അഞ്ചുദിവസം ഇടിമിന്നലോടുകൂടി വ്യാപക മഴക്ക് സാധ്യത; ചക്രവാതച്ചുഴി എന്തെന്നറിയാം
text_fieldsതിരുവനന്തപുരം: തെക്കൻ തമിഴ്നാടിന്റെ തീരദേശത്തിന് മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി (Cyclonic Circulation) തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ചെന്നും ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലൊടു കൂടിയ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്കും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കുമാണ് സാധ്യത.
ചക്രവാതച്ചുഴി എന്താണ്?
സെക്ലോണിക് സർക്കുലേഷന്‍ (Cyclonic Circulation) എന്നതിന്റെ മലയാളമാണ് ചക്രവാതച്ചുഴി. സൈക്ലോൺ അഥവാ ചക്രവാതം എന്നാൽ ചുഴലിക്കാറ്റ് ആണെങ്കിലും ചക്രവാതച്ചുഴി അത്ര ഭയങ്കരനല്ല. ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആദ്യപടിയാണ് ചക്രവാതച്ചുഴിയെന്ന് പറയാം. ന്യൂനമർദം രൂപപ്പെടുന്നതിന് മുമ്പുള്ള കാറ്റിന്റെ ശക്തി കുറഞ്ഞ കറക്കമാണ് ഇത്. അന്തരീക്ഷത്തിലെ മർദ വ്യതിയാനം കാരണം വിവിധ ദിശയിൽ സഞ്ചരിക്കുന്ന കാറ്റ് ചക്രം പോലെ കറങ്ങും.
ചക്രവാതച്ചുഴിയിൽ കാറ്റിന്റെ കറക്കം ഘടികാരദിശയിലും തിരിച്ചും ഉണ്ടാകും. ഭൂമിയുടെ ദക്ഷിണാർധ ഗോളത്തിൽ ഇത് ഘടികാര ദിശയിലും ഉത്തരാർധത്തിൽ ഇത് തിരിച്ചും ആയിരിക്കും. അർധഗോളങ്ങളിൽ വിപരീത ദിശകളിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നതിന് കാരണം ഭൂമി കറങ്ങുന്നതുമൂലമുണ്ടാകുന്ന കൊറിയോലിസ് ബലമാണ്.
ശക്തി കുറഞ്ഞ കാറ്റിന്റെ ഈ കറക്കം ശക്തി പ്രാപിച്ച് പിന്നീട് ന്യൂനമർദമായി രൂപപ്പെടുകയാണ് ചെയ്യുക. എന്നാൽ എല്ലാ ചക്രവാതച്ചുഴിയും ന്യൂനമർദമാകണമെന്നില്ല. ന്യൂനമർദം ശക്തി കൂടിയാൽ തീവ്രന്യൂനമർദവുമാകും (ഡിപ്രഷൻ). തീവ്ര ന്യൂനമർദം ശക്തിപ്പെട്ട് അതിതീവ്ര ന്യൂനമർദമാകും (ഡീപ് ഡിപ്രഷൻ). ഇത് വീണ്ടും ശക്തിപ്പെട്ടാൽ മാത്രമാണ് ചുഴലിക്കാറ്റ് ഉണ്ടാകുക. എല്ലാ ചക്രവാതച്ചുഴിയും മഴ നൽകണമെന്നുമില്ല. കാറ്റ് കറങ്ങുന്നതിന്റെ ശക്തി, ചക്രവാതച്ചുഴി രൂപപ്പെടുന്ന മേഖല, വ്യാപ്തി, മേഘം രൂപപ്പെടാനുള്ള സാധ്യത തുടങ്ങിയവയെ അനുസരിച്ചാണ് മഴ പെയ്യാനുള്ള സാധ്യത കൂടുകയും കുറയുകയും ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.