രണ്ടാഴ്ചക്കിടെ കസ്റ്റംസ് പിടിച്ചത് 11 കോടിയുടെ സ്വർണം
text_fieldsകൊച്ചി: ഡിസംബറിലെ ആദ്യ രണ്ടാഴ്ചക്കിടെ സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽനിന്നായി കസ്റ്റംസ് പിടികൂടിയത് 11 കോടിയോളം വില വരുന്ന 17 കിലോ സ്വർണം.
നിയമവിരുദ്ധമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ഇതോടൊപ്പം 19 ഐ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇക്കാലയളവിൽ 25ഓളം കള്ളക്കടത്ത് ശ്രമം തടഞ്ഞ് 11 പേരെ അറസ്റ്റ് ചെയ്തു. ഡ്രൈ ഫ്രൂട്ട്സ്, ഫേസ് ക്രീം, പാദരക്ഷകൾ, വാക്വം ക്ലീനർ തുടങ്ങിയ സാധനങ്ങളിൽ ഒളിപ്പിച്ചാണ് അസംസ്കൃത സ്വർണം കടത്താൻ ശ്രമിച്ചത്. മലദ്വാരത്തിൽ സ്വർണ ഗുളികകൾ ഒളിപ്പിക്കുന്ന രീതിയും കള്ളക്കടത്തിൽ പൊതുവായി കണ്ടുവരുന്നു. രണ്ട് കേസുകളിൽ, സ്വർണ ലായനിയിൽ വിദഗ്ധമായി മുക്കിെവച്ച വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും കസ്റ്റംസ് പിടികൂടി. മറ്റൊരു കേസിൽ വിമാനത്തിലെ പ്രത്യേക സ്ഥലത്ത് ഒളിപ്പിച്ച നിലയിലും സ്വർണം കണ്ടെത്തി. കള്ളക്കടത്തിന് സഹായം ചെയ്തവരടക്കമുള്ളവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
പണം ആവശ്യമുള്ള കള്ളക്കടത്തുകാർ പലപ്പോഴും സാധാരണക്കാരെ തങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വാഹകരായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് കസ്റ്റംസ് നിയമപ്രകാരം കനത്ത പിഴ ചുമത്താറുണ്ട്. ഇത്തരം ചതിക്കെണികൾക്കെതിരെ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.
വിമാനത്താവളങ്ങളിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂനിറ്റുകളെയോ അടുത്തുള്ള കസ്റ്റംസ് കമീഷണറേറ്റിലെ പ്രിവന്റിവ് യൂനിറ്റുകളെയോ വിവരം അറിയിക്കാം. ഇവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുകയും ആകർഷകമായ പാരിതോഷികം നൽകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.