ചുഴലിക്കാറ്റിൽ കാറിന് മുകളിൽ തെങ്ങ് വീണു; നാല് വീടുകൾ തകർന്നു
text_fieldsകേളകത്തും ഉളിക്കലും വ്യാപക നാശനഷ്ടം
ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിലെ മുണ്ടാന്നൂരിൽ ഞാറാഴ്ച വൈകീട്ടുണ്ടായ ചുഴലിക്കാറ്റിൽ നാല് വീടുകൾ തകർന്നു. വ്യാപക കൃഷിനാശമുണ്ടായി. കാറ്റിൽ മരം വീണും മേൽക്കൂരയുടെ ആസ്ബസ്റ്റോസ് പാറിപ്പോയുമാണ് വീടുകൾക്ക് നാശം ഉണ്ടായത്. ബിനു എടവകകുന്നേൽ, ചിറപുറത്ത് ടോമി, എടവകകുന്നേൽ കൊച്ച് എന്നിവരുടെ വീടുകൾക്കാണ് നാശം നേരിട്ടത്. സുരേഷ് എടവെൻറ കാർ പോർച്ചിൽ നിർത്തിയിട്ട കാറിനു മുകളിൽ തെങ്ങ് വീണ് കാർ തകർന്നു.
റബ്ബർ, വാഴ, കശുമാവ്, പ്ലാവ്, കപ്പ, തെങ്ങ് എന്നിവയും കാറ്റിൽ നിലംപൊത്തി. കാളിപ്ലാക്കൽ രാജീവിെൻറ 200 വാഴകളും കാറ്റിൽ നശിച്ചു. കാറ്റിൽ മരം വീണ് മുണ്ടാന്നൂർ -വാതിൽമട റോഡും സമീപത്തെ മറ്റ് റോഡുകളിലെയും ഗതാഗതം നിലച്ചു. വൈദ്യുതി ലൈനിനു മുകളിൽ മരം വീണ് മേഖലയിൽ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. ചുഴലിക്കാറ്റിനോടൊപ്പം കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായിരുന്നു. കാറ്റിൽ മേഖലയിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. നാശനഷ്ടം നേരിട്ട പ്രദേശം പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഷാജി, പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി പുതുശ്ശേരി, ഒ.വി. ഷാജു, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ.ജെ. ജോസഫ് എന്നിവർ സന്ദർശിച്ചു.
കേളകം: കേളകം പഞ്ചായത്ത് ഏഴാം വാർഡ് ശാന്തിഗിരിയിൽ ശനിയാഴ്ച രാത്രിയുണ്ടായ അപ്രതീക്ഷിത ചുഴലിക്കാറ്റിൽ വ്യാപകമായി കൃഷി നശിച്ചു. വിളവെടുപ്പിന് പാകമായ നൂറുകണക്കിന് നേന്ത്രവാഴക്കുലകളാണ് കാറ്റിൽ നിലംപതിച്ചത്. ശനിയാഴ്ച രാത്രി 7.30 ഓടെയാണ് ചുഴലിക്കാറ്റ് അടിച്ചത്. ശാന്തിഗിരിയിലെ ഇടമനതടത്തിൽ ദിനേശൻ, സുരേഷ്, കോയിപ്പുറം ജിജി, ആലുമറ്റം ബിനു എന്നിവരുടെ ആയിരത്തിലധികം നേന്ത്രവാഴകളാണ് നശിച്ചത്. ഇതിൽ ദിനേശെൻറ മാത്രം 600 വാഴകൾ നശിച്ചിട്ടുണ്ട്. എല്ലാവരുടെ വിളവെടുപ്പിന് പാകമായ കുലകളാണ് നശിച്ചത്.
കടം വാങ്ങിയും ലോണെടുത്തുമാണ് ദിനേശനും മറ്റ് കർഷകരും കൃഷിയിറക്കിയത്. എന്നാൽ നട്ട പകുതിയിലേറെ കുലകൾ നശിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണിവർ.
കാറ്റിൽ നശിച്ച സ്ഥലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലെക്കൂറ്റ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടം, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനും വാർഡംഗവുമായ സജീവൻ പാലുമ്മി എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.