ഡെയ്സി ജേക്കബ് തോമസിന്‍േറത് അതിഗുരുതര വനം കൈയേറ്റം
text_fieldsകോട്ടയം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍െറ ഭാര്യ ഡെയ്സി ജേക്കബ് തോമസ് നടത്തിയത് അതിഗുരുതരമായ വനം കൈയേറ്റം. അതീവ പരിസ്ഥിതിലോല പ്രദേശമാണെന്ന് അറിഞ്ഞുകൊണ്ട് വനഭൂമി കൈവശപ്പെടുത്തുക മാത്രമല്ല 2600 ക്യൂബിക് മീറ്റര്‍ തടി ഒറ്റയടിക്ക് വെട്ടിക്കടത്തുകയും ചെയ്തു. 1990ല്‍ 15 ലക്ഷം രൂപക്ക് മംഗലാപുരം ഹനുമാന്‍ ടുബാക്കോ കമ്പനി ഉടമ യു.എസ്. നായിക്കില്‍നിന്ന് കൈവശമാക്കിയ 151.03 ഏക്കര്‍ സ്ഥലത്തുനിന്ന് 1993-94ലാണ് തടി വെട്ടിയത്. അന്ന് രണ്ടു കോടിയാണ് വനംവകുപ്പ് മതിപ്പുവില കണക്കാക്കിയത്. ഇതേതുടര്‍ന്ന് കുടക് ഭഗമണ്ഡല പൊലീസ് എടുത്ത കേസില്‍ (ക്രൈം നമ്പര്‍ 34/98) ഒന്നാം പ്രതിയാണ് ഇവര്‍.
തടി വിറ്റ ഡെയ്സി 1999 ഫെബ്രുവരി 19 മുതലും തടി വാങ്ങിയ പി.സി. അസൈനാര്‍ 2000 സെപ്റ്റംബര്‍ 25 മുതലും കര്‍ണാടക ഹൈകോടതിയുടെ മുന്‍കൂര്‍ ജാമ്യത്തിലാണ്. കോപാട്ടി റിസര്‍വ് വനത്തിന്‍െറ ഭാഗമായ അതീവ പരിസ്ഥിതിലോല പ്രദേശമാണ് ഡെയ്സിയുടെ കൈവശമുള്ളത്. നിരവധി കേസുകള്‍ നിലനില്‍ക്കുന്ന വനഭൂമിയാണെന്ന് അറിഞ്ഞുതന്നെയാണ് ഭൂമി കൈവശപ്പെടുത്തിയതെന്ന് ഭൂമി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 27ന് മടിക്കേരി അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നല്‍കിയ 100 പേജ് വരുന്ന ഉത്തരവിന്‍െറ 29ാം ഖണ്ഡികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭൂമി സംബന്ധിച്ച മുന്‍ രേഖകളിലും ഇവിടം അതീവ പരിസ്ഥിതിലോല പ്രദേശമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂര്‍ഗ് ജില്ല ഗസറ്റ് 20ാം വോളിയം ആറാം നമ്പറിന്‍െറ ഒന്നാം ഭാഗത്തില്‍ 38 മുതല്‍ 43വരെ പേജുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 1901ലെ ഫോറസ്റ്റ് സെറ്റില്‍മെന്‍റ് മാപ്പിലും ഇവിടം നിബിഡവനമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം അതിക്രമിച്ചു കടക്കല്‍ (വകുപ്പ് 447), വഞ്ചന (468) തെളിവ് നശിപ്പിക്കല്‍ (201) എന്നിവക്ക് പുറമെ കര്‍ണാടക വനനിയമം 24ാം വകുപ്പും കര്‍ണാടക വനചട്ടങ്ങള്‍ പ്രകാരവും എടുത്ത കേസില്‍, പ്രതി വനിതയായതിനാലും ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ട കുറ്റങ്ങള്‍ ചെയ്തിട്ടില്ലാത്തതിനാലുമാണ് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതെന്ന് കര്‍ണാടക ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലും കര്‍ണാടകയിലുമായി തടി ബിസിനസ് നടത്തുന്ന തോട്ടം ഉടമ കൂടിയായ രണ്ടാം പ്രതി കുടക് സ്വദേശി അസൈനാര്‍ക്ക് കീഴ് കോടതികള്‍ ജാമ്യം നിഷേധിച്ചുവെങ്കിലും ഒന്നാംപ്രതിക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയതിനാല്‍ രണ്ടാം പ്രതിക്കും നല്‍കാമെന്ന് ഹൈകോടതി ഉത്തരവിടുകയായിരുന്നു. കര്‍ണാടക മുന്‍ എം.എല്‍.സി, അദ്ദേഹത്തിന്‍െറ മകന്‍ കൂടിയായ മുന്‍ കര്‍ണാടക അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ എന്നിവരാണ് ഇതിനു വേണ്ട സഹായം നല്‍കിയത്. വനം കൈവശപ്പെടുത്താനും ഇവരുടെ സഹായം കിട്ടിയിട്ടുണ്ടെന്നാണ് സൂചന.
അനധികൃതമായി തടി വെട്ടിവിറ്റതിനു പിഴയായി 1.57 കോടി അടക്കാന്‍ മടിക്കേരി സിവില്‍ കോടതി പ്രതികളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ പണം നല്‍കിയതായി സൂചനകളില്ല. വനഭൂമി തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് 1999ല്‍ വനം വകുപ്പ് നല്‍കിയ നോട്ടീസിനെതിരെ ഡെയ്സി ജേക്കബ് തോമസ് ഹൈകോടതിയെ സമീപിച്ചെങ്കിലും നോട്ടീസ് റദ്ദാക്കാന്‍ കോടതി തയാറായില്ല. ഇതിനെതിരായ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചും തള്ളിയിട്ടുണ്ട്. ഈ സ്ഥലത്തുനിന്ന് പ്രതിവര്‍ഷം 25 ലക്ഷം രൂപ ആദായം ലഭിക്കുന്നുണ്ടെന്ന് ജേക്കബ് തോമസ് തന്നെ നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.