രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിക്ക് ആദരമർപ്പിച്ച വയനാട് കലക്ടർക്ക് സൈബർ ആക്രമണം
text_fieldsകൽപറ്റ: മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് രക്തസാക്ഷി ദിനത്തിൽ ഫേസ്ബുക് പോസ്റ്റിട്ട വയനാട് കലക്ടർ എ. ഗീതക്ക് നേരെ സംഘ്പരിവാർ അനുകൂലികളുടെ സൈബർ ആക്രമണം. 'ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ പ്രണാമം' എന്ന അടിക്കുറിപ്പോടെ കലക്ടർ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് വിദ്വേഷ കമന്‍റുകൾ നിറഞ്ഞത്.
'ഷഹീദ് ദിവസ്' എന്നും 'എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം' എന്ന ഗാന്ധിയുടെ വാക്കുകളും പോസ്റ്ററിലുണ്ടായിരുന്നു. ഇതിൽ 'ഷഹീദ് ദിവസ്' എന്നെഴുതിയത് ചോദ്യംചെയ്താണ് ചിലയാളുകൾ കമന്‍റിട്ടത്.
'രക്തസാക്ഷി ദിനം എന്നൊക്കെയാ ഞങ്ങളൊക്കെ പഠിച്ചിരുന്നത്. മാഡം എവിടെയാ പഠിച്ചത്?' എന്നാണ് ഒരാളുടെ ചോദ്യം. 'ഒരു പ്രത്യേക ന്യൂനപക്ഷം, ഭൂരിപക്ഷമായ അവസ്ഥയിൽ ഉപയോഗിയ്ക്കാൻ യുക്തമായ പ്രയോഗമാണല്ലോ ഇത്' എന്നാണ് മറ്റൊരാളുടെ കമന്‍റ്. 'കലക്ടറേ... താങ്കൾ ഭാരതത്തിലെ ഒരു ജില്ലയിലെ കലക്ടറാണ്... അല്ലാതെ ഏതോ പള്ളി കമ്മറ്റിയുടെ കലക്ടറല്ല... അൽപ്പം ഉളുപ്പ്' -എന്ന് മറ്റൊരു കമന്‍റ്. 'ഇതെന്താ പാകിസ്താൻ ആണോ' എന്നുവരെയാണ് ചോദ്യങ്ങൾ.
പോസ്റ്റിന് കീഴിലെ ഏതാനും കമന്‍റുകൾ ഇങ്ങനെ
ഷഹീദ് എന്നത് കൊണ്ട് വയനാടൻ കലക്ടർ എന്താണ് ഉദ്ദേശിക്കുന്നത് ?
മധുരം മലയാളം, ഭരണ ഭാഷ അറബി
ഷഹീദോ... അതാര്
നിങ്ങൾ ഷഹീദ് എന്ന് എഴുതുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
കളക്ടർ മാഡം ഹാപ്പി ഷഹീദ് ഡേയ്
ഷഹീദ് ആഫ്രിദി എന്ന് കേട്ടിട്ടുണ്ട്. ഇതെന്താണ് ഉദ്ദേശിച്ചത്
രക്തസാക്ഷി ദിനം എന്നൊക്കെയാ ഞങ്ങളൊക്കെ പഠിച്ചിരുന്നത്. മാഡം എവിടെയാ പഠിച്ചത്?
മൗദൂദി ഭാഷയുമായി കളക്ടറും.. കേരളം പോയ പോക്കേ
ഷഹീദ് ദിവസ് ???????????? ഇത് കളക്ടറുടെ പേജ് തന്നെയാണോ ??
അടുത്ത കശ്മീർ ആക്കാനുള്ള പ്ലാൻ ആണോ മേഡം ?
'ഷഹീദ്' എന്ന വാക്ക് കലക്ടർ ഉപയോഗിച്ചതാണ് സൈബർ ആക്രമണത്തിന് കാരണമെന്ന് കമന്‍റുകളിൽ നിന്ന് വ്യക്തമാണ്. രക്തസാക്ഷി എന്നതിന്‍റെ ഹിന്ദി വാക്കാണ് 'ശഹീദ്' എന്നും ശഹീദ് ദിവസ് എന്നാൽ രക്തസാക്ഷി ദിനം എന്ന് തന്നെയാണെന്നും മനസിലാക്കൂവെന്ന് നിരവധി പേർ 'സൈബർ പോരാളികൾക്ക്' വിശദീകരിച്ചുകൊടുക്കുന്നുണ്ട്. 'ഹിന്ദി രാഷ്ട്ര ഭാഷയാക്കണം എന്നു പറയുന്ന പാർട്ടിയുടെ അനുഭാവികൾ ശഹീദ് ദിവസ് എന്നാൽ എന്തൊ ഖുർആൻ വാക്യമാണെന്നൊക്കെ വിചാരിച്ച് കമൻറ് ബോക്സിൽ കുരു പൊട്ടി മരിക്കുവാണല്ലൊ' എന്ന് ഒരാൾ കമന്‍റിൽ വിശദീകരിക്കുന്നു. ശോഭാ സുരേന്ദ്രൻ ശഹീദ് ഭഗത് സിങ് എന്നു വിളിച്ചതെങ്കിലും ഓർക്കണമെന്നാണ് മറ്റൊരാളുടെ കമന്‍റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.