കോൺഗ്രസ് പോരിന് ചൂട് പകർന്ന് സൈബർ വിവാദം
text_fieldsതിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ് പോരിന് ചൂട് പകർന്ന് സൈബർ വിവാദവും. എ.ഐ.സി.സിയുടെ സംഘടന ചുമതലയുള്ള ജന. സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്താൻ അനുയായികൾക്ക് രമേശ് ചെന്നിത്തല നിർദേശം നൽകിയെന്നാണ് പരാതി. രാജ്യസഭ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ ചെന്നിത്തലയെ അപമാനിച്ച് കെ.സി. വേണുഗോപാലിന്റെ വിശ്വസ്തനും കെ.പി.സി.സി ജന. സെക്രട്ടറിയുമായ പഴകുളം മധു ഫേസ്ബുക്കിൽ നടത്തിയ മോശം പരാമർശം വിവാദമായതിന് പിന്നാലെയാണ് പുതിയ ആരോപണം.
വേണുഗോപാലിനെതിരായ ട്രോളുകളും മറ്റും ശരിയാക്കിവെച്ചിരിക്കുകയാണെന്നും അച്ചടക്കനടപടി ഉണ്ടാകില്ലല്ലോ എന്നും ചെന്നിത്തലയോട് ഫോണിൽ ഉറപ്പാക്കുന്ന ആറ്റിങ്ങലിലെ പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്. ഇതിൽ, വേണുഗോപാലിനെതിരെ പ്രചാരണം നടത്താൻ നേരിട്ട് പറയുന്നില്ലെങ്കിലും സ്വന്തം ഫോൺ നമ്പറിൽനിന്ന് പ്രചരിപ്പിക്കരുതെന്ന് ചെന്നിത്തല ഓർമിപ്പിക്കുന്നുണ്ട്. മറ്റുള്ളവരെ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ വേണുഗോപാലിനെ മോശപ്പെടുത്തുന്ന പ്രചാരണം നടത്താനുള്ള ചെന്നിത്തലയുടെ നിർദേശമാണ് ഇതെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. വിഷയം കെ.പി.സി.സിയുടെ മുന്നിലും എത്തി.
പാര്‍ട്ടിയില്‍ കുത്തിത്തിരിപ്പു സംഘം -വി.ഡി. സതീശൻ
തിരുവനന്തപുരം: പാര്‍ട്ടിയില്‍ കുത്തിത്തിരിപ്പുണ്ടാക്കാനും മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത വരുത്താനും സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്താനും ഒരുസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുകയും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നത് ഇവരാണ്. ഇക്കാര്യം പാര്‍ട്ടി അച്ചടക്കസമിതി പരിശോധിച്ച് നടപടി സ്വീകരിക്കും. ജി-23 നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ രണ്ട് വർക്കിങ് കമ്മിറ്റി പരിശോധിക്കുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പുതിയ അധ്യക്ഷനുണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.