തട്ടിപ്പാണ്... തലവെക്കല്ലേ...
text_fieldsഓൺലൈൻ പണമിടപാടുകൾ വർധിച്ചതോടെ തകൃതിയായ സൈബർ തട്ടിപ്പുകളിൽ കുരുങ്ങി മലയാളികൾ. കഴിഞ്ഞ വർഷം സംസ്ഥാനത്താകെ 200 കോടിയോളം രൂപയുടെ തട്ടിപ്പുകൾ നടന്നപ്പോൾ ഈ വർഷം ഇതിനകം തന്നെ തട്ടിപ്പ് 150 കോടിയോളമായെന്നാണ് കണക്ക്. ദിനംപ്രതി പുതിയ രീതികൾ തട്ടിപ്പുസംഘങ്ങൾ അവലംബിക്കുമ്പോൾ മലയാളികൾ ചെന്ന് എല്ലാത്തിനും തലവെക്കുകയാണ്.
വാട്സ് ആപ്പിലോ ഇൻബോക്സിലോ അപരിചിതർ അയക്കുന്ന ‘ഹായ്’ ക്ക് സ്മൈലിയിട്ട് തുടങ്ങുന്ന ചാറ്റിനൊടുവിൽ പലർക്കും അക്കൗണ്ടിലെ ആയിരങ്ങൾ മുതൽ കോടികൾ വരെയാണ് പോകുന്നത്. കഴിഞ്ഞ വർഷത്തെ സൈബർ തട്ടിപ്പ് പരാതികളിൽ നഷ്ടമായ തുകയുടെ നാലിലൊന്നോളം തുക സൈബർ പൊലീസിന് തിരിച്ചുപിടിക്കാനായത് നേട്ടമാണ്. എങ്കിലും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടിവരുകയാണ്. നിർമിത ബുദ്ധി (എ.ഐ) സാങ്കേതിക വിദ്യവരെ ഉപയോഗിച്ചുള്ള തട്ടിപ്പുകളാണിന്ന് നടക്കുന്നത്. കോഴിക്കോട്ടുകാരനാണ് സംസ്ഥാനത്താദ്യമായി ഇത്തരത്തിലൊരു ഡീപ്ഫെയ്ക് തട്ടിപ്പിനിരയായത്. സങ്കീർണമായ കേസിൽ മുഴുവൻ കുറ്റവാളികളെയും പൊലീസിന് പിടികൂടാനായി.
തട്ടിപ്പു പരാതികളെ തുടർന്ന് ഇന്ത്യക്കകത്തും പുറത്തുമുള്ള 20,000ത്തോളം ബാങ്ക് അക്കൗണ്ടുകളാണ് കേരള സൈബർ പൊലീസ് ഇടപെട്ട് കഴിഞ്ഞവർഷം മരവിപ്പിച്ചത്. എട്ടായിരത്തോളം വ്യാജ സൈറ്റുകൾ ബ്ലോക്ക് ചെയ്യിക്കുകയും വ്യാജവും തട്ടിപ്പിനുള്ളതുമായ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്ന 5112 സമൂഹ മാധ്യമ അക്കൗണ്ടുകൾ പൂട്ടിക്കുകയും ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട 8040 വ്യാജ സിം കാർഡുകൾ ബ്ലോക്ക് ചെയ്തു. വായ്പാ തട്ടിപ്പുകൾ നടത്തിയ 525 ലോൺ ആപ്പുകൾക്കെതിരെയും നടപടി സ്വീകരിച്ചു. ഈ വർഷവും ഇത്തരത്തിലുള്ള നടപടികൾ തുടരുകയാണ്.
