ഡാം തുറക്കൽ അരികെ; പ്രളയാശങ്കയിൽ പെരിയാർ തീരം
text_fieldsതൊടുപുഴ: ഇടുക്കി ഡാം തുറന്നുവിടാൻ നടപടി തുടങ്ങിയതോടെ പെരിയാർ തീരദേശവാസികളുടെ നെഞ്ചിൽ തീ. ജീവന് സംരക്ഷണം നൽകുമെന്ന് അധികൃതർ പറയുേമ്പാഴും കുത്തിയൊലിച്ചു വരുന്ന വെള്ളം തങ്ങളുടെ വീടുകൾക്കും കൃഷിക്കും നാശം വിതക്കുമെന്ന ഭീതി ഇവിടുത്തുകാരെ വിെട്ടാഴിയുന്നില്ല. വെള്ളപ്പൊക്ക ഭീതിയിൽ കഴിയുന്നത് നാനൂറ്റമ്പതോളം കുടുംബങ്ങളാണ്. മാറിതാമസിക്കണമെന്ന് റവന്യൂ അധികൃതർ നോട്ടീസ് നൽകിയാൽ എങ്ങോട്ടുമാറുമെന്നും ഇവർ ചോദിക്കുന്നു. 1992ൽ അണക്കെട്ട് തുറന്നുവിട്ടപ്പോൾ നൂറുകണക്കിനാളുകളുടെ കൃഷിയും വളർത്തുമൃഗങ്ങളും ഇല്ലാതായെങ്കിൽ ഇത്തവണ അതിെൻറ ഇരട്ടിയിലധികമാകും നാശനഷ്ടം.
250 കെട്ടിടങ്ങൾ ഇപ്പോൾതന്നെ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആയിരത്തോളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടി വരുമെന്നാണ് റവന്യൂ അധികൃതരുടെ പ്രാഥമിക കണക്ക്. വർഷങ്ങളായി ഇടുക്കി അണക്കെട്ട് തുറന്നുവിടാത്തതിനാൽ വെള്ളം ഒഴുകിപ്പോകേണ്ട സ്ഥലങ്ങളിൽ പലരും കൃഷിയിറക്കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബിയും സമ്മതിക്കുന്നു. ഇത് കൈയേറ്റമാണെന്നും ഇൗ നഷ്ടത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു കഴിഞ്ഞു.
1992ൽ ഡാം തുറന്നപ്പോഴത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ആർച് ഡാമിെൻറ താഴ്വാരമായ ചെറുതോണി ഇപ്പോൾ ജില്ലയിലെ തിരക്കേറിയ പട്ടണങ്ങളിലൊന്നാണ്. ഏറെ പഴക്കമുള്ള ചെറുതോണി പാലവും തടിയമ്പാട് ചപ്പാത്തും അണക്കെട്ടിൽനിന്ന് മിനിറ്റുകൾക്കകം എത്തുന്ന വെള്ളപ്പാച്ചിലിനെ അതിജീവിക്കുമോ എന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.
വെള്ളം കയറുന്നതോടെ ഒറ്റപ്പെട്ടുപോകുന്ന പ്രദേശങ്ങളുമുണ്ട്. ചെറുതോണി ബസ് സ്റ്റാൻഡിൽ വെള്ളം കയറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.