ബംഗാള്‍ ഉള്‍ക്കടലില്‍ 'ബുർവി' ചുഴലിക്കാറ്റ് രൂപംകൊണ്ടു; തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് സാധ്യതാ മുന്നറിയിപ്പ്
text_fieldsതിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ച് ബുർവി ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേത്തുടര്‍ന്ന് തെക്കന്‍ കേരളം-തെക്കന്‍ തമിഴ്നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് ഡിസംബര്‍ 2ന് വൈകീട്ടോടെ ശ്രീലങ്കന്‍ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ശ്രീലങ്കന്‍ തീരത്തെത്തുമ്പോള്‍ ചുഴലിക്കാറ്റിന് അകത്തെ കാറ്റിന്‍റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 75 മുതല്‍ 85 കിമീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചുഴലിക്കാറ്റ് ഡിസംബര്‍ മൂന്നോടു കൂടി ഗള്‍ഫ് ഓഫ് മാന്നാറിലെത്തുകയും 4ന് പുലര്‍ച്ചെയോടെ കന്യാകുമാരിയുടെയും പാമ്പന്‍റെയും ഇടയിലൂടെ തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കുകയും ചെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
ബുധനാഴ്ച മുതൽ 4 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരളത്തിനുള്ള മുന്നറിയിപ്പ്:
-ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരളാ തീരത്ത് നിന്ന് കടലില്‍ പോവുന്നത് പൂര്‍ണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും.
-നിലവില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണം.
-ചുഴലിക്കാറ്റിന്‍റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോവാന്‍ അനുവദിക്കുന്നതല്ല.
തിരുവനന്തപുരം ജില്ലയിലെ 48 വില്ലേജുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ ജില്ല കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ നിര്‍ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മൂലം കോട്ടയം ജില്ലയിലെ 48 തദ്ദേശ സ്ഥാപന മേഖലകളില്‍ ശക്തമായ കാറ്റുണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.