ആലുവയിൽ 'പട്ടാള'മിറങ്ങി; മീൻകാരന്‍റെ അക്കൗണ്ട് കാലിയാക്കി, കോഴിക്കച്ചവടക്കാരൻ തലനാരിഴക്ക് രക്ഷപ്പെട്ടു
text_fieldsആലുവ: പട്ടാളത്തിൽ നിന്നാണെന്ന് പറഞ്ഞാണ് ആലുവയിൽ ചെറുകിട മീൻ വിൽപന നടത്തുന്നയാൾക്ക് മൊബൈലിൽ വിളിവന്നത്. നാലാം മൈലിൽ ഒരു സൈനിക ഓപ്പറേഷന്‍റെ ഭാഗമായി തങ്ങൾ ക്യാമ്പ് ചെയ്തിട്ടുണ്ടെന്നും 10 കിലോഗ്രാം മീൻ വേണമെന്നുമായിരുന്നു ഹിന്ദിയിൽ പറഞ്ഞത്. പട്ടാളക്കാരോട് സ്നേഹവും അടുപ്പവുമുള്ള കച്ചവടക്കാരൻ മീൻ ഒരുക്കി വച്ചു. ഡ്രൈവറെ അയച്ച് മീൻ വാങ്ങിക്കോളാമെന്നും വിളിച്ചവർ പറഞ്ഞു.
പണം ഗൂഗിൾ പേ വഴി അയക്കാൻ വിൽപനക്കാരൻ ആവശ്യപ്പെട്ടപ്പോൾ മിലിട്ടറിയിൽ ആ സംവിധാനം ഇല്ലെന്നും 'കാർഡ് ടു കാർഡ് ' വഴി അയച്ചു തരാമെന്നും മറുപടി നൽകി. അതിനായി എ.ടി.എം കാർഡിൻറെ രണ്ടുവശവും ഫോട്ടോയെടുത്ത് വാട്സ് ആപ്പ് വഴി അയക്കാൻ ആവശ്യപ്പെട്ടു. കച്ചവടക്കാരൻ അതുപോലെ ചെയ്തു. വിളിക്കുന്നത് പട്ടാളക്കാരനാണെന്ന് ഉറപ്പു വരുത്താൻ വിളിച്ചയാൾ തിരിച്ചറിയൽ കാർഡിന്‍റെ കോപ്പിയും ഫോട്ടോയും അയച്ചു നൽകി.
വിൽപ്പനക്കാരന് മൊബൈലിൽ വന്ന ഒ.ടി.പി നമ്പർ 'പട്ടാള'ക്കാരന് അയച്ചു കൊടുത്തു. തുടർന്ന് പണം വന്നോ എന്ന് നോക്കാൻ അക്കൗണ്ട് നോക്കിയ കച്ചവടക്കാരൻ ഞെട്ടിത്തരിച്ചു! അക്കൗണ്ടിൽ ആകെ ഉണ്ടായിരുന്ന 2650 രൂപ 'പട്ടാളം' അടിച്ചുമാറ്റിയിരിക്കുന്നു....! തലേന്ന് ഗൂഗിൾ പേ വഴി കിട്ടിയതും ആശുപത്രിയിൽ കൊണ്ടുപോകാൻ വച്ചതുമായ തുകയാണ് ഒൺലൈൻ തട്ടിപ്പു സംഘം 'പട്ടാളം' ചമഞ്ഞ് കൊണ്ടുപോയത്.
