ആന്റണിക്കെതിരെ സൈബർ ആക്രമണം: നിയന്ത്രിക്കാനാകാതെ കോൺഗ്രസ്
text_fieldsതിരുവനന്തപുരം: മകൻ അനിൽ ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്ന് എ.കെ. ആന്റണിക്കെതിരെ തുടരുന്ന സൈബർ ആക്രമണം കോൺഗ്രസിൽ ആഭ്യന്തരപ്രശ്നം സൃഷ്ടിക്കുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉൾപ്പെടെ സൈബർ ആക്രമണത്തെ തള്ളി രംഗത്തെത്തിയെങ്കിലും വളരെ മോശമായ പരാമർശങ്ങളുമായി സൈബർ ആക്രമണം തുടരുകയാണ്.
സി.പി.എം ഉൾപ്പെടെ എതിർചേരിയിൽനിന്നുണ്ടാകുന്ന വിമർശനങ്ങൾ അവഗണിക്കാമെങ്കിലും സ്വന്തം പാർട്ടിയിൽനിന്നുണ്ടാകുന്ന ആക്രമണങ്ങൾ എങ്ങനെ തടയണമെന്നതാണ് നേതൃത്വത്തെ കുഴക്കുന്നത്. കോൺഗ്രസ് നേതാക്കളിൽ ചിലരും പ്രവർത്തകർക്കൊപ്പം ഈ ആക്രമണത്തിൽ പങ്കാളികളാണ്. സി.പി.എമ്മിന്റെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിയാൻ കോൺഗ്രസ് പ്രവർത്തകർക്ക് കഴിയുന്നില്ലെന്നും ഈ രീതി പാർട്ടിക്ക് ദോഷമേ ചെയ്യൂവെന്നുമാണ് നേതാക്കളിൽ ചിലരുടെ അഭിപ്രായം.
ആന്റണിയെ പ്രതിരോധിച്ച് സൈബർ ഇടത്തിൽതന്നെ മറുപടിയുമായി ചില നേതാക്കൾ രംഗത്തിറങ്ങിയിട്ടുമുണ്ട്. ആന്റണി ഇന്നലെ പെയ്ത മഴയിൽ കുരുത്ത തകരയല്ലെന്നും ഒറ്റത്തിരിഞ്ഞുള്ള ആക്രമണം അംഗീകരിക്കില്ലെന്നും പി.സി. വിഷ്ണുനാഥ് എം.എൽ.എ പോസ്റ്റിട്ടത് പാർട്ടി പ്രവർത്തകർക്ക് കൂടിയുള്ള സന്ദേശമാണ്. കെ. മുരളീധരനും എം.എം. ഹസനും ആന്റണിക്കായി രംഗത്തുണ്ട്.
നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കാന്‍ കെ.പി.സി.സി ഇടപെടണമെന്നാണ് മുരളീധരൻ ആവശ്യപ്പെടുന്നത്. സൈബര്‍ ആക്രമണം പാര്‍ട്ടി വിരുദ്ധമെന്ന് കെ.പി.സി.സി പ്രസിഡന്റ് പറയുമ്പോഴും പിന്നിലുള്ളവർക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകാത്തതിൽ വലിയൊരു വിഭാഗം അതൃപ്തിയിലാണ്. വ്യക്തിഹത്യ പരിധിവിട്ടാൽ ഹൈകമാൻഡിന്റെ ഇടപെടൽ തേടാനുള്ള നീക്കവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.