തട്ടിപ്പുകൾ പലവിധം
ലോട്ടറിയടിച്ചു; കോടികൾ സമ്മാനം കിട്ടും
‘നിങ്ങൾക്ക് ഓൺലൈൻ ലോട്ടറിയടിച്ചു, കോടിക്കണക്കിന് രൂപ ഉടൻ കിട്ടും’ എന്ന സന്ദേശം അയച്ചുള്ള തട്ടിപ്പിൽ നിരവധി പേർക്കാണ് ലക്ഷക്കണക്കിന് രൂപ നഷ്ടമായത്. ഇ- മെയിൽ, ഫോൺ കാൾ, വാട്സ് ആപ്, എസ്.എം.എസ്, തപാൽ എന്നിവ വഴിയാണ് തട്ടിപ്പ് സന്ദേശം ലഭിക്കുക. വിശ്വാസത്തിനായി വ്യാജ ചെക്ക്, മുമ്പ് എന്തെങ്കിലും ഓൺലൈനായോ മറ്റോ വാങ്ങിയതിന്റെ വിവരവും തട്ടിപ്പുസംഘം അയക്കും. കോടികൾ ലഭിക്കാൻ നിശ്ചിത ശതമാനം തുക സർവിസ് ചാർജോ, നികുതിയോ ആയി മുൻകൂർ അടക്കണമെന്നുപറഞ്ഞ് പണം എന്തെങ്കിലും അയപ്പിച്ചാണ് പണം തട്ടുന്നത്. തുക പോവുകയും ചെയ്യും, സമ്മാനം കിട്ടുകയുമില്ല.
നിക്ഷേപം, ട്രേഡിങ്
ഫേസ്ബുക്ക്, വാട്സ് ആപ് പോലുള്ള സമൂഹ മാധ്യമങ്ങളിൽ സൗജന്യ ഓഹരി ട്രേഡിങ് ടിപ്സ് ക്ലാസുകളെക്കുറിച്ചുള്ള പരസ്യം അയക്കലാണ് ഈ തട്ടിപ്പിൽ ആദ്യം ചെയ്യുന്നത്. പരസ്യങ്ങളിലെ ലിങ്കിൽ ക്ലിക് ചെയ്യുന്നതോടെ അത് വാട്സ് ആപ്പിലെയോ ടെലഗ്രാമിലെയോ ഗ്രൂപ്പിലേക്ക് റീ ഡയറക്ടറ് ചെയ്യും. ഈ ഗ്രൂപ് വഴി തട്ടിപ്പുസംഘം പഠന ക്ലാസ് എന്ന രീതിയിൽ ആശയ വിനിമയം നടത്തുന്നു. ദിവസങ്ങൾക്കകം ഓഹരി വാങ്ങാനും വിൽക്കാനുമുള്ള സൗജന്യ ട്രേഡിങ് ടിപ്പുകൾ വാഗ്ദാനം ചെയ്ത് നിക്ഷേപം നടത്താൻ പ്രേരിപ്പിക്കും. ചെറിയ തുക കൈമാറുന്നതോടെ ഓഹരി ഇടപാടിലൂടെ വലിയ ലാഭം നേടാൻ ട്രേഡിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ അയച്ചുതരും. പിന്നീട് ഡിജിറ്റൽ വാലറ്റിൽ വ്യാജ ലാഭം പ്രദർശിപ്പിച്ച് വലിയ ലാഭം നേടിയെന്ന് വിശ്വസിപ്പിക്കും. ഈ തുക പിൻവലിക്കാൻ ശ്രമിക്കുമ്പോൾ 50 ലക്ഷമോ അതിൽ കൂടുതലോ തുക ആയാലേ അത് സാധ്യമാകൂ എന്നുപറഞ്ഞ് കൂടുതൽ നിക്ഷേപത്തിന് പ്രേരിപ്പിക്കുന്നു. അവസാനം നിക്ഷേപിച്ച പണംവരെ കിട്ടില്ല.
നിയമവിരുദ്ധ പാഴ്സൽ
ഇത്തരം തട്ടിപ്പുകാർ പലപ്പോഴും പൊലീസ്, കസ്റ്റംസ് ഉദ്യോഗസ്ഥർ എന്നുപറഞ്ഞാണ് ബന്ധപ്പെടുന്നത്. എന്തെങ്കിലും പാഴ്സൽ അയച്ചതിന്റെയോ നിങ്ങൾക്ക് വരുന്നതിന്റെയോ വിവരങ്ങൾ ചോർത്തി പാഴ്സലിൽ മയക്കുമരുന്നോ നിരോധിത വസ്തുക്കളോ കണ്ടെത്തിയെന്നുപറഞ്ഞ് നമ്മൾ വെർച്വൽ അറസ്റ്റിലാണെന്നു അറിയിച്ചാണ് തട്ടിപ്പ്. കൊറിയർ കമ്പനിയിൽ നിന്നാണെന്ന് വിശ്വസിപ്പിച്ചും ഈ രീതിയിൽ തട്ടിപ്പ് സംഘം ആശയവിനിമയം തുടങ്ങും. അറസ്റ്റ് ഒഴിവാക്കാനുള്ള വെരിഫിക്കേഷൻ എന്നുപറഞ്ഞാണ് ഏതെങ്കിലും അക്കൗണ്ടിലേക്ക് പണം അയപ്പിക്കുന്നത്. പലരും അറസ്റ്റ് പേടിച്ച് പണം അയക്കുകയും അക്കൗണ്ട് വിവരം നൽകുകയും ചെയ്യുന്നതോടെ തട്ടിപ്പിനിരയാവുന്നു.
ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, കെ.വൈ.സി
കെ.വൈ.സി, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ പുതുക്കലും കാലഹരണപ്പെടലുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന ബന്ധപ്പെടുകയാണിതിൽ ആദ്യം ചെയ്യുന്നത്. തുടർന്ന് പല മാർഗങ്ങളിലൂടെ റിമോട്ട് ആക്സസ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചും സോഷ്യൽ എൻജിനീയറിങ്, ഫിഷിങ് എന്നിവ വഴിയും വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കി പണം തട്ടുന്നു. തട്ടിപ്പുകാരൻ ഇരക്ക് ലിങ്ക് അയച്ച് ടീം വ്യൂവർ, ക്വിക്ക് സപ്പോർട്ട്, എനി ഡെസ്ക് പോലുള്ളവ ഇൻസ്റ്റാൾ ചെയ്യിക്കും. ഇതിലൂടെ തട്ടിപ്പുകാർക്ക് നമ്മുടെ മൊബൈൽ ഫോണിന്റെ പ്രവർത്തനങ്ങൾ കാണാനാവും. കെ.വൈ.സി അപ്ഡേറ്റ് ചെയ്യാൻ ചെറിയ തുകയുടെ ഇടപാട് നടത്താനും ആവശ്യപ്പെടും. ഇതിന് മുതിരുന്നതോടെ തട്ടിപ്പുകാരന് ബാങ്ക്, വാലറ്റ് ക്രെഡൻഷ്യലുകൾ ലഭിക്കും. തുടർന്ന് അക്കൗണ്ടിൽ നിന്ന് പണം മാറ്റും. മൊബൈൽ സിം കാർഡ് ആക്ടിവേഷന്റെ മറവിലും ഈ രീതിയിൽ തട്ടിപ്പ് നടക്കുന്നുണ്ട്.
സെക്സ്റ്റോർഷൻ
ആളുകളുടെ നഗ്നതയോ ലൈംഗിക ചേഷ്ടകളുടെയോ തെളിവ് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതാണ് സെക്സ്റ്റോറേഷൻ. ഡേറ്റിങ് ആപ്പുകളിലും മറ്റും യുവതികൾ നേരിട്ടും യുവതികളായി അഭിനയിച്ച് പുരുഷന്മാരും വിഡിയോ കാളിൽവന്ന് അശ്ലീല സംഭാഷണങ്ങളിലൂടെ പ്രലോഭിപ്പിച്ച് ആളുകളുടെ സ്വകാര്യ വിവരങ്ങളും നഗ്നതയും ശേഖരിക്കും. ഇരയുമായുള്ള വിഡിയോ സ്ക്രീൻ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നത്.
വ്യാജ കസ്റ്റമർ സപ്പോർട്ട്
ഉപഭോക്തൃ സേവനം തേടുന്നവരെ കബളിപ്പിക്കുന്ന രീതിയാണിത്. ബ്ലോഗുകൾ, വ്യാജ വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ, ഗൂഗ്ൾ സെർച്ച് ഫലം എന്നിവയിൽ വ്യാജ കസ്റ്റമർ സപ്പോർട്ട് ഫോൺ നമ്പറുകൾ നൽകിയാണ് ഇരകളെ കുടുക്കുന്നത്.
