സ്വപ്നക്ക് ഇപ്പോഴും ജയിലിൽ ഭീഷണിയുള്ളതായി കസ്റ്റംസ്
text_fieldsകൊച്ചി: സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ഇപ്പോഴും ജയിലിൽ ഭീഷണിയും ഉപദ്രവവും നേരിടേണ്ടിവരുന്നുണ്ടെന്ന് സംശയിക്കുന്നതായി കസ്റ്റംസ്. ഉന്നതരുടെ പേര് രഹസ്യ മൊഴിയായി നൽകിയശേഷം ജയിലിൽ ഭീഷണിയുണ്ടെന്ന പരാതിയിലാണ് സ്വപ്നക്ക് സുരക്ഷ ഉറപ്പാക്കാൻ എറണാകുളം അഡീ. സി.ജെ.എം കോടതി 2020 ഡിസംബർ എട്ടിന് ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെയാണ് ജയിൽ അധികൃതരുടെ ഹരജി. സ്വപ്നക്ക് സംരക്ഷണം നൽകണമെന്ന ഉത്തരവിനെയല്ല, കോടതി പരാമർശങ്ങളെയാണ് ചോദ്യം ചെയ്യുന്നതെന്നാണ് ഹരജിക്കാരുടെ വാദം. എന്നാൽ, ഈ നീക്കം ലജ്ജാകരമാണെന്ന് ഹൈകോടതിയിൽ കസ്റ്റംസ് നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു.
തനിക്ക് ഭീഷണിയുണ്ടെന്നും കണ്ടാലറിയാവുന്ന ചിലർ ഭീഷണിപ്പെടുത്തിയെന്നും ഡിസംബറിൽ എറണാകുളം അഡീ. സി.ജെ.എം കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വപ്ന പരാതിപ്പെട്ടിരുന്നു. തുടർന്നാണ് മതിയായ സുരക്ഷ നൽകാൻ ഡിസംബർ എട്ടിന് കോടതി ഉത്തരവിട്ടത്. പിന്നാലെ അട്ടക്കുളങ്ങര വനിത ജയിലിൽ മതിയായ സുരക്ഷയുണ്ടെന്നും ജയിൽ അധികൃതരുടെ വിശദീകരണം തേടാതെയാണ് സ്വപ്നയുടെ പരാതിയിൽ ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടി ജയിൽ ഡി.ജി.പി നൽകിയ ഹരജിയിൽ ഡിസംബർ 16ന് സിംഗിൾ ബെഞ്ച് എതിർ കക്ഷികളോട് വിശദീകരണം തേടി. ഹരജി ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാൻ മാറ്റിയെങ്കിലും ഇതുവരെ പരിഗണനക്ക് വന്നിരുന്നില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രിക്കെതിരായ ആരോപണമുൾപ്പെടുത്തി ഹരജിയിൽ കസ്റ്റംസ് വിശദീകരണം നൽകിയിരിക്കുന്നത്.
സർക്കാറിലെ ഉന്നതരുടെ പങ്കിനെക്കുറിച്ച് 2020 നവംബർ 25ലെ ചോദ്യം ചെയ്യലിൽ സ്വപ്ന നിർണായക വിവരങ്ങൾ നൽകിയിരുന്നുവെന്ന് ഇതിൽ പറയുന്നു. ഇവരുടെ പേര് പുറത്തു പറയാതിരിക്കാൻ ഭീഷണിയുണ്ടെന്ന് അറിയിച്ചതോടെ കോഫെപോസ അധികൃതർക്ക് നിവേദനം നൽകാൻ സ്വപ്‌നക്ക് സൗകര്യമൊരുക്കി നൽകി. മക്കളോട് സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും ജയിലിൽ ഭീഷണിയും ഉപദ്രവവും നേരിടേണ്ടി വരുന്നെന്നും ചൂണ്ടിക്കാട്ടി നിവേദനം നൽകി. ഉന്നതർക്കെതിരെ മൊഴി നൽകിയെന്നറിഞ്ഞതോടെ ജയിലിൽ സ്വപ്നയെ കാണാനോ സംസാരിക്കാനോ കസ്റ്റംസിന് അനുമതി നൽകിയില്ല. അപേക്ഷ നൽകിയെങ്കിലും കൂടിക്കാഴ്ച അനുവദിക്കേണ്ടെന്ന് ഡി.ജി.പിയുടെ നിർദേശമുണ്ടെന്നായിരുന്നു ജയിലധികൃതരുടെ മറുപടി.
കോഫെപോസ തടവുകാരെ ജയിലിൽ കാണാൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ അനുവദിക്കുന്നില്ല. ഈ നടപടി സംശയകരമാണ്. തടവുകാരെ മർദിക്കുന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ജയിലുകളിലുണ്ട്. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർക്ക് മർദനമേറ്റ സംഭവം ഹൈകോടതിയുെട പരിഗണനയിലുണ്ട്. ജയിലിലെ മെഡിക്കൽ ഒാഫിസർ ഇവരുടെ പരിക്കുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് ചിലർ സസ്പെൻഷനിലുമായി. ജീവൻ അപായത്തിലാകാനുള്ള സാധ്യതയുള്ളതിനാൽ സ്വപ്ന പൊലീസ് സംരക്ഷണം തേടിയതിനെ തെറ്റു പറയാനാകില്ല. അവരുടെ ആശങ്കക്ക് അടിസ്ഥാനമുണ്ട്. അതിനനുസൃതമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായത്്. തെറ്റായ നിരീക്ഷണങ്ങളൊന്നും കോടതിയിൽനിന്ന് ഉണ്ടായിട്ടില്ല. അതിനാൽ ജയിൽ ഡി.ജി.പിയുടെ ഹരജിയിൽ കഴമ്പില്ലെന്നും തള്ളണമെന്നും കസ്റ്റംസ് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.