പട്ടിക ജാതിക്കാരനെ മന്ത്രി ആക്കിയതിൽ അഭിമാനിക്കുന്നു എന്ന് സഖാക്കൾ! കഷ്ടം തന്നെ! -മാലാ പാർവതി
text_fieldsതിരുവനന്തപുരം: ചേലക്കരയിൽ നിന്ന് വിജയിച്ച സി.പി.എം മുൻ തൃശൂർ ജില്ലാ െസക്രട്ടറി കെ. രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയായി നിയമിച്ചതിന് പിന്നാലെ തുടങ്ങിയ വിവാദം തുടരുന്നു. മുതിർന്ന പാർട്ടി നേതാവായ കെ. രാധാകൃഷ്ണന്റെ മാത്രം ജാതി ഉയർത്തിക്കാട്ടി നടത്തുന്ന പ്രചാരണം ദുരുദ്ദേശത്തോടെയുള്ളതാണെന്നാണ് ഇടതുബുദ്ധിജീവികൾ അടക്കം വിമർശനമുന്നയിക്കുന്നത്. 'ഒരു മികച്ച രാഷ്ട്രീയപ്രവർത്തകനെയും സംഘാടകനെയും ഒരത്ഭുതജീവിയെ മന്ത്രിയാക്കിയെന്ന മട്ടിൽ പ്രസന്‍റ് ചെയ്ത സകല പ്രൊഫൈലുകളും ഞാനിന്ന് അൺ ഫോളോ ചെയ്തു' എന്നായിരുന്നു ഫേസ്ബുക്കിൽ എഴുത്തുകാരി ശാരദക്കുട്ടിയുടെ പ്രതികരണം. നടിയും ഇടത് സഹയാത്രികയുമായ മാലാ പാർവതി അടക്കമുള്ളവർ ശാരദക്കുട്ടിയെ അനുകൂലിച്ച് രംഗത്തെത്തി. ''അതെ.. അതെ..പട്ടിക ജാതിക്കാരനെ മന്ത്രി ആക്കിയതിൽ അഭിമാനിക്കുന്നു എന്ന് സഖാക്കൾ! കഷ്ടം തന്നെ!'' എന്നായിരുന്നു മാലാ പാർവതിയുടെ പ്രതികരണം.
രാധാകൃഷ്ണൻ മന്ത്രിയായതോടെ 'േകരളത്തിൽ ആദ്യമായി ദലിതനെ േദവസ്വം മന്ത്രിയാക്കി പിണറായി സർക്കാർ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു' എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഇടത് അനുകൂല പ്രൊഫൈലുകൾ വ്യാപക പ്രചാരണം നടത്തിയിരുന്നു. എന്നാൽ, നാല് പതിറ്റാണ്ടുമുമ്പുതന്നെ ദലിത് വിഭാഗത്തിൽനിന്നുള്ളവർ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ടെന്നുള്ള വസ്തുത പുറത്തുവന്നതോടെ ഇൗ വാദം കെട്ടടങ്ങി. ആദ്യ ദലിത് ദേവസ്വം മന്ത്രിയെന്ന വാദം പൊളിഞ്ഞെങ്കിലും, ഈ പ്രചാരണത്തിന് പിന്നിൽ കടുത്ത ദലിത് വിരുദ്ധത ഒളിഞ്ഞിരിക്കുന്നുണ്ടെന്ന ആരോപണവുമായി പ്രമുഖർ രംഗത്തെത്തി.
കേരളത്തിലെ ജനസംഖ്യയിൽ 9.1 ശതമാനംവരുന്ന പട്ടിക വിഭാഗത്തിൽ നിന്ന് ഒരാളെ മാത്രമാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിയാക്കിയതെന്നും 4.15 ശതമാനം പ്രാതിനിധ്യം മാത്രമാണ് സമുദായത്തിന് നൽകുന്നെതന്നുമാണ് മുഖ്യആരോപണം. ഈ നീതിനിഷേധം മറച്ചുവെക്കാനാണ് 'ആദ്യ ദലിത് ദേവസ്വം മന്ത്രി' എന്ന കള്ള പ്രചാരണം ആസൂത്രിതമായി അഴിച്ചുവിട്ടതെന്നും ഇവർ പറയുന്നു. സി.പി.എമ്മിന്‍റെ കേന്ദ്ര കമ്മറ്റിയംഗമായ രാധാകൃഷ്ണന്റെ ദലിത് സ്വത്വം എടുത്തു പറയുന്ന ഇടതുസാംസ്കാരിക പ്രവർത്തകർ, മറ്റുമന്ത്രിമാരുടെ ജാതിയും വ്യക്തമാക്കണമെന്നും അങ്ങനെ വന്നാൽ, ഈ മന്ത്രിസഭയിലെ മുന്നാക്ക മേധാവിത്വം വ്യക്തമാകുമെന്നും ഇവർ പറയുന്നു.