ഫോണിലൂടെ ബന്ധം സ്ഥാപിച്ച് അയച്ചുതരുന്ന ലിങ്ക് വഴി പരാതി രജിസ്റ്റർ ചെയ്യാനെന്നുപറഞ്ഞ് ഫോണിന്റെ ഉള്ളടക്കം ലഭ്യമാകുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിക്കുകയാണ്. തുടർന്ന് പണവും തട്ടും.
പ്രണയം നടിച്ചും സമ്മാനം വാഗ്ദാനം ചെയ്തും
വിദേശ രാജ്യങ്ങളിൽനിന്നു ഡേറ്റിങ് പ്ലാറ്റ്ഫോമുകളും മാട്രിമോണിയൽ ആപ്പുകളും വഴിയാണ് ഇരകളെ ലക്ഷ്യമിടുന്നത്. വിശ്വാസം നേടിയശേഷം അന്താരാഷ്ട്ര പാർസലുകൾ വഴി വിലയേറിയ സമ്മാനങ്ങൾ അയക്കാമെന്ന് വാഗ്ദാനം ചെയ്യുന്നു. പാഴ്സൽ അയച്ചെന്നും അതിന് കസ്റ്റംസ് ഫീസ് ആവശ്യമാണെന്നുംപറഞ്ഞ് വ്യാജ കസ്റ്റംസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട് പണം അയക്കാൻ നിർദേശിക്കുന്നു. പണവുമില്ല, സമ്മാനവുമില്ല എന്നതായിരിക്കും അവസ്ഥ.
തൊഴിൽ വാഗ്ദാനങ്ങളിലൂടെ
വ്യാജ വെബ്സൈറ്റുകൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, സമൂഹ മാധ്യമം എന്നിവ വഴി വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ പരസ്യപ്പെടുത്തുകയാണ് ആദ്യം ചെയ്യുക. വിസ ഫീസ്, യാത്രാ ചെലവുകൾ എന്നിവയുടെ പേരിലാണ് മുൻകൂർ തുക വാങ്ങുന്നത്.
മോൺസ്റ്റർ, സൗക്രി, ടൈംസ് ജോബ്സ്, ഷൈൻ തുടങ്ങിയ ജനപ്രിയ ജോബ് പോർട്ടലുകളിൽ ജോബ് കൺസൽട്ടന്റായി വേഷമിട്ടും തട്ടിപ്പുകൾ നടത്തുന്നുണ്ട്. ഇന്റർവ്യൂ ഫീസ്, ഇന്റർവ്യൂ ഷെഡ്യൂൾ ചെയ്യുന്നതിന് സെക്യൂരിറ്റി തുക എന്നീ ഇനത്തിലും പണം തട്ടും. അതിനായി വ്യാജ ഓൺലൈൻ അഭിമുഖവും നടത്തിയേക്കും.
ലോൺ ആപ്പുകൾ
കുറഞ്ഞ വരുമാനമുള്ളവരെ ലക്ഷമിട്ട് വേഗത്തിൽ വായ്പ നൽകുന്ന മൊബൈൽ ആപ്പുകളുടെ മറവിലാണ് ഈ തട്ടിപ്പ്. വായ്പ കിട്ടാൻ വ്യക്തിവിവരം, സാമ്പത്തിക വിവരം എന്നിവക്കൊപ്പം മൊബൈലിന്റെ പെർമിഷൻസും തട്ടിപ്പുസംഘം നേടിയെടുക്കും. ഈ ആപ്പുകൾ അമിത പലിശക്കുപുറമെ മറ്റു ഫീസും ഈടാക്കും.
തിരിച്ചടവ് മുടങ്ങുന്നതോടെ, നമ്മുടെ ഫോണിൽ നിന്ന് ചോർത്തിയെടുക്കുന്ന സ്വകാര്യ വിവരങ്ങൾ, മോർഫ് ചെയ്ത ചിത്രങ്ങൾ, അശ്ലീലങ്ങൾ എന്നിവ നമ്മുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തി ഫോൺ ലിസ്റ്റിലുള്ള സുഹൃത്തുക്കൾ അടക്കമുള്ളവർക്ക് അയക്കും. ഇതവസാനിപ്പിക്കാൻ പണം ആവശ്യപ്പെടും.
