ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കും?
text_fieldsകൊച്ചി: പിടിമുറുക്കുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിൽ സാധാരണക്കാരെൻറ നടുവൊടിച്ച് ജീവിതച്ചെലവ് കൂടുന്നു. സെഞ്ച്വറിയും ഇരട്ടസെഞ്ച്വറിയുമെല്ലാം കടന്ന സവാളക്കും ഉള്ളിക്കും മുരിങ്ങക്കും പുറമേയാണ് സമസ്ത മേഖലകളെയും വിലക്കയറ്റം ബാധിച്ചുതുടങ്ങിയിരിക്കുന്നത്. ഇന്ധനം, പാചകവാതകം, മരുന്ന് എന്നിവയുടെയെല്ലാം വില ആരുമറിയാതെ ഉയരുകയാണ്.
സേവനങ്ങൾക്ക് ഫീസ് ഉയർത്താൻ ഒരുങ്ങി സർക്കാരും വർധന വഴിയിലാണ്. സ്വകാര്യ മൊബൈലുകൾ നിരക്ക് വർധിപ്പിച്ചത് ഒരാഴ്ച മുമ്പാണ്. പ്രാബല്യത്തിൽ വന്ന വർധന പ്രഖ്യാപിച്ചതിലും കൂടുതലാണെന്ന് ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. യാത്രനിരക്ക് വർധിപ്പിക്കാൻ ബസുടമകൾ സമ്മർദം ശക്തമാക്കി. നിർമാണ മേഖലയിലും മുെമ്പങ്ങുമില്ലാത്ത വിധം പ്രതിസന്ധിയാണ്. ഉൽപന്നങ്ങൾക്ക് വിലയിടിഞ്ഞതോടെ കർഷകരും ദുരിതത്തിലാണ്.
പല ജീവൻരക്ഷ മരുന്നുകൾക്കും ഉയർന്ന വിലയാണ്. ജി.എസ്.ടി സ്ലാബ് പരിഷ്കരിക്കുന്നതോടെ ഇനിയും കൂടും.
കല്ലും മണലും മണ്ണും പോലുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും മരട് ഫ്ലാറ്റ് വിവാദവും സാമ്പത്തികമാന്ദ്യവും നിർമാണ മേഖലയെ സാരമായി ബാധിച്ചു. ആവശ്യക്കാർ കുറഞ്ഞതിനാൽ ആറേഴ് മാസമായി നിർമാണസാമഗ്രികൾക്ക് കാര്യമായി വില കൂടിയില്ല എന്നത് മാത്രമാണ് ആശ്വാസം. മേഖലയിലെ ഇതരസംസ്ഥാനക്കാരടക്കം ആയിരക്കണക്കിന് തൊഴിലാളികൾ പ്രതിസന്ധിയിലാണ്.
പെട്രോളിന് തീവില; പാചകത്തിനും ചെലവേറി
13 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് പെട്രോൾ വില. തിങ്കളാഴ്ച ലിറ്ററിന് 14 പൈസ കൂടി. ഡീസലിന് 21 ഉം. ആറുമാസത്തിനിടെ പെട്രോളിന് 4.77, ഡീസലിന് 1.96 രൂപ കൂടി. തിങ്കളാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 78.44 ഉം ഡീസലിന് 71.08 ഉം രൂപയാണ്. കൊച്ചിയിൽ 77.08, 69.74. ഡീസൽ വിലയും ടോളും വർധിച്ചത് ചൂണ്ടിക്കാട്ടി വാടക ഉയർത്താനുള്ള നീക്കത്തിലാണ് ലോറി ഉടമകൾ. സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന് (14.2 കിലോ) നവംബറിനെ അപേക്ഷിച്ച് 15 രൂപ വർധിച്ച് 692.50 രൂപയായി. വാണിജ്യാവശ്യത്തിനുള്ളതിന് (19 കിലോ) പുതിയ വില 1201 രൂപയാണ്.
തിരുവനന്തപുരത്തെ വില: 2019 ജൂലൈ ഒന്നിനും ഇന്നലെയും (വർധന ബ്രാക്കറ്റിൽ)
പെട്രോൾ : 73.67, 78.44 (4.77 രൂപ)
ഡീസൽ : 69.12, 71.08 (1.96 രൂപ)
വരുന്നു; ബസ് സമരം, നിരക്ക് വർധന
യാത്രനിരക്ക് വർധന ആവശ്യപ്പെട്ട് ബസുടമകൾ നവംബർ 22 മുതൽ പ്രഖ്യാപിച്ച സമരം മന്ത്രിയുമായുള്ള ചർച്ചയെത്തുടർന്ന് മാറ്റിയിരുന്നു. എന്നാൽ, തുടർചർച്ചകൾ നടന്നില്ല. ഭാവിനടപടികൾ ആലോചിക്കാൻ ഈ മാസം 11ന് ഇവർ കൊച്ചിയിൽ യോഗം ചേരും. കെ.എസ്.ആർ.ടി. സി യെ രക്ഷിക്കാനെന്ന പേരിൽ ചാർജ് വർധനക്ക് തൊഴിലാളി യൂണിയനുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
പിടിച്ചു നിൽക്കാനാകാതെ ഹോട്ടലുകൾ
നിത്യോപയോഗസാധന വില ഉയർന്നത് ഹോട്ടലുകളെയും ബാധിച്ചു. നിർമാണ മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ ഒഴിഞ്ഞു പോയത് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഹോട്ടലുകളുടെ വരുമാനത്തെയും ബാധിച്ചു കഴിഞ്ഞു. വിലവർധന മൂലം പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയാണെന്നാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി. ജയപാൽ പറഞ്ഞു.
സർക്കാർ വക ഉന്ത്
വിവിധ സർക്കാർ വകുപ്പുകളിലെ നിലവിലുള്ള ഫീസും പിഴയും 10 ശതമാനം വർധിപ്പിക്കാനാണ് ധനസെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയുടെ ശിപാർശ. അടുത്ത ബജറ്റിൽ വർധന പ്രഖ്യാപിച്ചേക്കും.
നടുവൊടിഞ്ഞ് കർഷകർ
റബർ, ഏലം, കുരുമുളക്, കാപ്പി തുടങ്ങി പ്രധാന കാർഷികവിളകളുടെയെല്ലാം വില ഇടിഞ്ഞു. ഉൽപാദനച്ചെലവുമായി വരുമാനം പൊരുത്തപ്പെട്ട് പോകുന്നില്ല. കഴിഞ്ഞവർഷം കിലോക്ക് 800 രൂപ കിട്ടിയ കുരുമുളകിന് ഇപ്പോൾ 318--353 രൂപയും ആഗസ്റ്റ് ആദ്യവാരം 7000 കിട്ടിയ ഏലത്തിന് ഇപ്പോൾ ശരാശരി വില 2800 രൂപയുമാണ്. 144 കടന്ന റബർ 131ലേക്ക് താഴ്ന്നു. കൊപ്രക്ക് 114.80 ൽനിന്ന് 99.70 രൂപയായും കാപ്പിവില 70-115 ആയും ഇടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.