കേന്ദ്രമാണ് എല്ലാം വൈകിച്ചത്, ഡി.എയും ക്ഷേമപെൻഷനും കൊടുത്തുതീര്‍ക്കും -മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ഡി.എ നല്‍കാനും ക്ഷേമപെന്ഷന് കുടിശ്ശിക തുല്യ ഗഡുക്കളായി ഓരോ മാസവും സാധാരണ കൊടുക്കുന്ന പെന്‍ഷനൊപ്പം കൊടുത്തുതീര്‍ക്കാനും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ നടപടികൊണ്ടുള്ള സാമ്പത്തിക പ്രയാസത്താലാണ് ഡി.എ അനുവദിക്കുന്നതിനുള്ള പ്രശ്നം വന്നത്. എങ്കിലും ഫലപ്രദമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നതിൽ ഒരു സംശയവും വേണ്ട. പെന്‍ഷന്‍കാര്‍ക്കും അര്‍ഹതപ്പെട്ട ഡി.എ നല്‍കും. കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ നടപടി സ്വീകരിക്കും. അര്‍ഹതപ്പെട്ട വിഹിതം തരാതെയാണ് കേന്ദ്രം കേരളത്തെ ഞെരുക്കുന്നത്. അര്‍ഹതപ്പെട്ട വിഹിതം എന്തുകൊണ്ട് നല്‍കുന്നില്ലെന്ന് സുപ്രീംകോടതി ചോദിച്ചപ്പോഴാണ് ആശ്വാസമുണ്ടായത്.
ആ നിലപാട് കാരണം അര്‍ഹതപ്പെട്ട വിഹിതം കിട്ടിയപ്പോള്‍ എത്ര വേഗം സംസ്ഥാന സര്‍ക്കാറിന്റെ കാര്യങ്ങള്‍ നിര്‍വഹിക്കാനായെന്ന് നമ്മുടെ അനുഭവത്തിലുള്ളതാണ്. സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് അനുകൂല ഇടപെടൽ വന്നേക്കാം. പ്രയാസത്തിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാറാണെന്ന് വരുത്തിത്തീര്ക്കണമെന്നതാണ് വലതുപക്ഷത്തിന്റെ അജണ്ട. സിവില്‍ സര്‍വിസിന്റെ അപചയത്തിന്റെ കാര്യത്തില്‍ എന്‍.ജി.ഒ യൂനിയന്‍ ഗൗരവമായി ഇടപെടണം.
അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിയുണ്ടെങ്കിലും ബാക്കിയുള്ളതും ഇല്ലാതാക്കാൻ ശ്രമിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. പ്രസിഡന്റ് എം.വി. ശശിധരൻ അധ്യക്ഷതവഹിച്ചു. കോഴിക്കോട് ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽനിന്ന് കടപ്പുറത്തേക്ക് നടന്ന ശക്തി പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു. രാവിലെ കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ സ്വാഗതസംഘം ചെയർപേഴ്സൻ മേയർ ഡോ. ബീന ഫിലിപ് പതാക ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.