41െൻറ നിറവിൽ വെളുമ്പി മുത്തശ്ശി
text_fieldsചാരുംമൂട് (ആലപ്പുഴ): വീട്ടുകാരും നാട്ടുകാരും വെളുമ്പിയെന്ന് ഓമനപ്പേരിട്ട് വിളിക്കു ന്ന വെളുമ്പി പശു അദ്ഭുതമാണ്. കേരളത്തിൽ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും പ്രായം കൂടി യ പശുവാണ് വെളുമ്പി. ഈ കർക്കടകത്തിൽ 41 വയസ്സാണ് പ്രായം. നൂറനാട് തത്തംമുന്നത്തറയിൽ രാഘവൻപിള്ളയുടെതാണ് ഈ പശു മുത്തശ്ശി.
രാഘവൻപിള്ള-സരസ്വതിയമ്മ ദമ്പതികളുടെ മകനായ ശ്രീകുമാർ പിള്ളക്ക് പ്രായം 43. ഇദ്ദേഹത്തിന് രണ്ട് വയസ്സുള്ളപ്പോഴാണ് ഇവർക്ക് ഇൗ പശുകുട്ടിയെ കിട്ടിയത്. വെളുമ്പി പിന്നീട് ഏഴ് തവണ പ്രസവിച്ചു. അഞ്ച് കാളക്കിടാങ്ങളും രണ്ടു പശുക്കിടാവുകളും. ഇതെല്ലാം പിന്നീട് പല പ്രായത്തിൽ വിടചൊല്ലി. അപ്പോഴും വെളുമ്പി വീട്ടുകാരുടെ ഓമനയായി തുടർന്നു. വീടിനോട് ചേർന്ന കുടുംബക്ഷേത്രത്തിലെ പൂജക്ക് വെളുമ്പിയുടെ പാലാണ് ഉപയോഗിച്ചിരുന്നത്. പഞ്ചഗവ്യം തയാറാക്കുന്നതിനും ഇതിനെത്തന്നെയാണ് ആശ്രയിച്ചിരുന്നത്.
കറവ നിന്നിട്ട് 18 വർഷങ്ങൾ പിന്നിടുന്നു. രണ്ട് ലിറ്റർ പാൽ വരെ മുമ്പ് ചുരത്തുമായിരുന്നു. കറവ നിന്നെങ്കിലും ഈ കുടുംബത്തിന് പ്രിയപ്പെട്ടവൾതന്നെ. സവിശേഷമാണ് ഭക്ഷണ വിഭവങ്ങൾ. വൈക്കോൽ തൊടില്ല. രാവിലെ ഒരു ബക്കറ്റ് കാടി. എന്തൊക്കെ കൊടുത്താലും വൈകീട്ട് അരക്കിലോ കാലിത്തീറ്റ നിർബന്ധം. ഇടവേളകളിൽ പഴം, ലഡ്ഡു, ബിസ്കറ്റ് തുടങ്ങി വീട്ടുകാർ കൊടുക്കുന്നെതന്തും ഒരു മടിയും കൂടാതെ കഴിക്കും. ഇതിനെല്ലാം പുറമേ പത്രത്താളുകളും ഏറെ പ്രിയം. 41 വയസ്സിനിടെ മൂന്ന് തവണ കൊമ്പിെൻറ നീളം മുറിച്ചു. വയസ്സ് ഇത്രയുണ്ടെങ്കിലും യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളുമില്ലെന്ന് വീട്ടുകാർ പറയുന്നു. ഇത് അദ്ഭുതമെന്നാണ് ക്ഷീര രംഗവുമായി ബന്ധപ്പെട്ടവർ പറയുന്നത്. തികഞ്ഞ ആരോഗ്യത്തോടെ വീട്ടിലെ കുരുന്ന് കുട്ടികൾക്കൊപ്പം ചാടിത്തുള്ളുകയാണീ പശു മുത്തശ്ശി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.