ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു
text_fieldsകൊച്ചി: കേരള ഹൈകോടതി മുൻ ജഡ്ജിയും സംസ്ഥാന വനിത കമീഷൻ മുൻ അധ്യക്ഷയുമായ ജസ്റ്റിസ് ഡി. ശ്രീദേവി (79) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ച രണ്ടിന് എറണാകുളം കലൂരിലെ മകെൻറ വസതിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ഏതാനും നാളായി ചികിത്സയിലായിരുന്നു. വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ സംസ്കരിച്ചു.
തിരുവനന്തപുരം ചിറയിൻകീഴിൽ അധ്യാപകരായിരുന്ന ദാമോദരെൻറയും ജാനകിയമ്മയുടെയും മകളായി 1939ലാണ് ശ്രീദേവിയുടെ ജനനം. കൊല്ലം എസ്.എൻ കോളജിൽനിന്ന് ബിരുദവും തിരുവനന്തപുരം എൻ.എസ്.എസ് കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയശേഷം തിരുവനന്തപുരം ലോ കോളജിൽനിന്ന് നിയമ ബിരുദം കരസ്ഥമാക്കി. 1962ൽ അഭിഭാഷകയായി തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു.1984ൽ ജില്ല സെഷൻസ് കോടതി ജഡ്ജിയായി. പത്തനംതിട്ട ജില്ലയിൽ പദവിയിലിരിക്കെ 1992ൽ കുടുംബകോടതി സ്ഥാപിതമായപ്പോൾ ജഡ്ജിയായി ചുമതലയേറ്റു. 1997ൽ ഹൈകോടതി ജഡ്ജിയായ ശ്രീദേവി 2001ൽ വിരമിച്ചു. അതേ വർഷംതന്നെ സംസ്ഥാന വനിത കമീഷൻ അധ്യക്ഷയായി. 2002ൽ സ്ഥാനമൊഴിഞ്ഞെങ്കിലും 2007ൽ വീണ്ടും അധ്യക്ഷസ്ഥാനത്തെത്തി 2012 വരെ തുടർന്നു.
സാമൂഹികസേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീദേവി ഫോറം ഫോർ െഡമോക്രസി ആൻഡ് കമ്യൂണൽ അമിറ്റിയുടെ (എഫ്.ഡി.സി.എ) തിരുവനന്തപുരം ചാപ്റ്റർ പ്രസിഡൻറായിരുന്നു. മികച്ച സാമൂഹികപ്രവര്‍ത്തകക്കുള്ള അക്കാമ്മ ചെറിയാന്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. പ്രമുഖ അഭിഭാഷകന്‍ യു. ബാലാജിയാണ് ഭര്‍ത്താവ്. മുന്‍ ഗവ. പ്ലീഡര്‍ ബസന്ത് ബാലാജി മകനാണ്. മരുമകൾ: സിമി.
ജസ്റ്റിസ് ശ്രീദേവിക്ക് ആദരാഞ്ജലിയുമായി പ്രമുഖർ
കൊച്ചി: ജസ്റ്റിസ് ഡി. ശ്രീദേവിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നൂറുകണക്കിനാളുകൾ കലൂരിലെ വീട്ടിലും രവിപുരം ശ്മശാനത്തിലുമെത്തി. ഹൈകോടതി ചീഫ് ജസ്റ്റിസ് ആൻറണി ഡൊമിനിക് വസതിയിലെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു.
സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ, അംഗങ്ങളായ ഷിജി ശിവജി, ഷാഹിദ കമാൽ, ഇ.എം. രാധ, കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല, സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ, മേയർ സൗമിനി ജയിൻ, ഐ.ജി ആർ. ശ്രീലേഖ, ബിനോയ് വിശ്വം, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, ശിവഗിരി മഠാധിപതി വിശുദ്ധാനന്ദ സ്വാമി, ഹൈകോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ.ബി. കോശി, ജയശങ്കര്‍ നമ്പ്യാര്‍, വിനോദ് ചന്ദ്രന്‍, സുരേന്ദ്രമേനോന്‍, പി. രവീന്ദ്രന്‍, രാജ വിജയരാഘവന്‍, അനില്‍ കെ. നരേന്ദ്രന്‍, അനു ശിവരാമന്‍, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
ശ്രീനാരായണ ഗുരുവിെൻറ അടുത്ത അനുയായികളായിരുന്നു ശ്രീദേവിയുടെ കുടുംബം. ഗുരുവിെൻറ കാർമികത്വത്തിലായിരുന്നു ശ്രീദേവിയുടെ വിവാഹം. അരുവിപ്പുറത്ത് വൃദ്ധസദനം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് രോഗം പിടികൂടുന്നത്. ജീവിതത്തിൽ ഏറെ ആഗ്രഹിച്ച സ്ഥാപനത്തിെൻറ നിർമാണം അവസാനഘട്ടത്തിലെത്തുമ്പോഴാണ് ശ്രീദേവിയുടെ വിയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.