അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്റ്റംസ്
text_fieldsകൊച്ചി: കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്റ്റംസ്. ഇയാളുടെ ജാമ്യാപേക്ഷയെ എതിർത്ത് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തേ അറസ്റ്റിലായ മുഹമ്മദ് ഷഫീഖ്, അജ്മൽ എന്നിവരെ ചോദ്യം ചെയ്തതിൽനിന്നും അർജുെൻറ ഭാര്യ അമല, കള്ളക്കടത്തിന് ഉപയോഗിച്ചിരുന്ന കാറിെൻറ ഉടമ സജേഷ് എന്നിവരുടെ മൊഴികളിൽനിന്നും പ്രതിക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവ് കിട്ടിയെന്നാണ് കസ്റ്റംസിെൻറ ആരോപണം.
കാസർകോട് ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്ത സ്വിഫ്റ്റ് കാറിെൻറ ഉടമ വികാസിനെയും ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴിയിൽ വാഹനം പണയത്തിന് നൽകാൻ അർജുൻ രണ്ട് ലക്ഷം നൽകിയതായി സമ്മതിച്ചിട്ടുണ്ട്. സ്ഥിരം ജോലിയോ വരുമാനമോ ഇല്ലെന്നാണ് അർജുനെ ചോദ്യം ചെയ്തതിൽനിന്ന് വ്യക്തമായത്. വാഹനം ഉയർന്ന തുകക്ക് പണയത്തിനെടുക്കുന്നത് സ്വർണക്കടത്തിനും സ്വർണം തട്ടിയെടുക്കലടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനത്തിനുമാണ്. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്യും.
മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ പ്രതികളെ ചോദ്യം ചെയ്യാൻ അപേക്ഷ നൽകിയിട്ടുണ്ട്. 17 പ്രതികളിൽനിന്നുള്ള മൊഴിയെടുക്കൽ ഈമാസം ഒമ്പതിനേ പൂർത്തിയാവൂ. ഈ ചോദ്യം ചെയ്യൽ കഴിയുേമ്പാൾ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടിവരുമെന്നും കസ്റ്റംസ് ബോധിപ്പിച്ചു. ഇരുഭാഗം വാദവും കേട്ട കോടതി ഹരജി വിധി പറയാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.