ക്ഷീര സഹകരണ ബിൽ: രാഷ്ട്രപതി തള്ളിയെങ്കിലും സർക്കാറിന് ആശ്വസമായി കോടതി ഉത്തരവ്
text_fieldsകൊച്ചി: മിൽമ ഭരണം പിടിച്ചെടുക്കാൻ കൊണ്ടുവന്ന ക്ഷീര സഹകരണ ബിൽ രാഷ്ട്രപതി തള്ളിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ഹൈകോടതി ഉത്തരവിൽ ആശ്വാസം കൊണ്ട് സർക്കാർ. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് വോട്ടവകാശം അനുവദിക്കുന്ന ബില്ലിലാണ് രാഷ്ട്രപതി ഒപ്പിടാതിരുന്നത്. എന്നാൽ, അഡ്മിനിസ്ട്രേറ്റീവ് പ്രതിനിധികളുടെ കൂടി വോട്ടെണ്ണി ഫലം പ്രഖ്യാപിക്കാനുള്ള ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് നടപ്പാക്കിയപ്പോൾതന്നെ ലക്ഷ്യം നിറവേറ്റിയതായാണ് സർക്കാർ വിലയിരുത്തൽ. ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിന്റെ വിധി വരുന്നതുവരെയെങ്കിലും ബിൽ രാഷ്ട്രപതി തള്ളിയ നടപടി അപ്രസക്തമാണ്. തിരുവനന്തപുരം മേഖല ക്ഷീരോൽപാദക യൂനിയൻ ഭരണസമിതി പിടിച്ചെടുക്കുന്നതിലൂടെ മിൽമയുടെ സമ്പൂർണ ഭരണം ഇടതു പാർട്ടികളിലേക്കെത്തിക്കുക എന്നതായിരുന്നു സർക്കാർ ലക്ഷ്യം.
ചില ക്ഷീര കർഷക സംഘങ്ങളുടെ ഭരണസമിതി പിരിച്ചുവിട്ട് ചുമതല അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. മേഖല യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘ക്ഷീര സംഘങ്ങളുടെ പ്രസിഡന്റല്ലാത്ത ഒരാളും പൊതുയോഗത്തിൽ പങ്കെടുക്കുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യരുത്’ എന്ന് വ്യവസ്ഥ ചെയ്ത് 2021ൽ ബില്ലും കൊണ്ടുവന്നു. വോട്ടർപട്ടികയിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധികളും ഉൾപ്പെട്ടതോടെ ഇത് ചോദ്യം ചെയ്ത് ചില മത്സരാർഥികൾ കോടതിയെ സമീപിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് നടത്താമെങ്കിലും ഇവരുടേയും സംഘം പ്രസിഡന്റുമാരുടേയും വോട്ടുകൾ പ്രത്യേകം പെട്ടികളിൽ സൂക്ഷിക്കണമെന്ന ഇടക്കാല ഉത്തരവാണ് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ചത്. എന്നാൽ, ഹരജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സിംഗിൾ ബെഞ്ച് നിർദേശിച്ച പോലെ തെരഞ്ഞെടുപ്പ് നടത്താനും പ്രത്യേകം പെട്ടികളിൽ വോട്ടുകൾ സൂക്ഷിക്കാനും അനുമതി നൽകിയ ഡിവിഷൻ ബെഞ്ച്, അന്തിമ വാദം നടത്തി തീർപ്പാക്കാൻ സിംഗിൾ ബെഞ്ചിന് നിർദേശം നൽകി ഹരജി തിരിച്ചയച്ചു.
അപ്പീൽ ഹരജി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് 2021ലെ വ്യവസ്ഥയിൽ വ്യക്തത വരുത്തി ‘അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് ബാധകമല്ല’ എന്ന രീതിയിൽ നിയമം ഭേദഗതി ചെയ്ത് ആദ്യം ഗവർണർ ഒപ്പിടാൻ വിസമ്മതിക്കുകയും ഇപ്പോൾ രാഷ്ട്രപതി തിരിച്ചയക്കുകയും ചെയ്ത ബിൽ കൊണ്ടുവന്നത്. ബിൽ കൊണ്ടുവന്ന ശേഷമാണ് ആദ്യ ഹരജി സിംഗിൾ ബെഞ്ച് തീർപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.