കീഴ്മാട് കോഴിക്കച്ചവടം നടത്തുന്ന സുബിൻ എന്നയാൾ തലനാരിഴക്കാണ് തട്ടിപ്പ് പട്ടാളത്തിൽനിന്ന് രക്ഷപ്പെട്ടത്. മിലിട്ടറിയിൽ നിന്നാണെന്ന് പറഞ്ഞാണ് സുബിനും വിളി വന്നത്. ആലുവയിൽ രഹസ്യമായി ക്യാമ്പ് ചെയ്തിരിക്കുകയാണെന്നും 15 കിലോഗ്രാം ഇറച്ചി വേണമെന്നുമായിരുന്നു ആവശ്യം. ഇറച്ചി തയ്യാറാക്കിയ ശേഷം വീണ്ടും വിളി വന്നു. പണം അക്കൗണ്ടിലിടാൻ എ.ടി.എം കാർഡിൻറെ ഇരുവശവും ഫോട്ടോയെടുത്ത് അയക്കാൻ പറഞ്ഞു. തട്ടിപ്പാണെന്ന് സംശയം തോനിയ സുബിൻ രണ്ടു രൂപ മാത്രമുള്ള, ഉപയോഗിക്കാത്ത അക്കൗണ്ടിന്‍റെ എ.ടി.എം കാർഡിന്‍റെ ചിത്രം അയച്ചു കൊടുത്തു. അക്കൗണ്ടിൽ പണമില്ലെന്നറിഞ്ഞ തട്ടിപ്പുസംഘം മിനിമം ആയിരം രൂപയുള്ള എ.ടി.എം കാർഡിലേക്ക് മാത്രമേ പണം അയക്കാനാവൂ എന്ന് പറഞ്ഞു തിരികെ വിളിച്ചു.
ഇതോടെ തട്ടിപ്പാണെന്ന് ഉറപ്പിച്ച സുബിൻ, കൂടുതൽ സംസാരത്തിന് നിൽക്കാതെ ഫോൺ കട്ട് ചെയ്തു. മുറിച്ച് െവച്ച മാംസം കൂട്ടുകാർക്ക് ഫ്രീയായി വിതരണം ചെയ്തു.
ഹോട്ടലുകളിലേക്ക് വിളിച്ച് ഭക്ഷണം ഓർഡർ ചെയ്തും ഇത്തരം തട്ടിപ്പ് വ്യാപകമായി നടക്കുന്നണ്ട്. നാണക്കേട് നിമിത്തം പലരും പുറത്ത് പറയുന്നില്ല. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് നിരവധി പേർ വിളിച്ചു പറയുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
ജനങ്ങളെ വിശ്വസിപ്പിക്കാൻ വിവിധ സർക്കാർ ഏജൻസികളിലാണെന്നാണ് പറയുക. അതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വ്യാജ ചിത്രങ്ങളും ഐഡി കാർഡുകളും അയക്കുകയും ചെയ്യും. ഇത് യഥാർത്ഥമാണെന്ന് വിശ്വസിച്ചാണ് ആളുകൾ തട്ടിപ്പിൽ വീഴുക.
എ.ടി.എം കാർഡിലെ നമ്പർ ഒരുകാരണവശാലും പറഞ്ഞു കൊടുക്കരുത്!
ഓൺലൈൻ പണമിടപാട് നടത്താൻ എ.ടി.എം കാർഡിലെ വിവരങ്ങൾ മാത്രം മതി. കാർഡ് വേണമെന്നില്ല. കാർഡിലെ നമ്പറുകളും കാലാവധിയും അടിച്ചാൽ ഒരു ഒ.ടി.പി മൊബൈലിൽ ലഭിക്കും. ഇതുകൂടി രേഖപ്പെടുത്തിയാൽ ഇടപാട് കഴിഞ്ഞു. പണം എത്തേണ്ടിടത്ത് എത്തും.
അതിനാൽ, ഒരു കാരണവശാലും എ.ടി.എം കാർഡിലെ നമ്പറുകൾ പറഞ്ഞു കൊടുക്കുകയോ ചിത്രം ആയച്ചു കൊടുക്കുകയോ അരുതെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് ആവശ്യപ്പെട്ടു. ഒ.ടി.പി നമ്പറുകളും പങ്കു വയ്ക്കരുത്. അങ്ങനെ ചെയ്താൽ സാമ്പത്തിക നഷ്ടം വരും. ആലുവയിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും എസ്.പി അറിയിച്ചു.
തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് 155260 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതികൾ അറിയിക്കാം. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചതിനെ തുടർന്നാണ് നടപടി. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് കേന്ദ്രീകൃത കാൾ സെന്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.