ടൗട്ടെ നാശം വിതക്കുന്നു; മൂന്നു മരണം, കടൽക്ഷോഭം, ഒമ്പത് മത്സ്യതൊഴിലാളികളെ കാണാതായി
text_fieldsതിരുവനന്തപുരം: പേമാരിയായും കടൽക്ഷോഭമായും കേരളത്തെ വിറപ്പിക്കുന്ന ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ കരുത്താർജിച്ച് കർണാടകതീരത്ത് പ്രവേശിച്ചു. ഞായറാഴ്ച അതിശക്ത ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കും.
മണിക്കൂറിൽ 118 കി.മീറ്റർ മുതല്‍ 166 കി.മീറ്റർവരെ േവഗത്തിൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് േമയ് 18ന് വൈകീട്ടോടെ ഗുജറാത്തിലെ പോർബന്തർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ.
ചുഴലിക്കാറ്റിെൻറ സ്വാധീനം ഞായറാഴ്ച കൂടി സംസ്ഥാനത്ത് തുടരും.
സംസ്ഥാനത്തുടനീളമുണ്ടായ കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭത്തിലും ജീവഹാനിയും കനത്ത നാശവും. ഇടുക്കിയിൽ രണ്ടും തിരുവനന്തപുരത്ത് ഒരാളും മരിച്ചു. എറണാകുളത്ത് ഒരാളെ കാണാതായി. വിവിധ ജില്ലകളിലായി അനേകം വീടുകൾ വെള്ളത്തിനടിയിലായി. കടൽക്ഷോഭത്തിൽ തീരമേഖലയിൽ നിരവധി വീടുകൾ തകർന്നു. നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി.
കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് ലക്ഷദ്വീപിന് സമീപം അപകടത്തിൽപെട്ട് ഒമ്പത് തൊഴിലാളികളെ കാണാതായി. തിരുവനന്തപുരത്ത് മഴയിൽ പൊട്ടിവീണ വൈദ്യുതികമ്പിയിൽനിന്ന് ഷോക്കേറ്റ് പെരുന്താന്നി ദേവികഭവനിൽ അനൂപ് (32) മരിച്ചു. വിവിധ താലൂക്കുകളിലായി 228 വീട് ഭാഗികമായും 11 വീട് പൂര്‍ണമായും തകര്‍ന്നു. വലിയതുറ കടൽപാലം ഭാഗികമായി തകർന്നു. അരുവിക്കര ഡാമിെൻറ നാല് ഷട്ടറും തുറന്നു.
ഇടുക്കി വട്ടവടയിൽ മരം വീണ് ഗതാഗതം മുടങ്ങിയതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ കഴിയാതെ, ചിലന്തിയാർ സ്വദേശി രാജസന്താനവും (65) പള്ളിവാസലിന് സമീപം ഷോക്കേറ്റ് ചിത്തിരപുരം പവർഹൗസള സ്വദേശി സൗന്ദര്യവേലുവും (54) മരിച്ചു.
പുഴയോരവാസികൾക്ക് ജാഗ്രതാ നിർദേശം
കല്ലാർകുട്ടി, മലങ്കര, ലോവർ പെരിയാർ അണക്കെട്ടുകൾ തുറന്നതിനാൽ പെരിയാർ, തൊടുപുഴയാർ തീരവാസികൾക്ക് ജാഗ്രത നിർദേശം നൽകി. പ്രധാന അണക്കെട്ടുകളായ ഇടുക്കിയിൽ 2333.52 അടിയും മുല്ലപ്പെരിയാറിൽ 128.80 അടിയുമാണ് ജലനിരപ്പ്. 50 ശതമാനത്തിൽ താഴെയാണ് ജല നിരപ്പെന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എറണാകുളത്ത് മത്സ്യബന്ധനത്തിന് പോയ കൊല്ലം തേവലക്കര കരുവാകിഴക്കേതിൽ വീട്ടിൽ ആൻറപ്പനെ (53) കാണാതായി. ജില്ലയിലെ ചെല്ലാനം, വൈപ്പിൻ എന്നിവിടങ്ങളിൽ നിരവധി വീടുകൾ വാസയോഗ്യമല്ലാതായി.
കണ്ണൂർ ജില്ലയിൽ 21 വീടുകൾ തകർന്നു
കണ്ണൂർ ജില്ലയിൽ 21 വീടുകൾ തകർന്നു. വിവിധയിടങ്ങളിലായി 53.2 ഹെക്ടർ കൃഷിനാശവുമുണ്ടായി. പാലക്കാട് പരക്കെ കൃഷിനാശവും കെട്ടിട നാശവും റിപ്പോർട്ട് ചെയ്തു. കാസർകോട് ഉപ്പള മുസോടിയിൽ രണ്ടുവീടുകൾ പൂർണമായും തകർന്നു. മുസോടി, ചേരൈങ്ക, കീഴൂർ ചെമ്പരിക്ക, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ കടലാക്രമണം രൂക്ഷമാണ്.
കൺട്രോൾ റൂമുകൾ തുറന്നു
വയനാട് മൂന്നു താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നു. കൊല്ലം ജില്ലയിൽ കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലാണ് മഴക്കെടുതി കൂടുതൽ. മൻറോതുരുത്ത്, ആലപ്പാട് മേഖലകളിൽ കടൽക്ഷോഭം രൂക്ഷമാണ്. കോഴിക്കോട്, കാപ്പാട്, വടകര മേഖലകളിൽ കടൽക്ഷോഭത്തിൽ നിരവധി വീടുകൾ തകർന്നു.
ഇടുക്കിയിൽ രാത്രിയാത്ര നിരോധനം
ഇടുക്കി ജില്ലയിൽ രാത്രിയാത്രക്ക് നിരോധനം. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടൽ ഭീതിയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് കലക്ടറുടെ ഉത്തരവ്.
മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , തൃശൂർ, പാലക്കാട് , കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.