കപ്പിൽ മുത്തമിടുമ്പോൾ, മലയാളിയുടെ മനസായി പുള്ളാവൂർ പുഴയിൽ തലയെടുപ്പോടെ മെസ്സി കട്ടൗട്ട്
text_fieldsലോകകപ്പ് തുടങ്ങും മുമ്പേ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചയായ വിഷയമായിരുന്നു കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ. പുഴയുടെ നടുവിൽ അർജന്റീനൻ സൂപ്പർ സ്റ്റാർ ലിയോണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നു. മലയാളിയുടെ ഫുട്ബോൾ ആവേശം ഇത്തവണ പ്രധാനമായും ലോകമറിഞ്ഞത് കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടിലൂടെയാണ്. അർജന്റീനയുടെ ആരാധകർ പുഴക്ക് നടുവിൽ സ്ഥാപിച്ച മെസി കട്ടൗട്ട് മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണിത് ചർച്ചയായത്. ലോകകപ്പിൽ മെസ്സി മുത്തമിടുമ്പോഴും പുള്ളാവൂർ പുഴയിൽ മെസ്സി നിറഞ്ഞു നിൽക്കുന്നു.
ലോകകപ്പ് തുടങ്ങും മുമ്പേ അന്താരാഷ്ട്ര മാധ്യമങ്ങളിലുൾപ്പെടെ പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ ചർച്ചയായി. മെസ്സിയുടെ കട്ടൗട്ടിനെക്കുറിച്ച് വാർത്ത വന്നതിന് തൊട്ടുപിന്നാലെ മെസ്സിയുടെ കട്ടൗട്ടിനേക്കാൾ ഉയരത്തിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ കട്ടൗട്ടും ഉയർന്നു. രാത്രിയും കാണാൻ ലൈറ്റ് സംവിധാനങ്ങൾ അടക്കം സജ്ജീകരിച്ചാണ് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്. ഇതിന് പിന്നാലെയായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ടും സ്ഥാപിച്ചത്.
പുഴയിൽ കട്ടൗട്ടുകൾ സ്ഥാപിച്ച് ആരാധകർ കളികമ്പം പ്രകടമാക്കിയതോടെ മാധ്യമവാർത്തകർക്കൊപ്പം ഏറെപ്പേർ കാഴ്ചക്കാരായെത്തി. ഇതിനിടെ, കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് പെരുമന പഞ്ചായത്തിൽ പരാതി ലഭിച്ചു. ഇതോടെ, കട്ടൗട്ടുകൾ എടുത്തുമാറ്റുമെന്ന് പ്രചാരണമുണ്ടായി അങ്ങനെ ചെയ്യില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ലോകകപ്പ് പുരോഗമിക്കെ ക്രൊയേഷ്യയക്കെതിരെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ തോറ്റ് പുറത്തായതോടെ നെയ്മറുടെ കട്ടൗട്ടിന്റെ പ്രസക്തി നഷ്ടപ്പെട്ടു. പോർച്ചുഗൽ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് പുറത്തായതോടെ റൊണാൾഡോയുടെ കട്ടൗട്ടിനും പ്രസക്തിയില്ലാതായി. ഒടുവിൽ തുടക്കം മുതൽ പുള്ളാവൂർ പുഴയിൽ നിലയുറപ്പിച്ച മെസ്സി മലായളി ആരാധകരുടെ മനസായി നിലകൊള്ളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.