അവഗണന: ലളിതകല അക്കാദമിക്കെതിരെ ദലിത് ചിത്രകാരെൻറ മാനനഷ്ട നോട്ടീസ്
text_fieldsതൃശൂർ: കേരള ലളിതകല അക്കാദമി ക്യാമ്പിൽനിന്ന് ഒഴിവാക്കിയതിനെതിരെ ദലിത് ചിത്രകാരൻ അക്കാദമിക്ക് മാനനഷ്ട നോട്ടീസയച്ചു. ചിത്രകാരനും സാഹിത്യകാരനുമായ മണ്ണംപേട്ട നെല്ലായി വീട്ടിൽ ഡോ. ഷാജു നെല്ലായിയാണ് നോട്ടീസയച്ചത്.
അക്കാദമി സംഘടിപ്പിച്ച 'നിറകേരളം' ചിത്രകലാ ക്യാമ്പിലേക്ക് ക്ഷണിച്ച് കാൻവാസും മുൻകൂർ തുകയും നൽകിയശേഷം തന്നെ മാത്രം ഒഴിവാക്കിയെന്നായിരുന്നു ഡോ. ഷാജുവിെൻറ ആരോപണം. അക്കാദമിയിൽനിന്ന് ആഗസ്റ്റ് 20ന് മുൻകൂർ തുകയായി 7000 രൂപ കൈപ്പറ്റിയെങ്കിലും 26ന് ക്യാമ്പിൽനിന്ന് ഒഴിവാക്കിയതായി ഫോണിലൂടെ അറിയിച്ചു. ശ്രീശങ്കര സർവകലാശാല ചിത്രകലാ വിഭാഗത്തിൽ ഗസ്റ്റ് ലക്ചററാണെന്നതായിരുന്നു കാരണം.
കാൻവാസും തുകയും തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടതായും ഷാജു പറയുന്നു. ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുന്നത് അയോഗ്യതയല്ലെന്നും വിവിധ സ്ഥാപനങ്ങളിൽ ആർട്ട് ടീച്ചർ, ഇൻസ്ട്രക്ടർ തുടങ്ങിയ ജോലികൾ ചെയ്യുന്നവർ ക്യാമ്പിൽ പങ്കെടുത്തിരുന്നെന്നും ഡോ. ഷാജു പറഞ്ഞു. അക്കാദമിയിലെ ചിലരുടെ തന്നിഷ്ടമാണ് പുറത്താക്കാൻ കാരണമെന്ന് പറഞ്ഞ ഡോ. ഷാജു നഷ്ടപരിഹാരമായി അഞ്ച് ലക്ഷം ഏഴ് ദിവസത്തിനകം നൽകണമെന്ന് അഡ്വ. കെ.വി. ജയിൻ മുഖേന അയച്ച മാനനഷ്ട നോട്ടീസിൽ ആവശ്യപ്പെട്ടു.
'ഡോ. ഷാജുവിനെ അവഗണിച്ചിട്ടില്ല'
തൃശൂർ: ഡോ. ഷാജുവിനെ അവഗണിച്ചിട്ടില്ലെന്ന് കേരള ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്. കോവിഡ് കാലത്ത് ഒരു വരുമാന മാർഗവുമില്ലാത്തവർക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കാലടി സംസ്കൃത സർവകലാശാലയിൽനിന്ന് വേതനം കൈപ്പറ്റുന്നെന്നറിഞ്ഞാണ് അവസാന പട്ടികയിൽ ഉൾപ്പെടുത്താതിരുന്നത്.
ഇത്തരത്തിൽ വേതനം കൈപ്പറ്റുന്നവർ ക്യാമ്പിലുള്ളതായി അറിവില്ല. പണവും കാൻവാസും തിരിച്ചുനൽകാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഓഫിസിലുള്ളവർ വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടുണ്ടാകാം. അക്കാദമി പരിപാടികളിൽ ഒരുപാട് തവണ ഷാജുവിനെ സഹകരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.