കൊടുങ്കാറ്റും പേമാരിയും; കെ.എസ്.ഇ.ബിക്ക് 51.4 കോടി രൂപയുടെ നാശനഷ്ടം.!
text_fieldsതിരുവനന്തപുരം: മഴക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ കെ.എസ്.ഇ.ബിക്ക് വൻ നാശനഷ്ടം. സംസ്ഥാനത്താകെ 51.4 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. മലബാർ മേഖലയിലാണ് കെ.എസ്.ഇ ബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കാര്യമായ നഷ്ടം സംഭവിച്ചത്.
പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 5961 വിതരണ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. 11 ലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സമുണ്ടായിരുന്നു. കണ്ണൂർ, ശ്രീകണ്ഠപുരം, കാസറഗോഡ് , പാലക്കാട് , ഷൊർണൂർ , കൊട്ടാരക്കര, കോഴിക്കോട്, വടകര ഇലക്ട്രിക്കൽ സർക്കിളുകളെയും പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിളിലെ അടൂർ ഡിവിഷനെയുമാണ് കാറ്റു മൂലമുണ്ടായ നാശനഷ്‌ടം തീവ്രമായി ബാധിച്ചിട്ടുള്ളത്. നിലവിലെ കണക്കുകൾ പ്രകാരം 1694 ഹൈ ടെൻഷൻ പോസ്റ്റുകളും 10,836 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടർന്ന് ഹൈ ടെൻഷൻ വൈദ്യുതി കമ്പികൾ 1117 സ്ഥലങ്ങളിലും ലോ ടെൻഷൻ കമ്പികൾ 19,571 സ്ഥലങ്ങളിലും പൊട്ടിവീണു. ലഭ്യമായ കണക്കുകൾ പ്രകാരം വിതരണ മേഖലയിൽ ഏകദേശം 51.4 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചുഴലികാറ്റ് പ്രധാനമായും കണ്ണൂർ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലുള്ള ചാലോട് , മയ്യിൽ , ചക്കരക്കൽ , പാപ്പിനിശ്ശേരി , എയെച്ചൂർ , കോളയാട് , കൊളച്ചേരി , കതിരൂർ എന്നീ സെക്ഷൻ ഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ വൈദ്യുത ശൃംഖലയ്ക്കാണ് നാശം വിതച്ചത്. ഈ മേഖലയിലെ 2688 വിതരണ ട്രാൻസ്ഫോർമറുകളുടെ കീഴിൽ അഞ്ച് ലക്ഷത്തില്‍ അധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടിരുന്നു. കണ്ണൂർ ഇലക്ട്രിക്കൽ സർക്കിളിനു കീഴിൽ കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിൽപ്പരം ഉപഭോക്താക്കൾക്കുണ്ടായിരുന്ന വൈദ്യുതി തടസം പരിഹരിച്ചുകഴിഞ്ഞു. ഇനി 17,000 ഉപഭോക്താക്കൾക്ക് മാത്രമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ളത്. ഈ ദിവസങ്ങളിൽ എല്ലാ വൈകുന്നേരങ്ങളിലും ഉണ്ടാകുന്ന തീവ്രമായ കാറ്റ് വൈദ്യുതി വിതരണ മേഖലയാകെ തകരാറിലാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ശ്രീകണ്ഠപുരം സർക്കിളിനു കീഴിലെ എല്ലാ സെക്ഷനുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട് . വൈദ്യുതി പൂർണ്ണമായും പുനഃ സ്ഥാപിക്കാൻ മൂന്ന് ദിവസം ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു. കൽപ്പറ്റ സർക്കിളിനു കീഴിൽ കോറം , പവിഞ്ഞാൽ , വെള്ളമുണ്ട , ബത്തേരി ഈസ്റ്റ്, മീനങ്ങാടി എന്നീ സെക്ഷനുകളെയാണ് ചുഴലിക്കാറ്റ് പ്രധാനമായും ബാധിച്ചിട്ടുള്ളത് . വൈദ്യുതി പൂർണ്ണമായും പുനഃ സ്ഥാപിക്കാൻ മൂന്നു ദിവസം ആവശ്യമായി വരും.
മുള്ളേരിയ , രാജപുരം, നല്ലോമ്പുഴ, ഭീമനടി സെക്ഷനുകളെയാണ് കാസർകോഡ് ഇലക്ട്രിക്കൽ സർക്കിളിനു കീഴിൽ ചുഴലിക്കാറ്റ് ബാധിച്ചിട്ടുള്ളത്. ഇന്ന് തന്നെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വൈകീട്ട് വീണ്ടും കാറ്റ് തീവ്രമായതോടെ കാഞ്ഞങ്ങാട് ഡിവിഷനു കീഴിലുള്ള സെക്ഷനുകളെയും ബാധിച്ച സ്ഥിതിയിൽ പുനസ്ഥാപന പ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഒരു ദിവസം കൂടി ആവശ്യമായി വരും.
ഷൊർണ്ണൂർ ഇലക്ട്രിക്കൽ സർക്കിളിനു കീഴിൽ ചെർപ്പുളശ്ശേരി സെക്ഷനെയാണ് ചുഴലിക്കാറ്റ് കഠിനമായി ബാധിച്ചത്. വ്യാപകമായ നാശനഷ്ടം ഉണ്ടായെങ്കിലും കണക്ഷൻ പുനഃസ്ഥാപിക്കുന്ന പ്രവൃത്തികൾ അതിവേഗം നടന്നു വരികയാണ്. ഹൈ ടെൻഷൻ ഫീഡറുകൾ മിക്കവാറും പുനഃസ്ഥാപിച്ചുകഴിഞ്ഞു. വ്യക്തിഗത പരാതികൾ ഒരു ദിവസം കൊണ്ടു പൂർണ്ണമായി പരിഹരിക്കാൻ സാധിക്കുമെന്നും പ്രത്യാശിക്കുന്നു.
കോഴിക്കോട് സർക്കിളിനു കീഴിലെ പൊറ്റമേൽ , മാങ്കാവ്, വടകര സർക്കിളിനു കീഴിലെ തൊട്ടിൽപ്പാലം, കുറ്റിയാടി, മേപ്പയൂർ, നിലംബൂർ സർക്കിളിനു കീഴിലെ കാളികാവ് , വാണിയമ്പലം തുടങ്ങിയ സെക്ഷനുകളെയാണ് പ്രകൃതിക്ഷോഭം പ്രധാനമായും ബാധിച്ചത്. കൊട്ടാരക്കര, പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിളുകൾക്ക് കീഴിൽ ജൂലൈ 25നുണ്ടായ ചുഴലിക്കാറ്റിനെത്തുടർന്ന് വമ്പിച്ച നാശനഷ്ടങ്ങൾ ഉണ്ടായി. ഈ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിച്ച് മിക്കവാറും എല്ലായിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.