സൈബർ ആക്രമണം: യു.ഡി.എഫ് നേതൃത്വം തള്ളിപ്പറയുന്നില്ലെന്ന് ജെയ്ക് സി. തോമസ്
text_fieldsകോട്ടയം: സൈബർ ആക്രമണത്തിൽ യു.ഡി.എഫ് നേതൃത്വത്തിനെതിരെ പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർഥി ജെയ്ക് സി. തോമസ്. തനിക്കെതിരായ സൈബർ ആക്രമണത്തെ യു.ഡി.എഫ് നേതൃത്വം തള്ളിപ്പറയുന്നില്ലെന്ന് ജെയ്ക് ആരോപിച്ചു.
വ്യക്തിപരമായ അധിക്ഷേപങ്ങൾ ആർക്കെതിരെയാണെങ്കിലും അംഗീകരിക്കില്ല. പ്രബുദ്ധരായ ജനങ്ങൾ കാര്യങ്ങൾ വിലയിരുത്തും. കോൺഗ്രസ് നേതൃത്വം തിരുത്താൻ തയാറാകുന്നില്ലെന്നും ജെയ്ക് വ്യക്തമാക്കി.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തിങ്കളാഴ്ച വീടുകൾ കയറി വോട്ട് ഉറപ്പിക്കുന്നതിനുള്ള തിരക്കിലായിരിക്കും മുന്നണികൾ. ത്രികോണ മത്സരം എന്ന നിലയിലുള്ള പ്രചാരണമാണ് മണ്ഡലത്തിൽ.
രാഷ്ട്രീയ വിവാദങ്ങളും വികസനവും ചർച്ചയായ മണ്ഡലത്തിൽ ദേശീയ നേതാക്കളെ ഉൾപ്പെടെ രംഗത്തിറക്കി വിജയം ഉറപ്പിക്കാനുള്ള അവസാന തത്രപ്പാടിലാണ് മുന്നണികൾ. ശനിയാഴ്ച റോഡ്ഷോ നടത്താൻ പാർട്ടികൾ തീരുമാനിച്ചിരുന്നെങ്കിലും മഴ വെല്ലുവിളിയായി. പാമ്പാടിയിലാണ് കൊട്ടിക്കലാശം.
53 വർഷമായി പുതുപ്പള്ളിയുടെ എം.എൽ.എയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞമാസം പത്തിനാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. ഈ മാസം അഞ്ചിന് രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടിങ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. യു.ഡി.എഫിന്റെ ചാണ്ടി ഉമ്മൻ, എൽ.ഡി.എഫിന്റെ ജെയ്ക് സി. തോമസ്, ബി.ജെ.പിയുടെ ജി. ലിജിൻ ലാൽ എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. ഇവർക്ക് പുറമെ ആം ആദ്മി പാർട്ടിയുടെ ലൂക്ക് തോമസ്, സ്വതന്ത്രന്മാരായ സന്തോഷ് ജോസഫ്, ഷാജി, പി.കെ. ദേവദാസ് എന്നിവരും മത്സരരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.