മിഗ്ജോം ചുഴലിക്കാറ്റ്: വിമാന സർവിസുകൾ തടസ്സപ്പെട്ടു
text_fieldsനെടുമ്പാശ്ശേരി: കനത്ത മഴയെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചതോടെ ചെന്നൈയിൽനിന്ന് കൊച്ചിയിലേക്കും തിരികെയുമുള്ള എല്ലാ സർവിസുകളും തടസ്സപ്പെട്ടു.
രാവിലെ 9.25, 12.15, രാത്രി 7 സമയങ്ങളിലെത്തേണ്ട ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവയുടെ മടക്കയാത്രയും ഉണ്ടായില്ല.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഗ്ജോം ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതോടെ ചെന്നൈ നഗരം മഴയിൽ മുങ്ങിയിരിക്കുകയാണ്. 34 സെ.മീറ്റർ മഴയാണ് നിലവിൽ ചെന്നൈയിൽ രേഖപ്പെടുത്തിയത്. 1976 ൽ 45 സെ.മീറ്റർ മഴപെയ്തതിൽ പിന്നെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തുന്നത് ഇപ്പോഴാണ്.
ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം തിങ്കളാഴ്ച രാവിലെ 9.40 മുതൽ രാത്രി 11 വരെ നിർത്തിവെച്ചു. 70ഓളം വിമാനങ്ങൾ റദ്ദാക്കി. റൺവേ അടച്ചിട്ടതായും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
അഹ്മദാബാദ്, തിരുവനന്തപുരം ഉൾപ്പെടെ സ്ഥലങ്ങളിലേക്ക് പുറപ്പെടേണ്ട 12 ആഭ്യന്തര വിമാനസർവിസുകളും റദ്ദാക്കി. സ്വകാര്യ വിമാനക്കമ്പനിയുടെ ദുബൈ, ശ്രീലങ്ക ഉൾപ്പെടെ നാല് അന്താരാഷ്ട്ര സർവിസുകളും റദ്ദാക്കി. ചെന്നൈയിലേക്കുള്ള 33 വിമാനങ്ങൾ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു.
കേരളത്തിലേക്ക് ഉൾപ്പെടെ ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടേണ്ട 12 ട്രെയിനുകൾ തിങ്കളാഴ്ച റദ്ദാക്കി. ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും ടിക്കറ്റ് തുക തിരിച്ചുനൽകുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. വെള്ളക്കെട്ട് കാരണം നഗരത്തിലെ 14 സബ് വേകൾ അടച്ചിട്ടതായി സിറ്റി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.