കെ.കെ. ശൈലജക്കെതിരെ സൈബർ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ
text_fieldsതലശ്ശേരി/ കുറ്റ്യാടി/ മേലാറ്റൂർ: വടകര ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തികരമായി പരാമർശം നടത്തിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.
മുസ്ലിം ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്. വ്യാജ വിഡിയോ പ്രചരിപ്പിച്ചതിനാണ് മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് ന്യൂമാഹി പഞ്ചായത്ത് ചെയർമാനും ഒമ്പതാം വാർഡംഗവുമായ പെരിങ്ങാടി പുളിയുള്ളതിൽ പീടികയിലെ ടി.എച്ച്. അസ്ലമിനെ (36)ന്യൂമാഹി പൊലീസ് അറസ്റ്റ് ചെയ്തത്. സമുദായ സ്പർധയുണ്ടാക്കാൻ ശ്രമിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
മുസ്ലിം ജനവിഭാഗം ആകെ വർഗീയവാദികളാണെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പറഞ്ഞതായി മങ്ങാട് സ്നേഹതീരം വാട്സ്ആപ് ഗ്രൂപ്പിലാണ് പ്രതി വ്യാജ വിഡിയോ പോസ്റ്റ് ചെയ്തത്. ശൈലജക്കെതിരെ അപകീർത്തികരമായി സമൂഹ മാധ്യമത്തിൽ പരാമർശം നടത്തിയതിനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായത്. തൊട്ടിൽപാലം മുറ്റത്തെപ്ലാവ് പെരുമ്പള്ളി മെബിൻ തോമസിനെയാണ് (27) തൊട്ടിൽപാലം പൊലീസ് അറസ്റ്റു ചെയ്തത്.
ഫേസ്ബുക്കിലൂടെ കെ.കെ. ശൈലജക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണം നടത്തിയ കേസിൽ കാസർകോട് സ്വദേശി എം.പി. ജാഫറിനെ കതിരൂർ പൊലീസ് പ്രതിചേർത്തു. സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റിട്ട പട്ടിക്കാട് മണ്ണാർമല മുണ്ടത്തൊടി ഗഫൂർ മുഹമ്മദിനെതിരെ (40) പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.