സുസ്ഥിരം പദ്ധതിയിൽ സബ്സിഡി ലഭിച്ചില്ല; കേരള ബാങ്കിനെതിരെ ആരോപണവുമായി ക്ഷീരകര്‍ഷകര്‍
text_fieldsമുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി കൊട്ടിഗ്ഘോഷിച്ച് നടപ്പാക്കിയ സുസ്ഥിരം കാരശ്ശേരി പദ്ധതിയിൽ പശുവളർത്തലിന് വായ്പയെടുത്ത ക്ഷീര കർഷകർക്ക് വർഷങ്ങളായിട്ടും സബ്സിഡി ലഭിക്കുന്നില്ലെന്ന് പരാതി. കേരള ബാങ്കില്‍നിന്ന് വായ്പയെടുത്ത വിസ്മയ സാശ്രയസംഘം അംഗങ്ങളായ ക്ഷീരകര്‍ഷകരെ ബാങ്ക് അധികൃതര്‍ ദുരിതത്തിലാക്കുകയാണെന്നാണ് പരാതി.
നിലവിലെ കേരള ബാങ്ക് മുക്കം ശാഖയിൽനിന്ന് 2018 മാർച്ച് രണ്ടിനാണ് കാരശ്ശേരി ഗ്രാമപഞ്ചായത്തും കേരള ബാങ്ക് മുക്കം ശാഖയും നബാര്‍ഡ് സഹായത്തോടെ സുസ്ഥിരം പദ്ധതിയിൽ ഉൾപ്പെടുത്തി പശുക്കളെ വാങ്ങുന്നതിനായി സംഘത്തിന്റെ പേരിൽ 4.5 ലക്ഷം വായ്പയെടുത്തത്.
വായ്പയെടുക്കുന്ന സമയത്ത് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ നബാര്‍ഡ് സബ്സിഡി ലഭിക്കുമെന്നാണ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റും ബാങ്ക് മാനേജരും അറിയിച്ചിരുന്നത്. ലോൺ കൃത്യമായി തിരിച്ചടക്കുന്ന മുറക്ക് സബ്സിഡി ലഭിക്കുമെന്നും അറിയിച്ചു. എന്നാല്‍, കൃത്യമായി ലോൺ തിരിച്ചടച്ചിട്ടും തങ്ങളുടെ സംഘത്തിന് മാത്രം സബ്സിഡി ലഭിച്ചില്ലെന്ന് അംഗങ്ങള്‍ പറയുന്നു. സബ്സിഡിക്കായി അന്നത്തെ ബാങ്ക് മാനേജരെ സമീപിച്ചപ്പോൾ ലോൺ പുതുക്കാൻ ആവശ്യപ്പെടുകയും അതുപ്രകാരം 2018 ജൂലൈയിൽ നാല് ലക്ഷത്തി അമ്പതിനായിരം രൂപ കടം വാങ്ങിയും മറ്റും അടച്ചു ലോൺ പുതുക്കുകയും ചെയ്തു.
ആ ലോണും കൃത്യമായി അടച്ചെങ്കിലും സബ്സിഡി ലഭിക്കാത്തതിനെക്കുറിച്ച് മാനേജരോട് അന്വേഷിച്ചപ്പോൾ കയർത്ത് സംസാരിക്കുകയാണ് ചെയ്തതെന്നും സാശ്രയസംഘം അംഗങ്ങൾ പറയുന്നു.
ശേഷം ബാങ്ക് റിക്കവറി വിഭാഗത്തിലെ ഉദ്യോഗസ്ഥർ വീടും വസ്തുവും ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതുമൂലം ലോൺ പൂർണമായും അടച്ചുതീർക്കുകയും സബ്സിഡിക്കായി മാനേജർക്ക് അപേക്ഷ നൽകുകയുമായിരുന്നു. തുടര്‍ന്നും ബാങ്ക് ജനറൽ മാനേജർക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി ബോധിപ്പിച്ചെങ്കിലും നാളിതുവരെ സബ്സിഡി ലഭിച്ചില്ലെന്നും ഇവർ പറയുന്നു.
ദിവസവേതനാടിസ്ഥാനത്തിൽ പശുവളർത്തൽ ചെയ്തുവരുന്ന സ്ത്രീകൾ അടക്കമുള്ള സാധാരണക്കാര്‍ അംഗങ്ങളായ സംഘത്തിന് നിയമപരമായി ലഭിക്കാൻ അർഹതയുള്ള സബ്സിഡി ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ താൽപര്യക്കുറവുമൂലമാണ് ലഭിക്കാത്തതെന്നാണ് സംഘം ഭാരവാഹികളുടെ ആരോപണം. പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ അടുത്ത ദിവസം കേരള ബാങ്കിന് മുന്നിൽ സമരം സംഘടിപ്പിക്കുമെന്നും ഇവർ മുക്കത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വിസ്മയ സ്വാശ്രയസംഘം ഭാരവാഹികളായ ഷമീമ ആനയാംകുന്ന്, സാജിത ചേന്ദമംഗല്ലൂർ, ഷൈമ ചേന്ദമംഗല്ലൂർ, മുഹമ്മദ് ചുടലക്കണ്ടി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.