നിദ ഫാത്തിമയുടെ മരണം: സൈക്കിൾ പോളോ ഫെഡറേഷൻ ഭാരവാഹികൾ ഹാജരാകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പുരിലെത്തിയ പത്ത് വയസ്സുകാരി നിദ ഫാത്തിമയുടെ മരണത്തിൽ ഹൈകോടതിയുടെ ഇടപെടൽ. മരണത്തിന് സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ ഉത്തരവാദികളാണെന്നാരോപിച്ച് കേരള സൈക്കിൾ പോളോ അസോസിയേഷൻ നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് ജസ്റ്റിസ് വി.ജി. അരുൺ പരിഗണിച്ചത്.
ഭക്ഷ്യവിഷബാധയെ തുടർന്നു ചികിത്സക്കിടെ കുട്ടി മരിച്ച സംഭവത്തിൽ ഫെഡറേഷൻ സെക്രട്ടറി, സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരള സെക്രട്ടറി എന്നിവർ ജനുവരി 12ന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു.
ഹൈകോടതിയുടെ ഉത്തരവോടെ മത്സരിക്കാനെത്തിയ ടീമിന് ഭക്ഷണം, താമസം, ഗതാഗത സൗകര്യം തുടങ്ങിയവ നൽകിയില്ലെന്നും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്നും ഹൈകോടതിയുടെ 15ലെ ഉത്തരവുകൾ ലംഘിച്ചെന്നും ആരോപിച്ചാണ് ഹരജി. ടീം അംഗങ്ങൾക്ക് ഭക്ഷണവും താമസവും നൽകാതിരുന്നതിനാൽ പ്രദേശത്തെ ഡോർമിറ്ററിയിൽ താമസിക്കേണ്ടിവന്നു. ഇവിടെവെച്ച് രോഗബാധിതയായ നിദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ പത്തിന് മരിച്ചു.
കേരള സൈക്കിൾ പോളോ അസോസിയേഷൻ തെരഞ്ഞെടുത്ത ടീമെന്ന നിലയിൽ മത്സരത്തിൽ പങ്കെടുക്കാൻ ഹൈകോടതി ഉത്തരവോടെയെത്തിയവർക്ക് സൗജന്യ താമസം ഉൾപ്പെടെ നൽകാനുള്ള ഉത്തരവാദിത്തം സൈക്കിൾ പോളോ ഫെഡറേഷനുണ്ടെന്നാണ് ഹരജിയിലെ ആരോപണം. ഫെഡറേഷന്‍റെ പേരിൽ 50,000 രൂപ അസോസിയേഷൻ അടച്ചിരുന്നു.
കേരള സ്പോർട്സ് കൗൺസിലിന്റെ ധനസഹായത്തോടെയാണ് നാഗ്പുരിൽ 21ന് ടീം എത്തിയത്. പങ്കെടുക്കാൻ കഴിയില്ലെന്നാണ് അറിയിച്ചതെങ്കിലും കേന്ദ്ര യുവജന -കായിക മന്ത്രാലയം വിശദീകരണം ചോദിച്ചതോടെ അനുമതി നൽകി. ഭക്ഷണവും താമസവും നൽകാത്തതിനെക്കുറിച്ച് കേന്ദ്ര മന്ത്രാലയം ആരാഞ്ഞപ്പോൾ സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരള സ്പോൺസർ ചെയ്ത ടീമിന് ഭക്ഷണവും താമസവും നൽകിയെന്ന മറുപടിയാണ് നൽകിയത്.
ഭക്ഷണവും താമസവും നൽകാനുള്ള ഉത്തരവില്ലെന്നും തങ്ങളുടെ ടീം പങ്കെടുക്കുന്നതിനെ കോടതി വിലക്കിയിട്ടില്ലെന്നുമായിരുന്നു സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ നിലപാടെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