ഇ-കോമേഴ്സ് സൈറ്റുകളുടെ മറവിൽ
വ്യാജ ഷോപ്പിങ് വെബ്സൈറ്റുകളിൽ വിലകൂടിയ ബ്രാൻഡഡ് ഉൽപന്നങ്ങൾ കുറഞ്ഞ വിലക്ക് വ്യാജ ഓഫറുകൾ നൽകിയാണ് ആളുകളെ ആകർഷിക്കുന്നത്. ഉൽപന്നങ്ങൾ വാങ്ങാൻ അവർ നൽകുന്ന ലിങ്കിൽ ക്ലിക് ചെയ്യുന്നതോടെ യു.പി.ഐ വഴിയോ ഓൺലൈൻ ബാങ്ക് വഴിയോ പണമടക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. മിക്കവാറും ഓർഡർ നൽകിയ വിലകൂടിയ സാധനങ്ങൾക്ക് പകരമായി പാർസലായി ലഭിക്കുന്നത് വിലകുറഞ്ഞ മറ്റു സാധനങ്ങളായിരിക്കും.
റിമോട്ട് ആക്സസ് വഴി
ബാങ്കുകളുടെയോ മറ്റു സ്ഥാപനങ്ങളുടെയോ സാങ്കേതിക സഹായം നൽകുന്ന ടീം ആണെന്ന വ്യാജേനയാണ് ഇരകളെ ലക്ഷ്യമിടുന്നത്.
ബന്ധപ്പെടുമ്പോൾ തട്ടിപ്പുകാർ ഇരുകളുടെ ഫോണിലേക്ക് റിമോട്ട് ആക്സസ് ലഭ്യമാക്കാൻ സഹായിക്കുന്ന ആപ്പുകൾ തന്ത്രപരമായി ഇൻസ്റ്റാൾ ചെയ്യിപ്പിക്കും. തുടർന്ന് ഇരയുടെ സ്വകാര്യ ലോഗിൻ ക്രെഡൻഷ്യലുകളും ബാങ്കിങ് വിശദാംശങ്ങളും ചോർത്തി തട്ടിപ്പ് നടത്തുന്നു. ചെറിയ തുകയുടെ ഇടപാട് നടത്തിച്ച് തട്ടിപ്പുകാരൻ റിമോട്ട് ആപ് വഴി ഇടപാട് നിരീക്ഷിച്ചാണ് അക്കൗണ്ടിലെ പണം ചോർത്തുന്നത്.
എ.ഐ സാങ്കേതിക വിദ്യ
നിർമിത ബുദ്ധി (എ.ഐ) സാങ്കേതിക വിദ്യ പ്രയോഗിച്ചും വലിയ തോതിലാണ് സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നത്. ആരുടെയെങ്കിലും ഫോൺവിവരങ്ങൾ ചോർത്തി, അതിൽ നിന്ന് കൂടുതൽ സംസാരങ്ങളും സാമ്പത്തിക ഇടപാടുകളും നടക്കുന്ന മൊബൈൽ നമ്പറുകൾ കണ്ടെത്തും.
അവയിലെ ഡി.പി ചിത്രത്തിനൊത്ത രൂപം എ.ഐ സാങ്കേതിക വിദ്യയോടെ പുനരാവിഷ്കരിച്ച് മറ്റേയാളുടെ ഫോണിലേക്ക് വിഡിയോകാൾ വിളിക്കുകയും, അപകടം അടക്കം അടിയന്തര സാഹചര്യങ്ങൾ പറഞ്ഞ് പണം അയപ്പിക്കുകയുമാണ് ചെയ്യുന്നത്.
ഉടൻ പരാതി നൽകണം
സൈബർ തട്ടിപ്പിനിരയായാൽ ഉടൻ പരാതി നൽകുകയാണ് ആദ്യം വേണ്ടത്. 1930 എന്ന ടോൾ ഫ്രീ നമ്പറില് ബന്ധപ്പെടുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ ആവാം. പരാതി നൽകിയാൽ ബന്ധപ്പെട്ട അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടിയാണ് ആദ്യം ഉണ്ടാവുക. ഇതോടെ കൂടുതൽ പണം പോകുന്നത് ഒഴിവാക്കപ്പെടും. തുടർന്ന് അന്വേഷണവും നടക്കും.
