ദലിത് ക്രൈസ്തവ അയിത്തം തുറന്നു സമ്മതിച്ച് സഭ
text_fieldsന്യൂഡല്‍ഹി: ദലിത് ക്രൈസ്തവര്‍ അയിത്തവും കടുത്ത വിവേചനവും നേരിടുന്നുണ്ടെന്ന് തുറന്ന് സമ്മതിച്ച് കാത്തലിക് സഭ. കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ‘ഇന്ത്യന്‍ കാത്തലിക് സഭയില്‍ ദലിത് ക്രൈസ്തവരുടെ ഉന്നമനം’ എന്ന തലക്കെട്ടില്‍ 44 പേജുകളിലായി തിങ്കളാഴ്ച പുറത്തുവിട്ട നയരേഖയിലാണ് ദലിത് ക്രൈസ്തവര്‍ അയിത്തം അനുഭവിക്കുന്നതായി വ്യക്തമാക്കുന്നത്.
എല്ലാതരത്തിലുള്ള വിവേചനം അവസാനിപ്പിക്കാനും അവരുടെ ഉന്നമനത്തിനുവേണ്ടി ചെറുതും വലുതുമായ പദ്ധതികള്‍ ഒരുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനും രൂപതകളോട് പുതിയ നയരേഖയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ 19 ദശലക്ഷം വരുന്ന സഭാ അംഗങ്ങളില്‍ 12 ദശലക്ഷം ദലിത് ക്രൈസ്തവരാണ്. എന്നാല്‍, സഭയുടെ ഉന്നത സ്ഥാനങ്ങളില്‍ ഇവരുടെ പ്രാതിനിധ്യം തീരെയില്ല. ഇന്ത്യയിലെ കാത്തലിക് ബിഷപ്പുമാരുടെ എണ്ണം അയ്യായിരത്തോളമാണ്. അതില്‍ 12 പേര്‍ മാത്രമാണ് ദലിത് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളതെന്നും രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.
ദലിത് ക്രൈസ്തവരുടെ കാര്യത്തില്‍ ഞങ്ങളുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചതായി സി.ബി.സി.ഐ പ്രസിഡന്‍റ് ബസേലിയോസ് കര്‍ദിനാള്‍ കാതലിക് ക്ളീമിസ് പറഞ്ഞു. സമുദായത്തില്‍ വിപ്ളവകരമായ ചുവടാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. സഭയില്‍ ജാതിയുടെ പേരിലുള്ള വിവേചനം പുതിയ ചുവടുവെപ്പിലൂടെ അവസാനിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജാതി അടിസ്ഥാനത്തില്‍ രണ്ടുതരം നീതി നടപ്പാക്കുന്നുണ്ടെങ്കില്‍ അത് ഉടന്‍ അവസാനിപ്പിക്കണം. ഇതില്‍ പരാജയപ്പെട്ടാല്‍ സഭ അതോറിറ്റി നടപടിയെടുക്കണമെന്നും നിര്‍ദേശത്തിലുണ്ട്. സഭ ഉന്നതബോധമുള്ള യുവാക്കളെ വളര്‍ത്തിയെടുക്കുമ്പോഴും അവരില്‍ അയിത്തത്തിന്‍െറ പുതിയ രൂപങ്ങള്‍ ഉണ്ടാവുകയാണ്. ഭരണകൂടത്തിനും മതത്തിനും ഇടയില്‍ സാന്‍ഡ് വിച്ച് പോലെയാണ് ദലിത് ക്രൈസ്തവരുടെ അവസ്ഥ.
ദലിത് ഹിന്ദുക്കള്‍ മതം മാറി ദലിത് ക്രൈസ്തവരാകുമ്പോള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമല്ലാതാകുമെന്നാണ് സുപ്രീംകോടതി പറയുന്നത്. ഇത് ആര്‍ട്ടിക്കിള്‍ 15 പ്രകാരം ഭരണഘടന വിരുദ്ധമാണെന്നും പുതിയ നയരേഖയില്‍ സി.ബി.സി.ഐ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.