കാടിനുനടുവില്‍ ദുരിതംപേറി ദലിത് കുടുംബങ്ങള്‍
text_fieldsകുളത്തൂപ്പുഴ: സംരക്ഷിതവനമേഖലക്കുള്ളിലെ ജനവാസമേഖലകളിലുള്ളവരെ പുനരധിവസിപ്പിക്കാൻ നടപ്പാക്കുന്ന പദ്ധതിപ്രകാരം നഷ്ടപരിഹാരം ലഭിക്കാൻ ആവശ്യമായ രേഖകൾ സമര്‍പ്പിച്ചിട്ടും നടപടികളിലെ നൂലാമാലകള്‍ വിശദീകരിച്ച് ദലിത് കുടുംബങ്ങളെ ഒഴിവാക്കിയതായി ആരോപണം.
സര്‍ക്കാര്‍ കിഫ്ബി വഴി വനംവകുപ്പ് പ്രഖ്യാപിച്ച സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്കാണ് അപേക്ഷനൽകിയത്. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ഡാലിക്കരിക്കം, ഡീസെന്റ് ഡാലി പ്രദേശത്തെ 34 കുടുംബങ്ങളാണ് വനം വകുപ്പിന്റെ അനാസ്ഥയെ തുടര്‍ന്ന് കാടിനുള്ളില്‍ തകര്‍ന്ന കൂരകളില്‍ കഴിയുന്നത്.
പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കും എന്ന് പറഞ്ഞുവിശ്വസിപ്പിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുടുംബങ്ങളില്‍നിന്ന് ഒന്നിലധികം തവണ രേഖകള്‍ ശേഖരിച്ചത്.
നാളിതുവരെ തങ്ങള്‍ അധ്വാനിച്ച് ഉണ്ടാക്കിയെടുത്ത കൃഷിയും പുരയിടവും വിട്ടെറിഞ്ഞ് പോകാന്‍ മനസ്സില്ലെങ്കിലും നിരന്തരം കാട്ടുമൃഗങ്ങളുടെ ശല്യത്താല്‍ പൊറുതിമുട്ടുന്ന പ്രദേശത്തുനിന്ന് കുട്ടികളെയും വൃദ്ധരും രോഗികളായവരെയും കൂട്ടി രക്ഷപ്പെടാമെന്ന പ്രതീക്ഷയിലാണ് പലരും രേഖകളും സമ്മതപത്രവും കൊടുത്തത്.
കൈവശരേഖയും കരം രസീതും തങ്ങളുടെ കൈവശമുള്ള പ്രമാണങ്ങളും നല്‍കിയിട്ടും റവന്യൂവകുപ്പ് അറുപതുകളില്‍ പ്രദേശത്ത് വിതരണം ചെയ്ത പട്ടയങ്ങളുടെ പകര്‍പ്പുകള്‍ കൂടി നല്കിയാേല നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവൂയെന്ന് പറഞ്ഞ് ഇക്കൂട്ടരെ മടക്കുകയായിരുന്നു. തുടര്‍ന്ന് പട്ടയത്തിന്റെ പകര്‍പ്പിനായി പ്രദേശവാസികള്‍ താലൂക്ക് ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും 1970ന് മുമ്പുള്ള രേഖകൾ കാലഹരണപ്പെട്ടുപോയെന്നുള്ള മറുപടിയാണ് ലഭിച്ചത്.
അതിനാല്‍തന്നെ ഡാലിക്കരിക്കം നിവാസികള്‍ക്ക് തങ്ങളുടെ പട്ടയത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, അക്കാലം തൊട്ടുള്ള കരമടച്ചതിന്റെയും തണ്ടപ്പേര് പകര്‍പ്പുകളും പ്രമാണങ്ങളും മറ്റും ഹാജരാക്കിയിട്ടും ഇവയൊന്നും പരിഗണിക്കാന്‍ വനംവകുപ്പ് അധികൃതര്‍ തയാറാകുന്നില്ല. അതേസമയം, ഇവിടത്തെ താമസക്കാരല്ലാത്ത ചില കുടുംബങ്ങള്‍ക്ക് ഭരണസ്വാധീനത്താൽ അനര്‍ഹമായി തുക ലഭ്യമാക്കിയതായും നാട്ടുകാര്‍ ആരോപിക്കുന്നു.
സമീപത്തെ മറ്റ് കോളനികളിലുള്ളവരില്‍ പലരും ആനുകൂല്യം കൈപ്പറ്റി നാട്ടിന്പുറത്തേക്ക് താമസമായെങ്കിലും ഡാലിക്കരിക്കത്തെ താമസക്കാരായ ദലിത് വിഭാഗങ്ങള്‍ക്ക് ആനുകൂല്യം ലഭ്യമാക്കാത്തതിനാല്‍ പോകാന്‍ മറ്റൊരിടമില്ലാതെ കുടുംബങ്ങള്‍ ഇപ്പോഴും ഇവിടെത്തന്നെ കഴിയുകയാണ്. സമീപപ്രദേശങ്ങളിലെ കോളനികളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോയതോടെ കാട്ടുമൃഗങ്ങൾ ഡാലിക്കരിക്കം കോളനിയിലെ നിത്യസന്ദര്‍ശകരാണ്.
കൃഷിയിടങ്ങള്‍ മുഴുവനും കാട്ടാനക്കൂട്ടങ്ങള്‍ നാമാവശേഷമാക്കിയതിനാല് ഒരുവിധത്തിലുമുള്ള കൃഷിയും ചെയ്യാനാവുന്നില്ല. കാട്ടു മൃഗങ്ങളെ ഭയന്ന് വനപാതയിലൂടെ കുട്ടികളെ സ്കൂളിലയക്കാനാവാത്ത സ്ഥിതിയാണെന്നും പകല്‍ പോലും ഒറ്റക്കുള്ള യാത്ര ഭയപ്പെടുത്തുന്നതായും നാട്ടുകാര്‍ പറയുന്നു.
കാട്ടാനകള്‍ തര്‍ത്ത കുടിലുകളിലാണ് പല കുടുംബങ്ങളും അന്തിയുറങ്ങുന്നത്.
ഡാലിക്കരിക്കം നിവാസികളുടെ പുനരധിവാസ പദ്ധതി നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി തങ്ങളെ കാട്ടുമൃഗങ്ങളില്‍ നിന്ന് രക്ഷിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഈ ദലിത് കുടുംബങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.