കെ. വിദ്യക്കെതിരായ കേസ് അന്വേഷിക്കാൻ സൈബർ വിദ്ഗധർ കൂടി; അന്വേഷണ സംഘം വിപുലീകരിച്ചു
text_fieldsപാലക്കാട്: മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്കെതിരായ വ്യാജരേഖ ചമച്ച കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു. സൈബർ വിദ്ഗധരെ കൂടി ഉൾപ്പെടുത്തിയാണ് സംഘം വിപുലീകരിച്ചത്. അഗളി സി.ഐ സലീമിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഷോളയൂർ, ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐ, സിവിൽ സർവീസ് പൊലീസുകാരും ഉൾപ്പെടും.
അതേസമയം, എറണാകുളം മഹാരാജാസ് കോളജിൽ ഗെസ്റ്റ് ലക്ചററായി ജോലി ചെയ്തെന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് അവകാശപ്പെട്ട് വിദ്യ സമർപ്പിച്ച ബയോഡേറ്റ പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. അട്ടപ്പാടി കോളജില്‍ ജൂണ്‍ രണ്ടിന് സമര്‍പ്പിച്ച ബയോഡേറ്റയിലാണ് ഗെസ്റ്റ് അധ്യാപികയായി 20 മാസത്തെ പ്രവൃത്തി പരിചയമുണ്ടെന്ന് വിദ്യ അവകാശപ്പെട്ടിരിക്കുന്നത്.
താൻ വ്യാജരേഖ ഉണ്ടാക്കിയില്ലെന്ന് വിദ്യ പറഞ്ഞു കൊണ്ടിരിക്കെയാണ് ഇല്ലാത്ത പ്രവൃത്തിപരിചയം രേഖപ്പെടുത്തിയ ബയോഡേറ്റ അഗളി പൊലീസിന് ലഭിച്ചത്. നിർണായക തെളിവായ ഇതിൽ വിദ്യയുടെ ഒപ്പുമുണ്ട്. മഹാരാജാസിനുപുറമെ മറ്റ് രണ്ട് കോളജിലായി 17 മാസത്തെ പ്രവൃത്തി പരിചയവുമുണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കാലടി സർവകലാശാലയിലെത്തിയ പൊലീസ്, വിദ്യയുടെ പിഎച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ചിട്ടുണ്ട്. എസ്.എഫ്.ഐക്കാരനായ സുഹൃത്തിനൊപ്പം അട്ടപ്പാടി കോളജിൽ വിദ്യ എത്തുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. രേഖ ചമച്ച കേസിൽ ഇയാളുടെ പങ്ക് പൊലീസ് അന്വേഷിക്കും. വിദ്യ എത്തിയത് മണ്ണാർക്കാട് രജിസ്ട്രേഷനുള്ള വെള്ള സ്വിഫ്റ്റ് കാറിലാണ്. വാഹനം ഓടിച്ചയാളുടെ ചിത്രം വ്യക്തമല്ല.
അതിനിടെ, വിദ്യയെ അഭിമുഖം നടത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അഗളി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ഒളിവില്‍ കഴിയുന്ന വിദ്യക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.