സൈബര്‍ ഡോമിലെ ‘എത്തിക്കല്‍ ഹാക്കിങ്’; മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി
text_fieldsതിരുവനന്തപുരം: സ്വകാര്യ ഐ.ടി കമ്പനികളുടെ സഹകരണത്തോടെ കേരള പൊലീസ് നടപ്പാക്കുന്ന ‘സൈബര്‍ ഡോം’ പദ്ധതിക്ക് പിന്നിലെ അധാര്‍മിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടി.
ടെക്നോപാര്‍ക് കേന്ദ്രീകരിച്ച് സൈബര്‍ ലോകത്തെ നിരീക്ഷിക്കാന്‍ ‘എത്തിക്കല്‍ ഹാക്കിങ്’ നടത്തുന്നെന്ന അവകാശവാദവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ വ്യാപകമാണെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങള്‍ മുന്‍കൂട്ടി അറിയാനും തടയാനും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച പദ്ധതിയാണ് ‘സൈബര്‍ ഡോം’.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സൈബര്‍ ഹാക്കിങ് നടത്താനാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാലിവിടെ ഐ.പി.എസ് ഉന്നതരുടെ ഒത്താശയോടെ പ്രമുഖരുടെ ഫോണും ഇ-മെയിലും ചോര്‍ത്തുന്നതായാണ് മുഖ്യമന്ത്രിക്ക് ലഭിച്ച വിവരം. വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന്‍െറ ഫോണ്‍ ചോര്‍ത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ‘സൈബര്‍ ഡോം’ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കാനാണ് തീരുമാനം. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തുതന്നെ ഇവിടെ ഫോണ്‍ചോര്‍ത്തല്‍ വ്യാപകമായിരുന്നെന്നാണ് പ്രാഥമിക വിവരം. ഐ.ജി റാങ്കിലെ ഉദ്യോഗസ്ഥനാണ് സൈബര്‍ ഡോമിന്‍െറ ചുമതല. ഇവിടെ ജോലിനോക്കുന്ന സ്വകാര്യജീവനക്കാര്‍ക്ക് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ്, ഡെപ്യൂട്ടി കമാന്‍ഡന്‍റ് എന്നിങ്ങനെയാണ് സ്ഥാനപ്പേര് നല്‍കിയിട്ടുള്ളത്. സ്വകാര്യസ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരം സ്ഥാനപ്പേരുകള്‍ നല്‍കിയിട്ടുള്ളത്. ഇവരില്‍ ഒരു ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ചിന് കീഴിലുള്ള സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഡിവൈ.എസ്.പിയുടെ കസേരയില്‍ കയറിയിരുന്നത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍, ഒരു ഐ.ജി ഇടപെട്ട് പ്രശ്നം ഒതുക്കിത്തീര്‍ത്തു.
സൈബര്‍ ഡോമിന്‍െറ ‘സാധ്യതകള്‍’ പ്രയോജനപ്പെടുത്താന്‍ മറ്റൊരു ഐ.ജിയും ശ്രമിച്ചിരുന്നു. തനിക്ക് താല്‍പര്യമുള്ള ചിലരുടെ വിവരങ്ങള്‍ ചോര്‍ത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം ചിലരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സര്‍ക്കാറിന്‍െറ അനുമതിയില്ലാതെ സൈബര്‍ഡോമില്‍ നടക്കുന്ന ‘ഹാക്കിങ് നടപടികള്‍’ ഉദ്യോഗസ്ഥര്‍ വ്യക്തിവിരോധം തീര്‍ക്കാനാണ് ഉപയോഗിക്കുന്നതത്രെ.
ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഇന്‍റലിജന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.