സഹകരണ ജീവനക്കാരുടെ ഡി.എ കുടിശ്ശിക: തീരുമാനമെടുക്കാനാകാതെ സർക്കാർ
text_fieldsകൊച്ചി: സഹകരണ ബാങ്ക് ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാവാതെ സർക്കാർ. സഹകരണ സംഘം ജീവനക്കാർക്കുള്ള ഡി.എ തുകയുടെ ബാധ്യത സർക്കാറിന് ഇല്ലാതിരുന്നിട്ടുപോലും ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവുന്നില്ല. എന്ത് തീരുമാനമെടുത്താലും ഏതെങ്കിലും വിഭാഗം ജീവനക്കാരുടെ എതിർപ്പിനിടയാക്കുമെന്നാണ് ആശങ്ക.
അതേസമയം, ഡി.എ കുടിശ്ശിക ആവശ്യപ്പെട്ട് സഹകരണ ബാങ്ക് ജീവനക്കാർ നൽകിയ ഹരജികളിൽ സർക്കാറിന്‍റെ നിലപാട് തേടിയിരിക്കുകയാണ് ഹൈകോടതി.
2021 ജനുവരി മുതലാണ് സർക്കാർ ജീവനക്കാരെപ്പോലെ സഹകരണബാങ്ക് ജീവനക്കാർക്കും ക്ഷാമബത്ത കുടിശ്ശികയായിരിക്കുന്നത്.സഹകരണ ജീവനക്കാർക്ക് അതത് സഹകരണ സ്ഥാപനങ്ങളിൽനിന്നാണ് വിതരണം ചെയ്യുന്നതെങ്കിലും സർക്കാർ ഉത്തരവുണ്ടെങ്കിലേ ഡി.എ കുടിശ്ശിക വിതരണം സാധ്യമാകൂ. ഡി.എ കുടിശ്ശിക സർക്കാർ ജീവനക്കാർക്കൊപ്പം നൽകാൻ കാത്തുനിൽക്കാതെ തങ്ങൾക്ക് അനുവദിക്കാൻ ഉത്തരവിടണമെന്ന ആവശ്യവുമായി കോഓപറേറ്റിവ് എംപ്ലോയീസ് ഓർഗനൈസേഷനും എംപ്ലോയീസ് ഫ്രണ്ടുമാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
സർക്കാർ ജീവനക്കാരുടേതിന് സമാനമായ ഡി.എ നിരക്കാണ് സഹകരണ ജീവനക്കാർക്കും ബാധകമാക്കിയിരിക്കുന്നത്. ഡി.എ 25 ശതമാനമാണെങ്കിലും 18 ശതമാനം കുടിശ്ശികയാണ്. പുതിയ ബജറ്റിലെ നിർദേശ പ്രകാരം രണ്ടുശതമാനം നൽകിത്തുടങ്ങിയാലും 16 ശതമാനം കുടിശ്ശിക ബാക്കിയാകും. ഈ വർഷത്തെ ഡി.എ കൂടി ചേരുന്നതോടെ ആകെ ഡി.എ 28 ശതമാനവും കുടിശ്ശിക 19 ശതമാനവുമാകും.
നല്ലനിലയിൽ പോകുന്ന സഹകരണ ബാങ്കുകളിലെ ജീവനക്കാർക്ക് സർക്കാർ അനുമതി ലഭിച്ചാൽ ഡി.എ നൽകാൻ തടസ്സവുമില്ല.ഒറ്റയടിക്ക് കുടിശ്ശിക നൽകേണ്ടിവരുന്നത് ഇത്തരം സഹകരണ സ്ഥാപനങ്ങളുടെപോലും സാമ്പത്തികഭദ്രത തകർക്കാനിടയാക്കുമെന്ന ആശങ്കയും ജീവനക്കാർ ഉന്നയിക്കുന്നു.വിഷയത്തിൽ നയപരമായ തീരുമാനമെടുക്കാൻ നിയമോപദേശമടക്കം മാർഗങ്ങൾ തേടി കാത്തിരിക്കുകയാണ് സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.