വരുന്നു, പൊലീസിൽ സൈബര്‍-സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങൾ
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസിൽ രണ്ട് വിഭാഗങ്ങള്‍കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക സൈബര്‍ കുറ്റാന്വേഷണ വിഭാഗവും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് ഇക്കണോമിക് ക്രൈം വിങ്ങുമാണ് (സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം) തുടങ്ങുക. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ നോട്ടീസിന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.എച്ച്.ഒമാരില്‍നിന്ന് എസ്.ഐമാര്‍ക്ക് തിരികെ നല്കാൻ തീരുമാനമില്ല. അത്തരത്തിൽ വാര്‍ത്ത വായിച്ചുവെന്നല്ലാതെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ജില്ല പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലകളിലെ സ്ഥിരം കുറ്റവാളികളെയും അവരുടെ പണമിടപാടുകളെയും മറ്റു പ്രവര്‍ത്തനങ്ങളെയും നിരീക്ഷിക്കുന്നു. എസ്.എച്ച്.ഒമാരുടെ നേതൃത്വത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷന് പരിധിയിലെ ഗുണ്ടകളുടെ പ്രവര്‍ത്തനം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും അമര്‍ച്ച ചെയ്യുന്നതിന് ഓപറേഷന് കാവല്‍ എന്ന പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചു. കുറ്റവാളികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ച് പൊലീസ് സ്റ്റേഷന് തലത്തില്‍ ഹിസ്റ്ററി ഷീറ്റുകള്‍ തയാറാക്കി സൂക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.