം സ്വദേശി അബ്ദുൽ കരീമിനെയാണ് (51) യാത്രക്കാരെൻറ പരാതിയെ തുടർന്ന് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 25 ഗ്രാമിെൻറ സ്വർണമാലയാണ് മോഷണം പോയത്. ഹവിൽദാറെ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
കോഴിക്കോട് കക്കട്ടിൽ സ്വദേശിയായ കുഞ്ഞിരാമൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. അദ്ദേഹവും ഭാര്യയും കഴിഞ്ഞ മേയ് 19ന് ദുബൈയിലുള്ള മകളെ കണ്ട് കരിപ്പൂർ വഴി മടങ്ങുന്നതിനിടെയാണ് സംഭവം. വിമാനം ഇറങ്ങി കസ്റ്റംസ് ഹാളിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് പ്രകാരം ഇദ്ദേഹം പരിശോധനക്കായി സ്വർണമാലയും പഴ്സും കൈയിലുണ്ടായിരുന്ന ബാഗും നൽകിയിരുന്നു. അതിനുശേഷം ഇദ്ദേഹം എക്സ്റേ മെഷീെൻറ എതിർവശത്ത് എത്തുകയും പരിശോധന പൂർത്തിയായി വന്ന ട്രേയിൽനിന്ന് പഴ്സും ബാഗും തിരിച്ചെടുക്കുകയും ചെയ്തു.
സ്വർണമാല ഭാര്യ എടുത്തിട്ടുണ്ടെന്ന നിഗമനത്തിൽ വിമാനത്താവളത്തിന് പുറത്തേക്ക് പോന്നു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടമായ വിവരം അറിയുന്നത്. അടുത്ത ദിവസം കരിപ്പൂരിലെത്തി എയർപോർട്ട് മാനേജറെ വിവരം അറിയിക്കുകയും തുടർന്ന് കസ്റ്റംസ് വിഭാഗത്തിലെത്തി അന്വേഷിക്കുകയും ചെയ്തു. കണ്ടുകിട്ടുന്ന സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലോസ്റ്റ് ആൻഡ് ഫൗണ്ട് രജിസ്റ്റർ ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും മാല കണ്ടെത്താനായില്ല. തുടർന്ന്, ഇദ്ദേഹം കരിപ്പൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് എയർപോർട്ട് ഡയറക്ടർക്ക് കത്ത് നൽകി. സി.സി.ടി.വി പരിശോധനയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥൻ മാല മോഷ്ടിക്കുന്നത് വ്യക്തമായത്. തുടർന്ന് കരിപ്പൂർ എസ്.െഎ കെ.ബി. ഹരികൃഷ്ണൻ, എ.എസ്.െഎമാരായ ദേവദാസ്, അലവിക്കുട്ടി, ബാലകൃഷ്ണൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.