സൈക്കിള്‍ യജ്ഞവും; സിനിമാകൊട്ടകയും പഴമയുടെ കാഴ്ചകളുമായി സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ട്
text_fieldsതിരുവനന്തപുരം :സൈക്കിള്‍ യജ്ഞവും ട്രൗസറിട്ട പഴയ പൊലീസുകാരനും അഞ്ചലാപ്പീസും മലയാളിയെ വീണ്ടും ഓര്‍മിപ്പിച്ച് കേരളീയം വേദിയായ സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ട്. പോയകാലത്തെ നിത്യക്കാഴ്ചകളെ ഓര്‍മിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളാണ് സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടിലെ വേദിയില്‍ ഒരുക്കിയിരിക്കുന്നത്. ട്രൗസറിട്ട്, തൊപ്പിയും അണിഞ്ഞ് വടിയും പിടിച്ചു നില്‍ക്കുന്ന പഴയകാല പൊലീസുകാര്‍, പാന്റും തൊപ്പിയും ഇട്ട ഇന്നത്തെ പൊലീസുകാരുടെ ഇടയില്‍ ഒരു കൗതുക കാഴ്ച്ചയാവും.
മാറുന്ന തലമുറയ്ക്കൊപ്പം മാഞ്ഞുപോയ സൈക്കിള്‍ യജ്ഞം അതേപടി ഇവിടെ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മൈതാനത്തിനു നടുക്ക് ടെന്റ് കെട്ടി പഴയ കാല ഡിസ്‌കോ ഗാനങ്ങള്‍ക്കും സിനിമാ ഗാനങ്ങള്‍ക്കും ഒപ്പം ചുവടുവയ്ക്കുന്ന നര്‍ത്തകര്‍ക്ക് ചുറ്റും സൈക്കിളില്‍ വട്ടം കറങ്ങുന്ന അഭ്യാസി, ട്യൂബ് ലൈറ്റ് ദേഹത്ത് അടിച്ചുപൊട്ടിക്കുക, നെഞ്ചില്‍ അരകല്ല് വച്ച് അരികുത്തുക എന്നിങ്ങനെയുള്ള വിവിധ സാഹസിക പ്രകടനങ്ങള്‍ കാണാന്‍ നിരവധി സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്.
ഷീറ്റ് കൊണ്ടു മറച്ചു ബെഞ്ചിട്ട കുത്തുകള്‍ ഉള്ള സ്‌ക്രീനും ഫിലിം റീലുകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പ്രോജക്ടറും കാണിച്ചു തരുന്ന പഴയ 'സിനിമാകൊട്ടക' കാണാനും വലിയ തിരക്കാണ്. പഴയ കാലത്തെ പോസ്റ്റ് ആഫീസായ 'അഞ്ചലാപ്പീസി'നെയും പഴമയുടെ ഫീലില്‍ അവതരിപ്പിക്കുന്നുണ്ട്.
ഓലമേഞ്ഞ കുടിലില്‍ റാന്തലിന്റെ മുന്നിലിരുന്ന് പഠിക്കുന്ന കുട്ടികളും, ചാരു കസേരയില്‍ ഇരുന്ന് പഠിപ്പിക്കുന്ന ആശാനും അടങ്ങുന്ന 'കുടിപ്പള്ളിക്കൂടം' മലയാളികളുടെ മുഴുവന്‍ പഴയകാല സ്മരണകളുടെ പ്രതീകമാണ്. ഇവ കൂടാതെ കടമ്പനാടന്റെ ഓലമേഞ്ഞ ചായക്കട, ചെറിയ ബസ് വെയ്റ്റിങ് ഷെഡ്, പാട്ടു കേള്‍ക്കുന്ന ഗ്രാമഫോണ്‍ എന്നിവയും പ്രതീകാത്മകമായി അവതരിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.