സൈബർ ആക്രമണം; അർജുന്‍റെ കുടുംബം പരാതി നൽകി
text_fieldsകോഴിക്കോട്: തങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ അർജുന്റെ കുടുംബം സിറ്റി പൊലീസ് മേധാവിക്ക് പരാതി നൽകി. സമൂഹമാധ്യമങ്ങളിൽ വർഗീയ അധിക്ഷേപം നടക്കുന്നുവെന്ന് കാണിച്ചാണ് കുടുംബം പരാതി നൽകിയത്.
കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുകയാണെന്നു പറഞ്ഞ് ബുധനാഴ്ച ഇവർ വാർത്ത സമ്മേളനം നടത്തിയിരുന്നു. ഇതിനുശേഷമാണ് സമൂഹമാധ്യമങ്ങളിൽ അർജുന്റെ കുടുംബത്തിനുനേരെ വ്യാപക ആക്രമണമുണ്ടായത്. അർജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരി ഭർത്താവ് ജിതിൻ എന്നിവർ കമീഷണർ ഓഫിസിലെത്തിയാണ് പരാതി നൽകിയത്.
കുടുംബത്തിനെതിരെ വ്യാപകമായ സൈബർ ആക്രമണത്തെ തുടർന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ വ്യാഴാഴ്ച വൈകീട്ട് അർജുന്റെ കണ്ണാടിക്കലിലെ വീട്ടിലെത്തിയിരുന്നു. കുടുംബത്തിന് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ലോറിക്ക് അർജുന്റെ പേരിടില്ലെന്ന് മനാഫ്
കോഴിക്കോട്: പുതിയ വിവാദങ്ങളിൽ വിശദീകരണവുമായി ലോറി ഉടമ മനാഫ്. ഇന്നലെ കുടുംബത്തിന്റെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് കേട്ടപ്പോൾ അൽപം വൈകാരികമായി പ്രതികരിച്ചുപോയെന്നും അത് കൊണ്ടാണ് എന്തുവന്നാലും ലോറിക്ക് അർജുന്റെ പേരിടുമെന്ന് പറഞ്ഞതെന്നും മനാഫ് പറഞ്ഞു. കുടുംബത്തിന് അത് ഇഷ്ടമല്ലെങ്കിൽ ഞാൻ അർജുന്റെ പേരിടില്ല. നമ്മുടെ അർജുൻ പോയില്ലേ. ഇനി വിവാദങ്ങൾ വേണ്ട. കുടുംബത്തെ ആരും ആക്രമിക്കരുത്. അർജുൻ പോയെന്നും ഇനി വിവാദങ്ങളോ കുടുംബത്തിന് എതിരെയുള്ള ആക്ഷേപങ്ങളോ തുടരരുതെന്നും മനാഫ് അഭ്യർഥിച്ചു.
അർജുന് 75000 രൂപ വരെ ചില മാസങ്ങളിൽ പ്രതിഫലം നൽകിയതിന് തെളിവുണ്ട്. ലോറിയുടെ കണക്കുകൾ എഴുതിയ പുസ്തകത്തിൽ പണം കൈപ്പറ്റിയതിന് അർജുൻ ഒപ്പിട്ടിട്ടുണ്ട്. ചിലപ്പോൾ അതിനേക്കാൾ കൂടുതലും ചിലപ്പോൾ കുറവും പ്രതിഫലം നൽകിയിട്ടുണ്ട്. പ്രതിഫലക്കാര്യം ഞാൻ പുറത്ത് പറഞ്ഞത് അർജുന്റെ കുടുംബത്തിന് ഇൻഷുറൻസ് ലഭിക്കുമ്പോൾ ഇക്കാര്യം പരിഗണിക്കും എന്നുള്ളതിനാലാണ് -മനാഫ് പറഞ്ഞു.
അർജുന്റെ പേര് പറഞ്ഞ് ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് അവർക്ക് വൈകാരികമായി എന്തെങ്കിലും തോന്നിയെങ്കിൽ മാപ്പ് ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.