ശക്തമായ പാസ്വേർഡ് മുതൽ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകള്‍ വരെ; ഒാൺലൈനിൽ സുരക്ഷിതരാകാനുള്ള മാർഗങ്ങൾ ഇതാണ്
text_fieldsതെരുവുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ ആളുകൾ ഒാൺലൈൻ ലോകത്ത് എത്തിയതോടെ തട്ടിപ്പുകളും വ്യാപകമായിട്ടുണ്ട്. ബാങ്ക് ഡീറ്റയിൽസ് തട്ടിയെടുത്ത് പണംകവരുക, ചിത്രങ്ങൾ അടിച്ചുമാറ്റി അശ്ലീല സൈറ്റുകളിൽ ഇടുക, വീഡിയോ ചാറ്റ് ചെയ്ത് ബ്ലാക്മെയിൽ ചെയ്യുക തുടങ്ങി അനേകം കുറ്റകൃത്യങ്ങളാണ് വെബ് ലോകത്ത് അരങ്ങേറുന്നത്. ഭൗതികമായി നാം ഒരു സ്വകാര്യ ലോകത്താണ് ഇരിക്കുന്നതെങ്കിലും ലക്ഷക്കണക്കിനുപേർ വന്നുപോകുന്ന വിർച്വൽ ലോകം ചുറ്റുമുണ്ടെന്ന ബോധ്യമാണ് ഒാൺലൈനിൽ പെരുമാറുേമ്പാൾ ആദ്യം ഉണ്ടാകേണ്ടത്.
ഭൗതികലോകത്തുള്ള എല്ലാത്തരം കുറ്റകൃത്യങ്ങളും നടക്കാൻ സാധ്യതയുള്ള സ്ഥലവുമാണ് സൈബർ ഇടങ്ങൾ. ഒാൺലൈനിൽ സുരക്ഷിതരാകാനുള്ള നിരവധി മാർഗനിർദേശങ്ങൾ പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ചു. ശക്തമായ പാസ്വേർഡ് സ്വീകരിക്കുക മുതൽ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകള്‍ ശീലമാക്കുകവരെ നിരവധി നിർദേശങ്ങൾ ഇതിലുണ്ട്. നിർദേശങ്ങളുടെ പൂർണരൂപം താഴെ.
1) നിങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ ഭാവി പദ്ധതികൾ, നിങ്ങളുടെ സ്ഥാനം വെളിപ്പെടുത്തുന്ന വിവരങ്ങൾ, ഫോൺ, വിലാസം, എന്നിവ ഒഴിവാക്കുക.
2) ഓൺലൈനിൽ പങ്കിടുന്ന ഫോട്ടോകളിൽ, ജി.പി.എസ് ലൊക്കേഷനുകൾ, ലാൻഡ്മാർക്ക്, വീട്, വാഹനങ്ങളുടെ നമ്പർ തുടങ്ങിയവ ഒഴിവാക്കുക.
3) ശക്തമായ പാസ്‌വേഡ് ഉപയോഗിക്കുക. ഉദാഹരണമായി (TOYOTA, MONKEY, JUPITER) എന്നീ വാക്കുകൾ ഉപയോഗിച്ച് (tOyOt4mOnk3yyjupi73r ) ഈ രൂപത്തിലാക്കുക.
4) കൂടുതൽ സുരക്ഷിതമായ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുക. ഫയർഫോക്സ്, ഓപ്പൺ ഓഫീസ്, വി.എൽ.സി മീഡിയാ പ്ലേയർ, ലിനക്സ് തുടങ്ങിയവ ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്കായി prism-break.org പരിശോധിക്കുക.
5) ശരിയായ വെബ്സൈറ്റിലേക്ക് ആണ് കണക്ട് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുക. വിലാസ ബാറിൽ https:// ഉറപ്പാക്കുക.
6) ഒരു ഫയർവാൾ ആപ്ലിക്കേഷൻ ഉപയോഗിക്കുക. നിങ്ങളുടെ ഫോണിൽ ഒരു ഫയർവാൾ ആപ്ലിക്കേഷൻ ഉപയോഗിച്ച് ആവശ്യമുള്ള ആപ്പുകള്‍ക്ക് മാത്രം ഇൻറർനെറ്റ് നൽകുക.
7) പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കരുത്. ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയർ നിങ്ങൾക്ക് തിരയാൻ "Opensource media player", Opensource camera app" എന്ന കീ വേര്‍ഡുകള്‍ ഉപയോഗിക്കുക.
8)ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ ശ്രദ്ധിക്കുക. ആപ്ലിക്കേഷനുകളുടെ വ്യവസ്ഥകൾ, അനുമതികൾ, നിബന്ധനകൾ എന്നിവ നിർബന്ധമായും വായിക്കുക.
9) ഗെയിമുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഇതിൽ ആവശ്യപ്പെട്ടാലും നൽകാതിരിക്കുക. അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ നൽകുക.
10) വീഡിയോകോൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക. കാരണം ചാറ്റുകളും, വീഡിയോ കോളുകളും റെക്കോർഡ് ചെയ്യാനാകും.
11) സ്വിച്ച് ഓഫ് ചെയ്യാൻ പഠിക്കുക. വിഷാദവും, സോഷ്യൽ മീഡിയയും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സങ്കടപ്പെട്ട് ഇരിക്കുമ്പോൾ മറ്റുള്ളവരുടെ സന്തോഷകരമായ നിമിഷങ്ങൾ കാണുമ്പോൾ നമ്മൾ കൂടുതൽ പ്രശ്നത്തിലേക്ക് പോകുന്നു. അതുകൊണ്ടുതന്നെ മനസിന്റെ സന്തോഷത്തിനായി ഓൺലൈൻ ഓഫ് ചെയ്തു, കലകൾ, പുസ്തകങ്ങൾ വായിക്കുക, സംഗീതം കേൾക്കുക, പ്രകൃതി മുതലായവയെ ആശ്രയിക്കുക. അങ്ങനെ സ്വയം മനസ്സിനെ ശാന്തമാക്കുക.
12) തെളിവുകൾ സംരക്ഷിക്കുക. അനാവശ്യമായ ആളുകളിൽ നിന്ന് ലൈംഗികച്ചുവയുള്ള നിർദ്ദേശങ്ങളോ, സന്ദേശങ്ങളോ കിട്ടിയാൽ ഉടൻതന്നെ മായ്ക്കാതെ തെളിവിനായി സൂക്ഷിക്കുക.
13) സഹായം ആവശ്യമായി വന്നാൽ എത്രയും പെട്ടെന്ന് തന്നെ സുഹൃത്തുക്കളുടെയോ, വീട്ടുകാരുടെയോ, പോലീസുകാരുടെയോ, അടുത്ത് സഹായം അഭ്യർഥിക്കുക.
14) ഉപയോഗത്തിലില്ലാത്തപ്പോൾ ഫോണിലെ ബ്ലൂടൂത്തും, വൈ-ഫൈയും ഓഫാക്കുക.
15) ഓണ്‍ലൈന്‍ അക്കൗണ്ട്‌കളില്‍ ടു-ഫാക്ടര്‍ ഓതൻറിക്കേഷന് ഉപയോഗിക്കുക.
16) അധിക പരിരക്ഷയ്ക്കായി, ഫോണിലെ സ്ക്രീൻ ലോക്കുചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.