ഈ മന്ത്രിസഭയിൽ ഒരേ ഒരു ദലിത് മന്ത്രി മാത്രമേ ഉള്ളൂ എന്നതാണ് ചർച്ച ചെയ്യപ്പെടേണ്ടതെന്ന് 1977ൽ ദേവസ്വം മന്ത്രിയായിരുന്ന കോൺഗ്രസ്, ദലിത് നേതാവ് കെ.കെ. ബാലകൃഷ്ണന്റെ മകൻ കെ.ബി. ശശികുമാർ പറഞ്ഞു. 'സിപിഎം പോലെയുള്ള ഒരു പ്രസ്ഥാനം ചരിത്രത്തില്‍ ഇന്നേവരെ ഒരു ദലിതനെ പോളിറ്റ് ബ്യൂറോയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ചർച്ച ചെയ്യപ്പെടണം, ഇതുവരെ അധികാരത്തിൽ വന്ന ഒരു സംസ്ഥാനങ്ങളിലും ഒരു ദലിത് മുഖ്യമന്ത്രിയോ ഒരു ദലിത് പാർട്ടി സെക്രട്ടറിയോ അവർക്ക് ഉണ്ടായിരുന്നില്ല എന്നത് ചർച്ച ചെയ്യപ്പെടണം. ഇത് അഭിമാനിക്കാനുള്ള നിമിഷമല്ല, പുനർവിചിന്തനം നടത്തേണ്ട സമയമാണ്. ചരിത്രം തിരുത്തേണ്ടത് വിക്കിപീഡിയ പേജുകൾ തിരുത്തിയല്ല, ചരിത്രപരമായ തീരുമാനങ്ങൾ എടുത്തുകൊണ്ടാകണം'' -അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി മന്ത്രിസഭയിൽ മുന്നാക്ക സവർണ വിഭാഗങ്ങൾക്കാണ് ആധിപത്യം. അതേസമയം ദലിത്, മുസ്ലിം വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതത്തിന്‍റെ പാതിമാത്രമാണ് പ്രാതിനിധ്യം ലഭിച്ചത്. സംസ്ഥാനത്തെ ജനസംഖ്യയിൽ 12.5 ശതമാനമാണ് നായർ വിഭാഗം. എന്നാൽ, സി.പി.എമ്മിന് ലഭിച്ച 12 മന്ത്രിമാരിൽ അഞ്ചുപേരും (41.67 ശതമാനം) നായർ വിഭാഗത്തിൽനി ന്നുള്ളവരാണ്. പി. രാജീവ്, കെ.എൻ. ബാലഗോപാൽ, വി. ശിവൻ കുട്ടി, ആർ. ബിന്ദു എന്നിവർ. ഇതിനു പുറമെ സ്പീക്കർ എം.ബി. രാജേഷും നായർ വിഭാഗത്തിൽപെടും. സി.പി.ഐക്ക് ലഭിച്ച നാലു മന്ത്രിമാരിൽ മൂന്നു പേരും (75 ശതമാനം) നായർ വിഭാഗക്കാരാണ്. പി. പ്രസാദ്, കെ. രാജൻ, ജി.ആർ. അനിൽ എന്നിവർ. ചീഫ് വിപ്പായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ എൻ. ജയരാജനും നായർ സമുദായക്കാരനാണ്.
എന്നാൽ, 26.9 ശതമാനമുള്ള മുസ്ലിം വിഭാഗത്തിന് ലഭിച്ചത് 14.28 ശതമാനം പ്രാതിനിധ്യം മാത്രമാണ്. സി.പി.എമ്മിലെ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാൻ, ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിൽ എന്നീ മൂന്നുപേരാണ് മന്ത്രിസഭയിലുള്ളത്. ജനസംഖ്യയുടെ 9.1ശതമാ നമുള്ള പട്ടികജാതി വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനം മാത്രമാണ് കിട്ടിയത്. അതായത് 4.15 ശതമാനം പ്രാതിനിധ്യം. സി.പി.എമ്മിലെ കെ. രാധാകൃഷ്ണനാണ് പട്ടിക ജാതി വിഭാഗത്തിൽനിന്നുള്ള ഏക മന്ത്രി. ആദിവാസി വിഭാഗത്തിൽനിന്ന് ഒരാൾ പോലും മന്ത്രിസഭയിലില്ല. സംസ്ഥാന ജനസംഖ്യയിൽ 18 ശതമാനമുള്ള ക്രിസ്ത്യൻ വിഭാഗത്തിൽ മന്ത്രിസഭയിൽ 19.05 ശതമാനം പ്രാതിനിധ്യം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.