കോഴിക്കോട്ട് നാല് കോടിയുടെ സൈബർ തട്ടിപ്പ്; പ്രതികളെ രാജസ്ഥാനിലെത്തി പിടികൂടി പൊലീസ്
text_fieldsകോഴിക്കോട്: സൈബർ തട്ടിപ്പിലൂടെ കോഴിക്കോട് 4.08 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളെ രാജസ്ഥാനിലെ ബഡിസാദരിയില്‍ വെച്ച് കോഴിക്കോട് സൈബര്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. വാട്സ്ആപ്പിലും ഫോണ്‍ വഴിയും ബന്ധപ്പെട്ട് സഹായാഭ്യർഥന നടത്തിയാണ് പ്രതികൾ പണം തട്ടിയത്. മുഖ്യ പ്രതി സുനില്‍ ദംഗി (48), കൂട്ടുപ്രതി ശീതള്‍ കുമാര്‍ മേത്ത (28) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി മുതൽ ആഗസ്റ്റ് വരെ പലപ്പോഴായാണ് പണം തട്ടിയത്.
തനിക്ക് കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടെന്നും, ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിലാണെന്നും പറഞ്ഞാണ് പ്രതികൾ സഹായമഭ്യര്‍ഥിച്ചത്. ഇക്കാര്യം തെളിയിക്കാനായി വ്യാജ ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും ഉൾപ്പെടെ അയച്ച് പരാതിക്കാരന്റെ സഹതാപവും സഹാനുഭൂതിയും ചൂഷണം ചെയ്തുകൊണ്ടാണ് പ്രതികള്‍ പണം തട്ടിയത്. വാങ്ങിയെടുത്ത പണം തിരികെ നല്‍കാനായി പരാതിക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ കുടുംബസ്വത്ത് വിറ്റ് തിരികെ നല്‍കാമെന്നാണ് ഇവർ പറഞ്ഞത്.
എന്നാല്‍ സ്വത്ത് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് സാമുദായിക കലാപമുണ്ടായെന്നു പറഞ്ഞാണ് പിന്നീട് ഫോൺ കാൾ വന്നത്. ആത്മഹത്യയും കൊലപാതകവും ഉള്‍പ്പെടെ നടന്നുവെന്നും പരാതിക്കാരന്‍ ഉള്‍പ്പെടെ കേസില്‍ പ്രതിയാകുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ആണെന്ന വ്യാജേന ബന്ധപ്പെടുന്നയാൾ പറഞ്ഞു. കേസിൽനിന്ന് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോടികൾ തട്ടിയത്.
തട്ടിയെടുത്ത പണം പ്രതികൾ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചൂതാട്ടകേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ ഗെയിമിങ് സൈറ്റുകളിലും ചെലവഴിക്കുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും അന്വേഷണ സംഘം കണ്ടെത്തി. മൊബൈല്‍ ഫോണുകളില്‍നിന്നും ഇരയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റ്കളുടെയും ബാങ്ക് ഇടപാടുകളുടെയും വിവരം ശേഖരിച്ചു. പ്രതികളെ വൈകാതെ കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.