ശ്രദ്ധിക്കാം ഇക്കാര്യങ്ങളെല്ലാം
- ബാങ്ക് അക്കൗണ്ട് നമ്പർ, എ.ടി.എം കാർഡ് നമ്പർ, ഒ.ടി.പി, പിൻ, ജനന തീയതി, മറ്റുവ്യക്തി വിവരങ്ങൾ എന്നിവ അപരിചിതർക്ക് നൽകരുത്.
- അപരിചിതരുമായുള്ള ഓൺലൈൻ സാമ്പത്തിക ഇടപാട് കഴിവതും ഒഴിവാക്കുക.
- അപരിചിതർ നിർദേശിക്കുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്.
- ജനപ്രിയ സൈറ്റുകളെ ആശ്രയിച്ചും ഉൽപന്നങ്ങളുടെ റിവ്യൂ പരിശോധിച്ചും മാത്രം ഓൺലൈനായി സാധനങ്ങൾ വാങ്ങുക.
- ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ അഡ്രസ് ബാറിൽ ശ്രദ്ധിക്കുക, ഡൊമെയ്ൻ പരിശോധിക്കുക.
- ജോലിയെക്കുറിച്ചും സ്ഥാനപത്തെക്കുറിച്ചും പരിശോധിച്ചശേഷം ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കുക.
- അഡ്വാൻസ് പെയ്മെന്റ് ആവശ്യപ്പെട്ടുള്ള സമ്മാന വാഗ്ദാനം വഞ്ചനയാണ്.
- സേവന ദാതാവിന്റെ അംഗീകൃത വെബ്സൈറ്റുകളിൽ നിന്നുമാത്രം കസ്റ്റമർ സപ്പോർട്ട് തേടുക.
- അജ്ഞാത നമ്പറുകളിൽ നിന്നുള്ള വിഡിയോ കാളുകൾ ഒഴിവാക്കുക.
- അപരിചിതരുമായി ഓൺലൈനിൽ സ്വകാര്യമായി ഇടപെടരുത്. അത്തരം അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്യുക.
- ഒരു എൻഫോഴ്സ്മെന്റ് ഏജൻസിയും ഫണ്ട് കൈമാറാൻ ആവശ്യപ്പെടാറില്ല.
- നിയമാനുസൃതം പ്രവർത്തിക്കുന്ന ലോട്ടറികൾ സമ്മാനത്തുക കിട്ടാൻ മുൻകൂറായി പണം ഈടാക്കാറില്ല.
- നിയമാനുസൃതം പ്രവർത്തിക്കുന്ന ബാങ്കുകളിൽനിന്നുമാത്രം വായ്പയെടുക്കുക.
- പ്ലേ സ്റ്റോർ, ആപ് സ്റ്റോർ തുടങ്ങിയ അംഗീകൃതമായവയിൽ നിന്നുമാത്രം മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക
- ലിങ്കുകളിലൂടെ ലഭിക്കുന്ന എ.പി.കെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്.
- സുരക്ഷിതമായതും പരിചിതമായതുമായ വൈഫൈ നെറ്റ്വർക്കുകൾ മാത്രം ഉപയോഗിക്കുക.
- പാസ്പോർട്ട്, ആധാർ കാർഡ്, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നീ വിവരങ്ങൾ ഓൺലൈനിലെത്തുന്ന പരിചയമില്ലാത്തവരുമായി പങ്കുവെക്കരുത്.
- സെക്യൂരിറ്റി പാച്ചുകളും ആന്റിവൈറസ് സോഫ്റ്റ്വെയറും ഉപയോഗിച്ച് കമ്പ്യൂട്ടറും സ്മാർട്ട് ഫോണും മറ്റുപകരണങ്ങളും അപ്ഡേറ്റാക്കുക.
- നെറ്റ്വർക്ക് സുരക്ഷിതമാക്കാൻ ഫയർവാൾ ഉപയോഗിക്കുക.
- ഓൺലൈൻ അക്കൗണ്ടുകളിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ പ്രവർത്തനക്ഷമമാക്കുക.
- വലിയ അക്ഷരങ്ങൾ, ചെറിയ അക്ഷരങ്ങൾ, അക്കങ്ങൾ, സ്പെഷൽ കാരക്ടറുകൾ എന്നിവ ഉൾപ്പെടുന്ന പാസ്വേഡുകൾ ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.