സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് ഡി.എ കുടിശ്ശിക -മന്ത്രി ബാലഗോപാൽ
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അര്‍ഹതപ്പെട്ട ക്ഷാമബത്തയും കുടിശ്ശികയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം ഒരു ഗഡു ക്ഷാമബത്ത/ ക്ഷാമാശ്വാസം ഏപ്രില്‍ ശമ്പളം/ പെന്‍ഷനോടൊപ്പം അനുവദിച്ചിട്ടുണ്ട്. ആർജിത അവധി സറണ്ടർ അനുവദിക്കുന്നത് തടഞ്ഞിട്ടില്ല. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി 2020-21 മുതല്‍ നടപ്പ് സാമ്പത്തിക വര്‍ഷം (2024-25) വരെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങളുടെ പരിധിയില്‍നിന്നു ലാസ്റ്റ് ഗ്രേഡ്, പാര്‍ട്ട് ടൈം കണ്ടിൻജന്റ്, മുനിസിപ്പല്‍ കണ്ടിൻജന്റ് ജീവനക്കാര്‍ തുടങ്ങിയവരെ ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്കും പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട് ഇല്ലാത്തവർക്കും ഇ.പി.എഫ് പരിധിയിലുള്ളവര്‍ക്കും വാര്‍ഷിക ലീവ് സറണ്ടര്‍ പണമായി അനുവദിക്കുന്നുണ്ട്. പി.എഫ് അക്കൗണ്ട് ഉള്ളവര്‍ക്ക് തുക വ്യവസ്ഥകള്‍ക്ക് വിധേയമായി പി.എഫില്‍ ലയിപ്പിക്കാനും അനുവാദമുണ്ട്.
ആര്‍ജിതാവധിയുടെ ടെര്‍മിനല്‍ സറണ്ടര്‍ അനുവദിക്കുന്നതിന് നിയന്ത്രണം ബാധകമല്ലെന്നും വിവിധ സര്‍ക്കാര്‍ ഉത്തരവുകളില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. പെന്‍ഷന്‍ പരിഷ്കരണ കുടിശ്ശികയിൽ നാലിൽ മൂന്ന് ഗഡുവും നല്‍കിയിട്ടുണ്ട്. അവസാന ഗഡുവായ 600 കോടി രൂപ മാത്രമാണ് നല്‍കാനുള്ളത്. ശമ്പള പരിഷ്കരണ കുടിശ്ശിക നാലു ഗഡുവായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കുടിശ്ശിക പി.എഫില്‍ ചേര്‍ത്ത് നല്‍കുമെന്ന നിലപാടില്‍ മാറ്റമുണ്ടാകില്ല. മെഡിസെപ്പില്‍ 97 ശതമാനം ക്ലെയിമും അംഗീകരിച്ചിട്ടുണ്ട്.
പ്രീമിയം തുകയേക്കാള്‍ കൂടുതല്‍ തുകയാണ് ക്ലെയിമായി അനുവദിക്കുന്നതെന്നിരിക്കെ ഇതില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പണം എടുക്കുന്നു എന്ന നിലയില്‍ പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശം വസ്തുതാവിരുദ്ധമാണ്. ജീവനക്കാരില്‍നിന്ന് സമാഹരിക്കുന്ന പ്രീമിയം തുകയില്‍ ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.