ബാലികാമന്ദിരത്തിലെ അനുഭവം സംബന്ധിച്ച് പെൺകുട്ടികൾ നൽകിയ മൊഴിയിൽ അന്വേഷണം ഉറപ്പെന്ന് ബാലാവകാശ കമീഷൻ
text_fieldsകോഴിക്കോട്: ബാലികാമന്ദിരത്തിലെ അനുഭവങ്ങൾ ജീവിതം തകർക്കുന്നതാണെന്ന് തുറന്നു പറഞ്ഞിട്ടും അധികൃതർ ഗൗനിക്കുന്നില്ലെന്ന ആക്ഷേപത്തിനുമേൽ അന്വേഷണം ഉറപ്പാണെന്ന് ബാലാവകാശ കമീഷൻ അംഗം ബബിത ബൽരാജ് പറഞ്ഞു . ബംഗളൂരുവിലേക്ക് കടന്നുകളഞ്ഞ് പിന്നീട് പിടിയിലായ ആറു പെൺകുട്ടികളും ഒന്നടങ്കം വെള്ളിമാടുകുന്നിലെ ബാലികാമന്ദിരത്തിലെ മോശപ്പെട്ട ജീവിതാനുഭവങ്ങൾ അധികൃതർക്കു മുന്നിൽ തുറന്നുപറഞ്ഞിരുന്നു.
ബംഗളൂരുവിൽനിന്ന് മടങ്ങവെ എടക്കരയിൽനിന്ന് പിടികൂടി ചേവായൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച നാലു പെൺകുട്ടികളും ബാലികാമന്ദിരത്തിൽ തുടർന്നാൽ തങ്ങളുടെ ഭാവി തെന്ന ഇരുളടയുമെന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇത് കുട്ടികൾ തൽക്കാലം രക്ഷപ്പെടാനുള്ള അടവുകളായാണ് അധികൃതർ പറയുന്നത്.
കുട്ടികൾ ഉയർത്തിയ പരാതികൾ ഗൗരവമായിത്തന്നെയാണ് കാണുന്നതെന്നും റിപ്പോർട്ട് പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നും എല്ലാ കാര്യങ്ങളും വെളിച്ചത്തുകൊണ്ടുവരുമെന്നും ബാലാവകാശ കമീഷൻ അംഗം ബബിത ബൽരാജ് പറഞ്ഞു.
ചില്ല് പൊട്ടിച്ച രണ്ടു പെൺകുട്ടികൾക്ക് കൈക്ക് മുറിവേറ്റു
വെള്ളിമാട്കുന്ന്: ബാലികമന്ദിരത്തിൽനിന്ന് കടന്നുകളഞ്ഞ് പിടിയിലായ പെണ്കുട്ടികളിൽ രണ്ടുപേർക്ക് രോഷപ്രകടനത്തിനിടെ കൈക്ക് മുറിവ്. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് മജിസ്ട്രേറ്റിനു മുന്നിൽ കുട്ടികളുടെ മൊഴിയെടുക്കൽ പൂർത്തിയായത്. ഇതിനുശേഷം ഭക്ഷണത്തിനും പ്രാഥമിക കാര്യങ്ങൾക്കും മറ്റുമായി വനിത പൊലീസ് സ്റ്റേഷനിൽ കയറ്റി. ഈ സമയം പെൺകുട്ടി പൊലീസിന്റെ നടപടികളിൽ അരിശംകൊണ്ടു.
ആരും പീഡിപ്പിച്ചിട്ടില്ലെന്നു വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടും രണ്ടു യുവാക്കൾക്കെതിരെ കേസെടുത്തത് എന്തിനാണെന്നു ചോദിച്ച് പൊലീസിനെതിരെ പൊട്ടിത്തെറിച്ചു. അമർഷം അടക്കാനാവാതെ പെണ്കുട്ടി സ്റ്റേഷന്റെ വാതിലിനു സമീപത്തെ ജനൽചില്ലിൽ കൈ ഇടിക്കുകയായിരുന്നു. ചില്ല് പൊട്ടി മുറിവേറ്റു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു.
ഞായറാഴ്ച പകൽ ബാലികമന്ദിരത്തിൽവെച്ചാണ് മറ്റൊരു പെൺകുട്ടി സമാന രീതിയിൽ രോഷപ്രകടനം നടത്തിയത്. ജനൽചില്ലിൽ ഇടിച്ചാണ് കൈക്കു മുറിവേറ്റത്. പരിക്ക് ഗുരുതരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.