മന്ത്രി ജലീലിന്റെ ഭാവി കസ്റ്റംസിന്റെ കൈയിൽ
text_fieldsതിരുവനന്തപുരം: എൻ.െഎ.എ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി. ജലീലിെൻറ ഭാവി കസ്റ്റംസ് തീരുമാനിക്കും. സ്വപ്നയും സംഘവും ഉൾപ്പെട്ട സ്വർണക്കടത്തിലെ സാക്ഷിയെന്ന നിലയിൽ എൻ.െഎ.എ ഇപ്പോൾ പരിഗണിക്കുന്ന ജലീൽ പ്രതിയായി മാറുമോയെന്ന ആശങ്ക ശക്തിപ്പെടുകയാണ്.
മന്ത്രിയുടെ നിർദേശപ്രകാരം സർക്കാർ വാഹനങ്ങളിൽ കൊണ്ടുപോയ വസ്തുക്കളിൽ നികുതിവെട്ടിച്ച് കടത്തിയ സാധനങ്ങൾ ഉെണ്ടന്ന് കണ്ടെത്തിയാൽ ജലീൽ കസ്റ്റംസ് കേസിൽ പ്രതിസ്ഥാനത്തെത്തും. ഇതോടെ ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജലീലിനെതിരെ എൻ.െഎ.എ നടപടിയെടുക്കാനും സാധ്യതയേറും.
ദേശീയ ഏജൻസികൾ അന്വേഷണം കടുപ്പിച്ചതോടെ കസ്റ്റംസും പഴുതടച്ച നടപടികളിലാണ്. പ്രോേട്ടാകോൾ ലംഘനവുമായി ബന്ധപ്പെട്ടാണ് എൻ.െഎ.എ ചോദ്യം ചെയ്തതെന്നാണ് ജലീലിനെ അനുകൂലിക്കുന്നവർ പ്രചരിപ്പിക്കുന്നത്. എന്നാൽ, പ്രോേട്ടാകോൾ ലംഘനം അന്വേഷിക്കുന്ന ഏജൻസിയല്ല എൻ.െഎ.എ. യു.എ.പി.എ നിയമം 16,17,18 വകുപ്പുകൾ അനുസരിച്ച കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുള്ള കാര്യങ്ങൾ പറയണമെന്നാണ് എൻ.െഎ.എ മന്ത്രിയോട് ആവശ്യപ്പെട്ടത്.
ഭീകരപ്രവർത്തനം, ഭീകരപ്രവർത്തനത്തിന് ഫണ്ട് കണ്ടെത്തൽ, ഗൂഢാലോചന എന്നിവയാണ് ഇൗ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ. പ്രതികൾ വൻതോതിൽ സ്വർണം കടത്തിയ അവസരത്തിൽ അവരുമായി ബന്ധപ്പെട്ടയാളാണ് ജലീൽ. വാട്സ്ആപ് സന്ദേശങ്ങൾ വഴി പ്രതികളുമായി അടുത്ത ബന്ധമാണ് മന്ത്രിക്കുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഖുർആൻ വിതരണവും മറ്റും പേഴ്സണൽ സ്റ്റാഫിന് കൈകാര്യം ചെയ്യാമെന്നിരിക്കെ മന്ത്രിയുടെ അമിത ഇടപെടൽ സംശയാസ്പദമാണെന്നാണ് അന്വേഷണസംഘത്തിെൻറ വിലയിരുത്തൽ.
മന്ത്രിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ സ്വപ്നയടക്കം പ്രതികളെ എൻ.െഎ.എ വീണ്ടും ചോദ്യം ചെയ്യുകയാണ്. ജലീലിന് പങ്കുണ്ടെന്ന് ആരെങ്കിലും മൊഴി നൽകിയാൽ ജലീലിനെയും പ്രതി ചേർക്കാം. സി ആപ്റ്റ് അധികൃതരിൽനിന്ന് ആവർത്തിച്ച് മൊഴിയെടുത്തിട്ടുണ്ട്. മാധ്യമങ്ങളുടെ കണ്ണിൽപെടാതെ മൊഴി നൽകാൻ പോകുകയും ചാനലുകൾ അടക്കമുള്ളവയെ ആക്ഷേപിക്കുകയും ചെയ്ത ജലീൽ പിന്നീട് നിരവധി ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് കേസിനെക്കുറിച്ച് വിശദമായി സംസാരിച്ചത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് നിയമവിദഗ്ധർ പറയുന്നു. മന്ത്രി നൽകിയ മൊഴികൾക്കനുസരിച്ച് നിലപാടെടുക്കാൻ പ്രതികൾക്ക് അവസരം കിട്ടുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യും
മതഗ്രന്ഥങ്ങൾ ഏറ്റുവാങ്ങി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യും. പേഴ്സനൽ സ്റ്റാഫിെനയും ചോദ്യം ചെയ്യുമെന്നാണ് വിവരം. മതഗ്രന്ഥങ്ങളിൽ കുറച്ച് മന്ത്രി കെ.ടി. ജലീൽ ഏറ്റുവാങ്ങി വിതരണം ചെയ്തെന്ന് കണ്ടെത്തിയിട്ടുണ്ട്. നികുതി അടക്കാതെയാണ് മതഗ്രന്ഥങ്ങൾ വിട്ടത്. നയതന്ത്ര പാർസൽ ആനുകൂല്യം ഉപയോഗിച്ചാണ് നികുതിയിളവ് ലഭിച്ചതെന്നാണ് വിലയിരുത്തൽ. ഇതിൽ കസ്റ്റംസ് ചട്ടം, വിദേശകാര്യനയം എന്നിവ ലംഘിച്ചെന്നാണ് വിലയിരുത്തൽ. എൻഫോഴ്സ്മെൻറ് (ഇ.ഡി), ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) എന്നിവ ജലീലിനെ നേരത്തേ ചോദ്യം ചെയ്തിരുന്നു. എന്നാൽ കസ്റ്റംസ് ചോദ്യം ചെയ്തിട്ടില്ല.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.