സ്വപ്നയുടെ മൊഴി ചോർത്തിയതാര്? കസ്റ്റംസ് അന്വേഷണം ധനമന്ത്രിയുടെ സ്റ്റാഫിലേക്കും
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന നായർ, ജനം ടി.വി കോഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെക്കുറിച്ച് പറഞ്ഞ മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ധനമന്ത്രി തോമസ് ഐസകിൻെറ പഴ്സനൽ സ്റ്റാഫിൽ ഒരാളുടെ മൊഴി രേഖപ്പെടുത്തി. സോഷ്യൽ മീഡിയ വഴി ലഭിച്ച മൊഴിപ്പകർപ്പ് മാധ്യമങ്ങളുമായി പങ്കുവെച്ചതായി ഇദ്ദേഹം അറിയിച്ചതായാണ് സൂചന.
കസ്റ്റംസിനുള്ളിലെ ചില ഉദ്യോഗസ്ഥരാണ് മൊഴിപുറത്തുവിട്ടതെന്നാണ് നിഗമനം. അതിനാൽ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 33 പേജുള്ള മൊഴിയിൽ അനിൽ നമ്പ്യാരെ കുറിച്ചുള്ള മൂന്ന് പേജ് മാത്രമാണ് പുറത്ത് വന്നിരുന്നത്. അനിലിനെ കസ്റ്റംസ് ചോദ്യംചെയ്യാൻ വിളിപ്പിച്ച ഉടൻ ആയിരുന്നു ഇത്.
സ്വർണം വന്നത് നയതന്ത്ര ബാഗേജിൽ അല്ലെന്നും വ്യക്തിക്ക് വന്ന പാർസലാണെന്നും യു.എ.ഇ കോൺസൽ ജനറലിനെക്കൊണ്ട് കത്ത് കൊടുപ്പിക്കാൻ അനിൽ നമ്പ്യാർ നിർദേശിച്ചെന്നാണ് സ്വപ്ന നൽകിയ മൊഴിയിലുള്ളത്. ബി.ജെ.പിക്ക് യു.എ.ഇ കോൺസുലേറ്റിെൻറ സഹായം നമ്പ്യാർ ആവശ്യപ്പെട്ടതായും സ്വപ്നയുടെ മൊഴിയിലുണ്ട്.
കസ്റ്റംസ് സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിച്ച മൊഴിയിൽനിന്ന് ഇക്കാര്യങ്ങൾ മാത്രം എങ്ങനെ പുറത്തുവന്നെന്നതാണ് സംശയം ജനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.