അധ്യാപകരില്ലാ ക്ലാസ് മുറിയിലേക്ക് ‘ദിവസവേതന റിക്രൂട്ട്മെന്റ്’
text_fieldsതിരുവനന്തപുരം: പൂർത്തിയാകാത്ത തസ്തിക നിർണയവും പി.എസ്.സി നിയമനങ്ങളിലെ മെല്ലപ്പോക്കും കാരണം ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകൾ നികത്താൻ ദിവസ വേതന റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. അധ്യയന വർഷാരംഭത്തിൽ 15,000ത്തോളം ക്ലാസ് മുറികളിൽ അധ്യാപകരില്ലാത്ത സാഹചര്യം മറികടക്കാനാണ് താൽക്കാലിക അധ്യാപക നിയമനത്തിന് അനുമതി നൽകി ഉത്തരവിറക്കിയത്.
കഴിഞ്ഞ വർഷം ജൂലൈ 15നകം പൂർത്തിയാക്കേണ്ട അധ്യാപക തസ്തിക നിർണയം പുതിയ അധ്യയന വർഷം ആരംഭിക്കാൻ രണ്ട് ദിവസം മാത്രം അവശേഷിക്കെ സർക്കാറിന് നടത്താനായിട്ടില്ല. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ധനവകുപ്പ് കുരുക്കിട്ട തസ്തിക നിർണയം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരില്ലാ ക്ലാസ് മുറികളൊരുക്കാൻ വഴിവെക്കുകയായിരുന്നു. അധ്യയന വർഷത്തിന്റെ അവസാനത്തിലുണ്ടായ കൂട്ടവിരമിക്കൽ ഒഴിുകൾകൂടി ചേരുന്നതോടെ സ്ഥിതി സങ്കീർണമാകും.
ഇത് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് താൽക്കാലിക നിയമനത്തിന് നീക്കം നടത്തുന്നത്. സർക്കാർ സ്കൂളുകളിലെ ഒഴിവുകളിലേക്ക് പി.എസ്.സി റാങ്ക് പട്ടിക/ചുരുക്കപട്ടികകളിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകാൻ നിർദേശമുണ്ട്. അധ്യാപകർ അധികമെന്ന് കണ്ടെത്തിയ സ്കൂളുകളിൽ പുതിയ ഒഴിവുവന്നാൽ താൽക്കാലിക നിയമനത്തിന് പകരം അധികമെന്ന് കണ്ടെത്തിയവരെ സ്ഥലംമാറ്റി ക്രമീകരിക്കണം.
2023-24 വർഷത്തെ തസ്തിക നിർണയത്തിൽ കുട്ടികൾ വർധിച്ചുള്ള അധിക തസ്തികകൾക്ക് ധനവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇവയിലേക്ക് സ്ഥിരനിയമനം നടത്താനാകില്ല. സർക്കാർ സ്കൂളുകളിലെ ഒഴിവുകളിലേക്ക് തസ്തിക നഷ്ടപ്പെടുന്ന സ്കൂളുകളിലെ അധ്യാപകരെ പുനർവിന്യസിക്കാം.
എന്നിട്ടും ബാക്കിവരുന്നവയിലേക്ക് പി.എസ്.സി വഴിയാണ് നിയമനം നടത്തേണ്ടത്. തസ്തിക നിർണയം പൂർത്തിയാക്കി അധിക തസ്തികകൾക്ക് അനുമതി ലഭിക്കാത്തതിനാൽ ഈ സ്കൂളുകളിലും മതിയായ അധ്യാപകരുണ്ടാകില്ല. എയ്ഡഡ് സ്കൂളുകളിൽ വരുന്ന അധിക തസ്തികകളിലേക്ക് അധ്യാപക ബാങ്കിലുള്ളവരെ പുനർവിന്യസിക്കുകയാണ് ചെയ്യാറുള്ളത്. തസ്തിക നിർണയ നടപടികൾ പൂർത്തിയാക്കിയിട്ടും ഉത്തരവിറക്കാത്ത അധ്യയന വർഷം വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തിൽ അപൂർവമാണ്.
നേരത്തെ കോവിഡ് കാലത്ത് സ്കൂളുകൾ അടച്ചിട്ടപ്പോൾ 2019-20 വർഷത്തെ തസ്തിക നിർണയമാണ് തുടർന്നുള്ള രണ്ട് വർഷങ്ങളിലും പിന്തുടർന്നത്.
ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണം സർക്കാറിന് നിർണായകം
തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ ക്ലാസ് മുറികളിലെത്തുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ സർക്കാറിനും നിർണായകം. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ വർധിക്കുന്നുവെന്ന് വർഷങ്ങളായി കൊട്ടിഘോഷിക്കുന്നതിനിടെ കഴിഞ്ഞ വർഷം മുതൽ ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞിരുന്നു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞപ്പോൾ അൺ എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ കൂടി. 2022ൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 3,03,168 പേർ.
ഇതിൽ 1,05,468 പേർ സർക്കാർ, 1,62,834 പേർ എയ്ഡഡിലും 34,866 പേർ അൺ എയ്ഡഡിലുമായിരുന്നു. എന്നാൽ 2023ൽ അൺ എയ്ഡഡിൽ 5052 കുട്ടികൾ വർധിച്ചതാണ് വിദ്യാഭ്യാസ വകുപ്പിനെ ഞെട്ടിച്ചത്.
സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ വർഷം 99,566 (5902 പേർ കുറവ്) കുട്ടികളും എയ്ഡഡിൽ 1,58,583 പേരുമാണ് (4251 കുറവ്) പ്രവേശനം നേടിയത്. എന്നാൽ അൺ എയ്ഡഡിൽ 39,918 പേർ ഒന്നാം ക്ലാസിലെത്തി. ഇത് പൊതുവിദ്യാലയങ്ങളിൽ വീണ്ടും കുട്ടികൾ കുറയുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.
അതിനാൽ ഈ വർഷത്തെ വിദ്യാർഥി പ്രവേശനം അവകാശവാദങ്ങൾ ആവർത്തിക്കാൻ സർക്കാറിന് നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.