സ്വർണക്കടത്തിൽ കസ്റ്റംസ് സൂപ്രണ്ടിനെ കുടുക്കിയതോ? സി.ബി.ഐ അന്വേഷണത്തിൽ തെളിവുകൾ പുറത്ത്
text_fieldsതിരുവനന്തപുരം: വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്തിയ കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അറസ്റ്റ് ചെയ്ത കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണനെ കുടുക്കിയതാണെന്ന സംശയം ജനിപ്പിക്കുന്ന തെളിവുകൾ സി.ബി.ഐ അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായ രാധാകൃഷ്ണൻ 13 മാസം ജയിൽവാസം അനുഷ്ഠിക്കുകയും സർവിസിൽനിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ, കസ്റ്റംസ് സൂപ്രണ്ടിനെതിരെ ഉന്നയിക്കപ്പെട്ട ആക്ഷേപം ശരിയല്ലെന്നാണ് സി.ബി.ഐ കണ്ടെത്തൽ.
2019 മേയ് 13 നാണ് കേസിനാസ്പദമായ സംഭവം. ഒമാനിൽനിന്നെത്തിയ സറീന ഷാജി, സുനിൽകുമാർ എന്നിവരെയാണ് 25 കിലോ സ്വർണവുമായി ഡി.ആർ.ഐ അറസ്റ്റ് ചെയ്തത്.ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണനെ പിന്നീട് ഡി.ആർ.ഐ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണം കടത്തിക്കൊണ്ടുവന്ന ഹാൻഡ് ബാഗ് എക്സ്റേ മെഷീൻ വഴി രാധാകൃഷ്ണൻ പരിശോധിച്ചെങ്കിലും പിടികൂടാതെ പ്രതികളെ കടത്തിവിട്ടെന്നാണ് ഡി.ആർ.ഐയുടെ വാദം.
എന്നാൽ, ഡി.ആർ.ഐയിലെ സീനിയർ ഇന്റലിജൻസ് ഓഫിസർ ആർ. ബാലവിനായകിന്റെയും രജനീഷ് എന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും മൊഴികളും സി.സി ടി.വി ദൃശ്യങ്ങളും ഈ വാദം ഖണ്ഡിക്കുകയാണ്.പ്രതികൾ കസ്റ്റംസ് ഏരിയയിലേക്ക് എത്തുന്നതിന് മുമ്പുതന്നെ എയ്റോ ബ്രിഡ്ജിൽവെച്ച് പ്രതികളെ ഡി.ആർ.ഐ പിടികൂടുകയായിരുന്നെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്.
രാധാകൃഷ്ണൻ എക്സ്റേ യന്ത്രം വഴി പ്രതികളുടെ ഹാൻഡ് ബാഗ് കടത്തിവിട്ടിട്ടില്ലെന്ന് ബാലവിനായക് സി.ബി.ഐക്ക് നൽകിയ മൊഴിയിൽ പറയുന്നു. രാധാകൃഷ്ണനെ ഡി.ആർ.ഐക്ക് സംശയമുണ്ടായിരുന്നതിനാലാണ് കടത്തിവിടാതിരുന്നത്. സി.സി ടി.വി ദൃശ്യങ്ങളിലും ഇക്കാര്യം വ്യക്തമാണ്. കോടതിയിൽ സി.ബി.ഐ ഈ ദൃശ്യങ്ങൾ ഹാജരാക്കിയിട്ടുണ്ട്.
രാധാകൃഷ്ണൻ പ്രതികളുടെ ഹാൻഡ് ബാഗ് പരിശോധിച്ചിട്ടില്ലെന്ന് സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന രജനീഷും 164 പ്രകാരം കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്.കരുതിക്കൂട്ടി രാധാകൃഷ്ണനെ ഡി.ആർ.ഐ ഉദ്യോഗസ്ഥർ പ്രതി ചേർക്കുകയായിരുന്നെന്ന നിലയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുകളിലെ പ്രചാരണം. പുതിയ തെളിവുകൾ കേസെടുത്ത ഡി.ആർ.ഐ ഉദ്യോഗസ്ഥരെ പ്രതിരോധത്തിലാക്കുകയാണ്. ഇന്റലിജൻസ് ബ്യൂറോയും സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.