ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യാനുള്ള തീരുമാനം മാറ്റി കസ്റ്റംസ്
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷണ ഭാഗമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം തൽക്കാലത്തേക്ക് മാറ്റിവെച്ച് കസ്റ്റംസ്. വെള്ളി, ശനി ദിവസങ്ങളിൽ 23 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹത്തിൽനിന്നും സ്വപ്നയിൽനിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവ് ശേഖരിക്കാൻ വേണ്ടി ദിവസം മാറ്റിയെന്നാണ് വിവരം. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തുടർനടപടിയിലേക്ക് നീങ്ങാൻ കഴിയുകയുള്ളൂ. ചോദ്യം ചെയ്യൽ ദിവസത്തിൽ മാറ്റമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹരജി വിധി പറയാൻ മാറ്റി
കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതിയായ താൻ കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി.
കസ്റ്റംസ് ആക്ട് 108 പ്രകാരം ശേഖരിച്ച മൊഴി മുദ്രവെച്ച കവറിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ചെങ്കിലും പകർപ്പ് തനിക്ക് നൽകിയിട്ടില്ലെന്നും കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ആവശ്യമുള്ളതിനാൽ അനുവദിക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
കീഴ്കോടതിയിൽ നൽകിയ അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. അതേസമയം, ഉന്നതസ്വാധീനമുള്ള മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് മൊഴിപ്പകർപ്പ് നൽകുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്താനിടയാക്കുമെന്ന് കസ്റ്റംസ് വിശദീകരണ പത്രിക നൽകി.
അഞ്ച് പ്രതികളെ കസ്റ്റഡിയിൽ വിട്ടു
കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ അഞ്ച് പ്രതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു.
പി.ടി. അബ്ദു, മുഹമ്മദലി, കെ.ടി. ഷറഫുദ്ദീന്, മുഹമ്മദ് ഷഫീഖ്, അംജദ് അലി എന്നിവരെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ബുധനാഴ്ചവരെ കസ്റ്റഡിയിൽ വിട്ടത്. ഇവരടക്കം 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നതും അന്നേക്ക് മാറ്റി. പ്രധാന പ്രതി സ്വപ്ന സുരേഷിെൻറ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനും മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.