എസ്.സി- എസ്.ടി വിഭാഗത്തിൽ നിന്ന് രണ്ട് മന്ത്രിമാർക്ക് അഹർതയുണ്ടെന്ന് ദലിത് സംഘടനകൾ
text_fieldsകൊച്ചി: എസ്.സി- എസ്.ടി വിഭാഗത്തിൽ നിന്ന് രണ്ട് മന്ത്രിമാർക്ക് അഹർതയുണ്ടെന്ന് വിവിധ ദലിത് സംഘടനകൾ. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഇടതുപക്ഷത്തിൻെറയും അടിത്തറ സംസ്ഥാനത്തെ ദലിത് സമൂഹമാണ്. പട്ടികജാതി- വർഗ വിഭഗങ്ങളുടെ വോട്ടിൽ ഭൂരിഭാഗവും ലഭിക്കുന്നത് ഇടതുപക്ഷത്തിനാണ്. പട്ടികജാതി-വർഗ സംവരണ മണ്ഡലങ്ങളിൽ ഇടതുപക്ഷത്ത് നിന്ന് സി.പിഎം, സിപി.ഐ സ്ഥാനർഥികളാണ് മത്സരിച്ചത്.
പട്ടികജാതി മണ്ഡലങ്ങളിൽ 100 ശതമാനം ഇടതുമുന്നണി വിജയം നേടി. രണ്ട് പട്ടികവർഗ മണ്ഡലത്തിൽ മാനന്തവാടി ഇടത് സ്ഥാനാർഥി ഒ.ആർ. കേളു വിജയിച്ചു. സുൽത്താൻ ബത്തേരിയിൽ യു.ഡി.എഫിലെ ഐ.സി. ബാലകൃഷ്ണനും വിജയച്ചു. സംസ്ഥാന ജനസംഖ്യയിൽ ഏതാണ്ട് 12 ശതമാനം പട്ടികജാതി-വർഗ വിഭാഗമാണ്. 20 മന്ത്രിമാരുള്ള മന്ത്രിസഭയിൽ രണ്ടു മന്ത്രിമാർക്ക് അഹർതയുണ്ടെന്നാണ് ദലിത് സംഘടനകളുടെ അവകാശവാദം.
യു.ഡി.എഫ് സർക്കാറിന്‍റെ (ഉമ്മൻചാണ്ടി) കാലത്ത് രണ്ട് മന്ത്രിമാർക്ക് അവസരം നൽകിയിരുന്നു. എ.പി. അനിൽകുമാർ പട്ടികജാതിയിൽ നിന്നും പി.കെ. ജയലക്ഷ്മി പട്ടികവർഗത്തിൽ നിന്നും മന്ത്രിമാരായി. ഇക്കാര്യത്തിൽ സി.പി.എം ചേലക്കരയിൽ നിന്ന് വിജയിച്ച കെ. രാധാകൃഷ്ണനെ മാത്രമേ പരിഗണിക്കാൻ സാധ്യതയുള്ളു. അതേസമയം, സി.പി.ഐക്ക് ഇക്കാര്യത്തിൽ തീരുമാമെടുക്കാനുള്ള ബാധ്യതയുണ്ട്. വി. ശശി (ഡെപ്യൂട്ടി സ്പീക്കർ ), ചിറ്റയം ഗോപകുമാർ, സി.കെ. ആശ എന്നിവർ സി.പി.ഐയിൽ നിന്ന് വിജയിച്ചിട്ടുണ്ട്.
നാല് മന്ത്രിമാരെ സി.പി.ഐക്ക് ലഭിക്കും. അതിൽ ദലിത് വിഭാഗത്തിൽ നിന്ന് ഒരാൾക്ക് മന്ത്രി സ്ഥാനം നൽകണമെന്നാണ് ദലിത് സംഘടനകളുടെ ആവശ്യം. മന്ത്രി പി.കെ. രാഘവൻ മന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വി.ശശി. അനുഭവക്കുറിപ്പിൽ പി.കെ. രാഘവൻ രേഖപ്പെടുത്തിയത് അന്ന് നടപ്പാക്കിയ പദ്ധതികളുടെ ആവിഷ്കരണത്തിന്‍റെയും നടത്തിപ്പിന്‍റെയും അവകാശി വി. ശശിയായിരുന്നുവെന്നാണ്. ചിറയിൻകീഴിൽ മൂന്നാം തവണ എം.എൽ.എ ആയ അദ്ദേഹത്തിന് മന്ത്രി സ്ഥാനം നൽകാവുന്നതാണ്.
അതുപോലെ സിപി.ഐയിലെ മുതിർന്ന നേതാവാണ് ചിറ്റയം ഗോപകുമാർ അദ്ദേഹത്തെയും പരഗണിക്കാം. അതിന് സി.പി.ഐ നേതൃത്വം തയാറാകുമോയെന്നാണ് അറിയേണ്ടത്.
ദലിത് സമൂഹത്തിൽ നിന്നുള്ള നേതാക്കളെ പരിഗണച്ച ചരിത്രം സി.പി.ഐക്കുണ്ട്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനർഥിയായി ചാലക്കുടി മണ്ഡലത്തിൽ നിന്ന് വിജയിച്ച പി.കെ. ചാത്തൻ മാസ്റ്ററെ 1957ൽ മന്ത്രിയാക്കിയിരുന്നു. 1970 ൽ കെ.പി.എം.എസിന് ( കേരള പുലയ മഹാസഭ) രൂപം നൽകി പുലയരെ സി.പി.ഐക്കൊപ്പം നിർത്തിയത് അദ്ദേഹമാണ്. പിന്നീട് സിപി.ഐ നേതാവും മന്ത്രിയുമായിരുന്ന പി.കെ. രാഘവനെയാണ് സി.പി.ഐയിൽ നിന്ന് കെ.പി.എം.എസിനെ നയിക്കാൻ നിയോഗിച്ചത്. 1970 ലെ സി.അച്യുതമേനോൻ മന്ത്രിസഭയിലും ഇ.കെ നായനാർ മന്ത്രിസഭയിലും അംഗമായിരുന്നു പി.കെ രാഘവൻ.
പട്ടികജാതി വിഭാഗത്തിനായി നിരവധി പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നതിൽ വലിയ പങ്ക് വഹിച്ചത് പി.കെ. രാഘവനാണ്. ദലിത് വിഭാഗത്തിൽ നിന്ന ഒരാളെ മന്ത്രിയാകുന്നതിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് താൽപര്യമുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.