കെ.എസ്.ആർ.ടി.സിയിലെ ഡി.എ വർധന: ജീവനക്കാർ, പെൻഷൻകാർ വിവേചനം പാടില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഡി.എ (ക്ഷാമബത്ത) വർധനക്ക് ആനുപാതികമായി പെൻഷൻകാരുടെ ഡി.ആർ (ക്ഷാമാശ്വാസം) വർധിപ്പിക്കണമെന്ന് ഹൈകോടതി. കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക സ്ഥിതി ഉൾപ്പെടെ ഘടകങ്ങൾ കണക്കിലെടുത്ത് വർധന നടപ്പാക്കാൻ തീരുമാനിക്കുമ്പോൾ ജീവനക്കാരെന്നും പെൻഷൻകാരെന്നും വേർതിരിക്കുന്നത് ഭരണഘടന ഉറപ്പു നൽകുന്ന തുല്യനീതിയുടെ ലംഘനമാണ്.
വിലക്കയറ്റവും പണപ്പെരുപ്പവുമുൾപ്പെടെ സൃഷ്ടിക്കുന്ന സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ചാണ് ഡി.എ വർധിപ്പിക്കുന്നത്. ഇക്കാര്യങ്ങൾ ഇരുകൂട്ടർക്കും സമാനമാണെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
2021 മാർച്ച് മുതൽ ഡി.എ വർധിപ്പിച്ചപ്പോൾ പെൻഷൻകാരോട് വിവേചനം കാട്ടിയെന്നാരോപിച്ച് നൽകിയ ഹരജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെ വിരമിച്ച ഒരുകൂട്ടം ജീവനക്കാർ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
ജീവനക്കാരുടെ ഡി.എ 12 ശതമാനം കൂട്ടിയപ്പോൾ പെൻഷൻകാർക്ക് ഒമ്പതു ശതമാനം വർധന മാത്രമാണ് അനുവദിച്ചതെന്നും ഇതു വിവേചനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. തുല്യ വർധന ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയ സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.