ഹരീഷ് വാസുദേവനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ദലിത് സംഘടനകൾ
text_fieldsകൊച്ചി: വാളയാറിൽ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മക്കെതിരെ വംശവെറിയും ജാതീയതയും സ്ത്രീവിരുദ്ധതയും നിറഞ്ഞ ഫേസ് ബുക്ക് കുറിപ്പിട്ട അഡ്വ. ഹരീഷ് വാസുദേവനെതിരെ പട്ടികജാതി-വർഗ അതിക്രമം(തടയൽ) നിയമപ്രകാരം ക്രിമിനൽ കേസെടുക്കണമെന്ന് ദലിത്-ആദിവാസി സംഘടനകൾ.
നിഷ്പക്ഷ നിരീക്ഷകനെന്നും നിയമ വിദഗ്ധനെന്നും അറിയപ്പെടുന്ന ഹരീഷ് രാഷ്ട്രീയ യജമാനന്മാരെ പ്രീണിപ്പിക്കാനാണ് ഹീനമായ അവഹേളനം നടത്തിയത്. ഫേസ്ബുക്ക് കുറിപ്പിനെതിരെ കുട്ടികളുടെ അമ്മ തെരഞ്ഞെടുപ്പ് കമീഷനിൽ ഉൾപ്പെടെ നൽകിയ പരാതികൾ ഗൗരവമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ജനറൽ കൺവീനർ സണ്ണി എം. കപിക്കാട് ആവശ്യപ്പെട്ടു. ദലിത് സ്ത്രീയുടെ സ്ത്രീത്വെത്തയും പിന്നാക്ക ജീവിത സാഹചര്യങ്ങളെയും അപമാനിക്കുകയാണ് ഹരീഷ് ചെയ്തതെന്ന് എം.ഗീതാനന്ദൻ 'മാധ്യമ'ത്തോട് പറഞ്ഞു. ജസ്റ്റിസ് ഹനീഫ കമീഷൻ റിപ്പോർട്ടാണ് ഡിവൈ.എസ്.പി സോജൻ ഫ്രാൻസിസിനെ രക്ഷിച്ചത്. ഹൈകോടതി വിധി വന്ന പശ്ചാത്തലത്തിൽ കമീഷൻ റിപ്പോർട്ടിന് വിലയില്ലെന്നും ഗീതാനന്ദൻ പറഞ്ഞു.
കേസില്‍ ഭരണകൂടത്തിെൻറയും പൊലീസ്-ജുഡീഷ്യറി സംവിധാനത്തിെൻറയും വീഴ്ചകള്‍ മറച്ചുവെച്ച് ദലിതും തൊഴിലാളിയും സ്ഥാനാർഥിയുമായ സ്ത്രീയെപ്പറ്റി തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് പോസ്റ്റ് എഴുതിയ ഹരീഷിെൻറ ഉദ്ദേശ്യത്തില്‍ സംശയമുണ്ടെന്ന് അഡ്വ.ബോബി തോമസ് ചൂണ്ടിക്കാട്ടി. ഹരീഷ് ചൂണ്ടിക്കാട്ടിയ വാദങ്ങൾ പലതും ശുദ്ധ നുണയാണ്. കുട്ടികളുടെ വീട്ടുകാരുടെ പരാതിയെത്തുടർന്നുള്ള അന്വേഷണങ്ങളാണ് പൊലീസ് നടത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുട്ടികളുടെ അമ്മയടക്കം ബന്ധുക്കൾ പലതവണ ആവശ്യപ്പെട്ടിട്ടും പൊലീസ് നൽകിയിരുന്നില്ല. അതിനാൽ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിെൻറ ഉള്ളടക്കത്തിലെ സാങ്കേതിക വിവരങ്ങൾ അവർക്ക് അറിയില്ല. ഭരണകൂടത്തിെൻറ നിയമപാലകരാൽ ചതിക്കപ്പെട്ട അമ്മക്കെതിരെയാണ് ഹരീഷ് പച്ചക്കള്ളങ്ങൾ കുറിച്ചതെന്നും ബോബി പറഞ്ഞു.
രണ്ടാമത്തെ കുട്ടിയുടെ കൊലപാതകി സ്റ്റേറ്റും സമൂഹവുമാണെന്ന് സമ്മതിക്കാൻ മനസ്സാക്ഷിയുള്ള ആർക്കും കഴിയുമെന്ന് പ്രതാപൻ തായാട്ട് പറഞ്ഞു. ഈ മാസം 12ന് ഹരീഷിെൻറ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്നും ദലിത് കൂട്ടായ്മക്കുവേണ്ടി സി.എസ്. മുരളി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.